മനോരമന്യൂസ് സംഘടിപ്പിച്ച കാൻസറിനെതിരെയുള്ള കാംപെയിൻ കേരളകാനിൽ പാട്ടുപാടി മഞ്ജുവാര്യർ ആരാധകരെ ശരിക്കും ഞെട്ടിച്ചു. രതീഷ് വേഗയാണ് ആ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. കേരളകാനിൽ മഞ്ജുവാര്യരെക്കൊണ്ട് പാട്ടുപാടിച്ച അനുഭവം രതീഷ് വേഗ പങ്കുവയ്ക്കുന്നു:
മനോരമന്യൂസ് സംഘടിപ്പിച്ച കേരളകാനിന്റെ ഫസ്റ്റ് സീസണിലും ഞാൻ ഭാഗമായിരുന്നു. അന്ന് തീംസോങ്ങ് അവതിരിപ്പിച്ചതും ഇൗണമിട്ടതും ഞാൻ തന്നെയാണ്. അന്ന് നടി മംമ്ത മോഹൻദാസും പാടിയിരുന്നു. കേരളകാൻ കാപംയിന്റെ സീസൺ ടുവിലെ സമാപനത്തോട് അനുബന്ധിച്ചു നടന്ന മൂന്നുമണിക്കൂർ നീണ്ട ലൈവത്തോണിന്റെ അവതാരക മഞ്ജുവാര്യരായിരുന്നു. ഇൗ പരിപാടിയുടെ ബ്രാൻഡ് അംബാസിഡറും മഞ്ജുവാര്യരായിരുന്നു.
മനോരമന്യൂസ് കോഡിനേറ്റിങ് എഡിറ്റർ റോമി മാത്യുവിന്റെ ആശയമായിരുന്നു മഞ്ജുവിനെക്കൊണ്ട് പാടിക്കുക എന്നത്. മഞ്ജുച്ചേച്ചിക്ക് ആദ്യം ഇത് കേട്ടപ്പോൾ കുറച്ച് ആശങ്കയൊക്കെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ ഒകെ പറഞ്ഞു. ഇതൊരു സ്റ്റൈലിഷ് ഗാനമോ, വലിയ സിനിമാഗാനമോ ഒന്നുമല്ല. നമ്മുടെ കാൻസറിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. പോരാട്ടത്തിന്റെ പാട്ടാണ്. രോഗത്തോട് പോരാടുന്നവർക്ക് കരുത്തു പകരുന്ന പാട്ടാണ്. എന്തായാലും മഞ്ജുച്ചേച്ചി ഭംഗിയായി പാടി.
ഇപ്പോൾ എന്റെ ഫോണിലേക്ക് അഭിനന്ദന പ്രവാഹമാണ്. ദേവാസുരം സിനിമയിലെ ഭാനുമതിയമ്മ (യഥാർഥ ഭാനുമതി)യാണ് എന്നെ ആദ്യം വിളിച്ചത്. മോനേ ആ പാട്ട് എന്റെ ഹൃദയത്തിൽ തട്ടിയെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. അതാണ് ആദ്യമായി ലഭിച്ച അഭിനന്ദനം. ഇൗ പരിപാടി തരുന്ന ആത്മസംതൃപ്തി വളരെ വലുതാണ്. ഇൗ ലോകത്ത് മനുഷ്യനായി ജീവിച്ചിരുന്നു വെന്നതിന്റെ തെളിവാണ് ഇൗ പാട്ട്. മ്യൂസിക്ഡയറക്ടർ എന്ന നിലയിലോ സിനിമാക്കാരനെന്ന നിലയിലോ ഒന്നുമല്ല മരിച്ചു കഴിയുമ്പോൾ എന്നെ രേഖപ്പെടുത്തേണ്ടത്. അത് ഇത്തരം ചില സംരംഭങ്ങളിലൂടെയാണ്, രതീഷ് വേഗ മനോരമ ഒാൺലൈനോട് പറഞ്ഞു.