ബോളിവുഡിന്റെ പ്രണയഗാനങ്ങളിൽ പലതും നമ്മുടെ മനസുകീഴടക്കിയവയാണ്. ആദ്യ പ്രണയത്തിന്റെ ഓർമകളുടെ സുഗന്ധം പോലെ നൈർമല്യമായ ഈണങ്ങൾ. അതുകൊണ്ടു തന്നെ ദശാബ്ദങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഗാനങ്ങൾ പോലും ഇന്നുമങ്ങനെ മനസിന്റെയുള്ളിൽ മൂളിനടപ്പുണ്ട്. പുതിയ കാല ബോളിവുഡ് ചിത്രങ്ങൾക്ക് അത്തരം പാട്ടുകൾ നൽകാനാകുന്നില്ലെന്ന നമ്മുടെ സങ്കടങ്ങൾക്ക് മറുപടിയായി ഇടയ്ക്കിടെ അങ്ങനെ ചില ഗാനങ്ങളെത്താറുമുണ്ട്. അത്തരത്തിലൊരു പാട്ടാണ് ഇത്തവണ മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിലുള്ളത്. ജഗ് ഗൂമെയാ...എന്ന ഗാനം.
മെലഡി ഗാനത്തെ കുറച്ചു കൂടി പതിയെ, ഭാവാർദ്രമായി ഗായത്രി പാടിത്തരുന്നു. "സിനിമ മേഖലയിൽ നിന്ന് ഇത്തരം മെലഡികൾ അധികം ഇപ്പോൾ പുറത്തിറങ്ങാറില്ലല്ലോ. ഇത്രമാത്രം മനസു തൊടുന്ന മെലഡികളും കുറവാണ്. നാടോടി സംഗീത ശൈലിയും കൂടി കൂട്ടിക്കലർത്തി മനോഹരമായാണ് പാട്ട് തീർത്തിരിക്കുന്നതും. അതാണ് ഈ പാട്ട് തെരഞ്ഞെടുക്കുവാന്‍ കാരണം." ഗായത്രി പറഞ്ഞു രാഹെത് ഫത്തേ അലി ഖാൻ പാടിയ ഒരു വേര്‍ഷനും നേഹ ഭാസിന്‍ പാടിയ മറ്റൊരു വേർഷനുമുണ്ട്. നേഹ ഭാസിന്‍ പാടിയതാണ് ഞാൻ ഇവിടെ പാടിയത്. കുറച്ചു കൂടി സ്ലോ വേർഷൻ. ബോളിവുഡിൽ നിന്നെത്തിയ പുതിയ നല്ല മെലഡിയെ ഞാൻ എന്റേതായൊരു രീതിയിൽ മാറ്റിപ്പാടുകയാണുണ്ടായത്. ഗായത്രി പറഞ്ഞു.
പോയവർഷം പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം സുല്‍ത്താനിലെ പാട്ടാണിത്. ഗുസ്തിക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളെ ആവിഷ്കരിച്ച ചിത്രത്തിലെ പാട്ട്. ഉശിരിന്റെയും മനക്കരുത്തിന്റെയും കളിക്കളത്തിൽ നിന്ന്, ഗോദയിൽ നിന്ന് ഉയർന്നുപൊന്തുന്ന മണ്ണ് തീർക്കുന്ന കാഴ്ച പോലെ മനസിൽ നിന്ന് മായാതെ അന്നേ ഈ പാട്ട് നമുക്കൊപ്പമുണ്ട്. വിശാൽ-ശേഖർ സഖ്യം സംഗീതം നൽകിയ ഗാനം ഇർഷാദ് കമീലാണ് എഴുതിയത്.
Read More:Music Shots