ആദ്യമായി പിന്നണി പാടിയ ഗാനത്തിലൂടെ ദേശീയ പുരസ്‌കാരം നേടുക എന്ന ഭാഗ്യം അധികം ആളുകൾക്ക് ലഭിക്കുന്നതല്ല. എന്നാൽ, കാതലനിലെ എന്നവളെ അടി എന്നവളെ... എന്ന ഗാനം പി ഉണ്ണികൃഷ്ണൻ പാടിയപ്പോൾ അത് ചരിത്രമായി. പിന്നണി പാടിയ ആദ്യ ഗാനത്തിലൂടെ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച പി ഉണ്ണികൃഷ്ണന് ഇന്ന് 49-ാം പിറന്നാൾ.
1966 ജൂലൈ ഒമ്പതിന് പാലക്കാട് ജില്ലയിലെ താരേക്കാട് കെ.രാധാകൃഷ്ണന്റേയും ഡോ ഹരിണി രാധാകൃഷ്ണന്റേയും മകനായ ജനിച്ച ഉണ്ണികൃഷ്ണൻ തമിഴിനും തെലുങ്കിനും മലയാളത്തിനും ഒരുപോലെ പ്രിയപ്പെട്ട ഗായകനാണ്. മലയാളത്തിൽ വളരെ കുറച്ച് ഗാനങ്ങളെ പി ഉണ്ണികൃഷ്ണൻ പാടിയിട്ടുള്ളുവെങ്കിലും അവയിൽ എന്നും ഓർമ്മയിൽ നിൽക്കുന്ന നിരവധി ഗാനങ്ങളുണ്ട്. 12 ാം വയസിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ ഉണ്ണികൃഷ്ണന്റെ ആദ്യഗുരു വി എൽ ശേഷാദ്രിയായിരുന്നു. പിന്നീട് സംഗീത കലാനിധി ഡോ. ആർ രാമനാഥൻ, സാവിത്രി സത്യമൂർത്തി എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
1994 ൽ പുറത്തിറങ്ങിയ ശങ്കർ ചിത്രം കാതലനിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം തേടി എത്തുമ്പോൾ ഉണ്ണകൃഷ്ണന് 28 വയസ്. പിന്നീട് ഇളയരാജ്, റഹ്മാൻ, ദേവ, കാർത്തിക്ക് രാജ, ഹാരിസ് ജയരാജ് തുടങ്ങിയ സംഗീതസംവിധായകരുടെ സംഗീതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 1500 ൽ അധികം പാട്ടുകൾ പാടിയിട്ടുള്ള ഉണ്ണികൃഷ്ണന്റെ പാട്ടുകൾ കൂടുതലും തമിഴ് സിനിമകൾക്ക് വേണ്ടിയുള്ളതായിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ കലെയ്മാമണി പുരസ്‌കാരവും. ഇശൈയ് പേരൊളി, യുവ കലാ ഭാരതി, നാദ ഭൂഷണം തുടങ്ങിയ പുരസ്‌കാരങ്ങളും പി ഉണ്ണികൃഷ്ണനെ തേടി എത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്റെ ഹിറ്റ് ഗാനങ്ങൾ
എന്നവളെ അടി എന്നവളെ (കാതലൻ)
തെൻമേർക്കു പരുവകാട്ര് (കറുത്തമ്മ)
നറു മുഖയേ (ഇരുവർ)
റോജ റോജാ (കാതലർ ദിനം)
ഹൈറ ഹൈറ (ജീൻസ്)
പൂവുക്കുൾ ( ജീൻസ്)
മാർഗഴി തിങ്കളല്ലവ (സംഗമം)
ഇന്നിശൈ പാടിവരും (തുള്ളാത മനവും തുള്ളും)
റോജ പൂന്തോട്ടം (കണ്ണുക്കുൾ നിലവ്)
സിൽ സിൽ സില്ലല (ഉന്നൈ നിനൈത്ത്)