എയ്ഡഡ് സ്കൂൾ നിയമനം പിഎസ്‌സിക്കു വിടണം: കമ്മിഷൻ

തിരുവനന്തപുരം∙ എയ്ഡഡ് സ്കൂൾ നിയമനം പിഎസ്‌സിക്കോ പ്രത്യേക റിക്രൂട്മെന്റ് ബോർഡിനോ വിടണമെന്ന് പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിർദേശിക്കുന്നതിനു കെഎസ്ടിഎ നിയോഗിച്ച പൊതുവിദ്യാഭ്യാസ കമ്മിഷൻ ശുപാർശ ചെയ്തു.

കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിർദേശങ്ങൾ പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. മുഴുവൻ വിദ്യാർഥികളുടെയും എല്ലാവിധ കഴിവുകളെയും പരിപോഷിപ്പിക്കുന്ന വിധത്തിൽ സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റിയെടുക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു.

ഇതിന് അനുസരിച്ച് അധ്യാപക യോഗ്യത, പരിശീലനം, സ്കൂൾ സമയം, ഉള്ളടക്കം എന്നിവ മാറണം. ഏറ്റവും മികച്ചവരാണ് അധ്യാപകരായി എത്തുന്നതെന്ന് ഉറപ്പാക്കണമെങ്കിൽ നിയമനം പിഎസ്‌സി വഴിയോ റിക്രൂട്മെന്റ് ബോർഡ് മുഖാന്തരമോ ആകണം.

അധ്യയനത്തിന് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രഫ. ജെ.പ്രസാദ്, പ്രഫ. എം.എ.ഖാദർ, ഡോ. സി.പി.ചിത്ര, ഡോ. പി.സത്യനേശൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവർ ചേർന്നാണു റിപ്പോർട്ട് തയാറാക്കിയത്.