തിരുവനന്തപുരം∙ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളെ പഠനത്തിൽ സഹായിക്കാൻ സർവശിക്ഷാ അഭിയാനു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരിൽ നാനൂറോളം പേരുടെ പുനർനിയമനം വൈകുന്നു. റിസോഴ്സ് അധ്യാപകർക്കു ശമ്പളം നൽകാൻ ധനവകുപ്പിൽ നിന്നു പ്രത്യേക ഫണ്ട് അനുവദിക്കുന്നതിലെ താമസമാണു പ്രശ്നം.
പണം നൽകാമെന്നു ധനവകുപ്പിൽ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ പുനർനിയമനം നടത്തുമെന്നുമാണ് എസ്എസ്എ അധികൃതരുടെ നിലപാട്. അധ്യയനവർഷം തുടങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും റിസോഴ്സ് അധ്യാപകരില്ലാത്തതിനാൽ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്ന ഭിന്നശേഷിക്കാരുടെ പഠനം പ്രതിസന്ധിയിലായി.
കഴിഞ്ഞ വർഷം 491 റിസോഴ്സ് അധ്യാപകരെ പുനർനിയമിക്കാൻ ധനവകുപ്പ് 10 കോടി രൂപ അനുവദിച്ചിരുന്നു. എസ്എസ്എക്കു കീഴിൽ ജോലി ചെയ്തിരുന്ന 1286 റിസോഴ്സ് അധ്യാപകരിൽ, കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എണ്ണൂറോളം പേരുടെ കരാർ മാത്രമേ പുതുക്കിയിട്ടുള്ളൂ. റിസോഴ്സ് അധ്യാപകരുടെ സർവീസ് ക്രമപ്പെടുത്താൻ സർക്കാർ സ്കീം രൂപീകരിക്കണമെന്നു കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നടപ്പായില്ല.
നിശ്ചിത യോഗ്യതയും 10 വർഷം സർവീസുമുള്ളവരെ ക്രമപ്പെടുത്താനാണു സ്കീം രൂപീകരിക്കേണ്ടത്. ഇത്തരക്കാർക്കു മറ്റ് അധ്യാപകർക്കൊപ്പം റെഗുലർ ശമ്പള സ്കെയിലും സർവീസ് ആനുകൂല്യങ്ങളും നൽകുന്ന കാര്യം സ്കീമിൽ പരിഗണിക്കണമെന്നും സ്കീം രൂപീകരിക്കുന്നതു വരെ യോഗ്യതയുള്ളവരെ പിരിച്ചുവിടരുതെന്നും കോടതി നിർദേശിച്ചിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല.