തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്നും നാളെയുമാണു പ്രവേശനം. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ നാളെ വൈകിട്ട് അഞ്ചിനു മുൻപ് ഫീസ് അടച്ചു സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിക്കുന്നവർക്കു താൽക്കാലിക പ്രവേശനമോ, സ്ഥിരപ്രവേശനമോ നേടാം.
അലോട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സ്പോർട്സ് ക്വോട്ട, സ്പെഷൽ അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. ആകെയുള്ള 2.88 ലക്ഷം സീറ്റിൽ 2.37 ലക്ഷം സീറ്റിലേക്കാണ് ആദ്യഘട്ട അലോട്മെന്റ്. ഒഴിഞ്ഞുകിടക്കുന്ന 51,034 സീറ്റുകളിൽ ഭൂരിഭാഗവും സംവരണ വിഭാഗത്തിൽപെട്ടവയാണ്.
ജനറൽ സീറ്റുകളിൽ, ഇടുക്കിയിലെ 33 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ആകെ 4.96 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. അലോട്മെന്റ് ലഭിച്ചവർ താൽക്കാലിക പ്രവേശനം നേടിയില്ലെങ്കിൽ അടുത്ത അലോട്മെന്റിൽ പരിഗണിക്കില്ല.
ആദ്യ അലോട്മെന്റിൽ ഇടം ലഭിക്കാത്തവർ അടുത്ത അലോട്മെന്റിനായി കാക്കണം. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്ന് അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് എടുക്കണം. പ്രവേശന സമയത്തു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി.