തിരുവനന്തപുരം ∙ ഈ വർഷം സിബിഎസ്ഇ പത്താംക്ലാസ് വിജയിച്ചവർ സംസ്ഥാന സിലബസിൽ പ്ലസ് വണ്ണിന് അപേക്ഷിക്കുമ്പോൾ ബോർഡ് പരീക്ഷയാണ് എഴുതിയതെന്ന സത്യവാങ്മൂലം കൂടി സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. എന്നാൽ 2018 മാർച്ചിനു മുൻപു സിബിഎസ്ഇ സിലബസിൽ യോഗ്യത നേടിയവർക്ക് ഈ നിബന്ധന ബാധകമാണ്. അവർ 50 രൂപ മുദ്രപ്പത്രത്തിൽ സാക്ഷ്യപത്രം കൂടി സമർപ്പിക്കണമെന്ന് ഹയർ സെക്കൻഡറി ഡയറക്‌ടറുടെ സർക്കുലറിൽ പറയുന്നു.
സിബിഎസ്‍ഇ ഇൗ വർഷം മുതൽ പത്താം ക്ലാസിൽ ബോർഡ് പരീക്ഷ മാത്രമേ നടത്തുന്നുള്ളൂവെന്നിരിക്കെ ഇൗ നിബന്ധന അപ്രസക്തമാണെന്നു ചൂണ്ടിക്കാട്ടി ഇന്നലെ മനോരമ വാർത്ത നൽകിയിരുന്നു. സംസ്ഥാനത്തു ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾക്കു കടുത്ത ക്ഷാമമുള്ളതിനാൽ, നിബന്ധന ഒഴിവാക്കുന്നത് രക്ഷാകർത്താക്കൾക്ക് ആശ്വാസമാണ്.
ഇന്ന് അഞ്ചു മണി വരെ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാൻ ഇന്നു വൈകിട്ട് അഞ്ചു മണി വരെയാണു സമയം. ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ സ്കൂളുകളിലെ കംപ്യൂട്ടർ ലാബ്/ ഇന്റർനെറ്റ് സൗകര്യം ലഭിക്കും. മാർഗനിർദേശങ്ങൾ നൽകുന്നതിന് അധ്യാപകരുടെ സേവനവും സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരുക്കിയിട്ടുണ്ട്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനായി ഇന്നു വൈകിട്ട് അഞ്ചു മണിക്കു മുൻപു സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയിൽ തെറ്റു കണ്ടെത്തിയാൽ പ്രിന്റൗട്ടും രേഖയും വെരിഫിക്കേഷനു സമർപ്പിക്കുന്ന സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു തിരുത്താം.