തിരുവനന്തപുരം∙ ഏകജാലക രീതിയിലൂടെ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയവർക്കു കോംബിനേഷൻ മാറ്റത്തിനും സ്കൂൾ മാറ്റത്തിനും കോംബിനേഷൻ മാറ്റത്തോടുകൂടിയ സ്കൂൾ മാറ്റത്തിനും അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്കു സ്കൂൾ/കോംബിനേഷൻ മാറ്റത്തിനായി അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. സ്പോർട്സ്/മാനേജ്മെന്റ്/കമ്യൂണിറ്റി ക്വോട്ടകളിൽ പ്രവേശനം നേടിയവർക്കു മെറിറ്റ് സീറ്റുകളിലേക്കു സ്കൂൾ മാറ്റമോ കോംബിനേഷൻ മാറ്റമോ അനുവദിക്കില്ല. ആദ്യഘട്ട സ്കൂൾ/കോംബിനേഷൻ മാറ്റങ്ങൾക്കു നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ നാളെ ഉച്ചയ്ക്ക് www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 25ന് ഉച്ചയ്ക്കു രണ്ടു വരെ സ്കൂൾ/കോംബിനേഷൻ മാറ്റത്തിനു സ്കൂളിൽ അപേക്ഷ സമർപ്പിക്കാം.
മാറ്റങ്ങൾ അനുവദിച്ചശേഷമുള്ള ഒഴിവുകൾ 28നു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്കു നേരത്തേ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും പുതിയ അപേക്ഷ നൽകിയിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും വീണ്ടും പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. ഒപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകാം. ഫോമും കൂടുതൽ നിർദേശങ്ങളും പിന്നീടു പുറപ്പെടുവിക്കും.