തിരുവനന്തപുരം∙ അഞ്ചു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് കൂടി ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ 21 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളുടെയും ഫീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ഫീസ് കൂടി തീരുമാനിച്ചാൽ മതി.
അൽ അസ്ഹർ മെഡിക്കൽ കോളജ് തൊടുപുഴ, കണ്ണൂർ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടി, ഗോകുലം മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ തിരുവനന്തപുരം, അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കൊല്ലം, എംഇഎസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ രണ്ടു വർഷത്തെ ഫീസ് ആണ് കമ്മിറ്റി ഒന്നിച്ചു നിശ്ചയിച്ചത്.
2017–18 വർഷം ഈ അഞ്ചു മെഡിക്കൽ കോളജുകളിലും 4.85 ലക്ഷവും 2018–19 വർഷം 5.6 ലക്ഷവുമായിരിക്കും വാർഷിക ഫീസ്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾക്ക് അനുവദിച്ച അതേ ഫീസ് ആണ് ഇവർക്കും അനുവദിച്ചത്. കോഴ്സ് അവസാനിക്കുന്നതുവരെ വിദ്യാർഥി ഈ തുക നൽകിയാൽ മതിയാകും.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻആർഐ ഫീസ് കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ച ഉത്തരവു പിന്നീട് ഉണ്ടാകും.
അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ 2016–17 വർഷത്തെ ഫീസ് മൂന്നു ലക്ഷം രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവു കമ്മിറ്റി ഇറക്കിയിട്ടുണ്ട്. അന്നു പഴയ സ്വാശ്രയ നിയമമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വലിയ തുക ഫീസ് ആയി ഈടാക്കിയിട്ടുണ്ടെന്നും അധിക തുക തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പരിയാരത്തെ ഫീസ് തീരുമാനിച്ചശേഷം സ്വാശ്രയ ഡെന്റൽ കോളജുകളുടെ ഫീസ് നിർണയത്തിലേക്കു രാജേന്ദ്രബാബു കമ്മിറ്റി കടക്കും. ഒപ്പം പിജി മെഡിക്കൽ കോഴ്സുകളുടെ ഫീസും നിശ്ചയിക്കേണ്ടതുണ്ട്.
നേരത്തേ ഫീസ് പ്രഖ്യാപിച്ച സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പലതും രാജേന്ദ്രബാബു കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും അന്തിമ ഫീസ്.