സൂറിക് ∙ രുചിയിലെ മധുരം ലേശം കുറയ്ക്കാനുള്ള പുറപ്പാടിലാണ് കോക്ക കോള. മൂന്നു വർഷത്തിനുള്ളിൽ പാനീയത്തിലെ പഞ്ചസാരയുടെ അളവ് പടിപടിയായി 10% വരെ കുറയ്ക്കും. ലോകാരോഗ്യ സംഘടനയുടെയും, യൂറോപ്യൻ സോഫ്റ്റ് ഡ്രിങ്ക്സ് നിർമാതാക്കളുടെ സംഘടനയായ യുനെസ്‌ഡയുടെയും നിർദേശം മാനിച്ചാണ് നടപടി.
ചേരുവയിൽ പടിപടിയായി മാറ്റം വരുത്തേണ്ടതിനാൽ, പാനീയത്തിലെ പഞ്ചസാരയുടെ അളവിന്റെ വിവരങ്ങൾ പാക്കിങ് ലേബലിൽ കുറച്ചുകാലത്തേക്ക് ഒഴിവാക്കാനാണ് തീരുമാനം.
മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഊർജത്തിന്റെ 10 ശതമാനത്തിലധികം പഞ്ചസാര വഴി നികത്തരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. യുനെസ്‌ഡക്ക് കീഴിൽ വരുന്ന യൂറോപ്യൻ ശീതള പാനീയ നിർമാതാക്കൾ 2015 വരെയുള്ള 15 വർഷം പഞ്ചസാരയുടെ അളവിൽ 12% കുറവ് നേരത്തെ തന്നെ നടപ്പാക്കിയിരുന്നു. ഇതിനു പുറമെയാണ് 2020 നുള്ളിൽ വീണ്ടും 10% കൂടി കുറയ്ക്കുന്നത്.