ടോക്കിയോ∙ ശീതളപാനീയ വിപണിയിൽ മത്സരം മുറുകിയതോടെ പുത്തൻ പരീക്ഷണങ്ങളുമായി കോക്ക കോള. ആൽക്കഹോൾ ചേർന്ന ശീതളപാനീയം പുറത്തിറക്കാനാണു കമ്പനി തീരുമാനം. എന്നാൽ ജപ്പാനിൽ മാത്രമായിരിക്കും ഇത് പുറത്തിറക്കുക. അവിടെ നിലവിലുള്ള ‘ആൽക്കഹോളിക്’ ശീതളപാനീയ വിപണി പിടിച്ചെടുക്കുകയാണു ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായാണ് കോക്ക കോള ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങുന്നത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
വീര്യം കൂടിയ മദ്യവുമായി ചേർത്ത് ശീതളപാനീയം തയറാക്കാനല്ല കമ്പനി ശ്രമിക്കുന്നത്. മറിച്ച് ജപ്പാനിൽ പ്രശസ്തമായ ചു–ഹൈ പാനീയ വിപണിയാണു ലക്ഷ്യം. ഷൊഷു എന്നറിയപ്പെടുന്ന വീര്യം കുറഞ്ഞ മദ്യത്തിൽ പലതരം രുചികരങ്ങളായ വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും സോഡയുമെല്ലാം ചേർത്തു തയാറാക്കുന്നതാണു ചു–ഹൈ. ചെറുനാരങ്ങയുടെ ഉൾപ്പെടെ രുചിയിൽ ഇതു ലഭ്യമാണ്. ഷൊഷുവിൽ 45 ശതമാനത്തിൽ താഴെയാണ് ആൽക്കഹോൾ. ചു–ഹൈയിലേക്കെത്തുമ്പോൾ വീര്യം 10 ശതമാനം വരെയായി കുറയും.
ബാർലി, മധുരക്കിഴങ്ങ് തുടങ്ങിയവയിൽ നിന്നാണു ഷൊഷു വാറ്റിയെടുക്കുന്നത്. ഷൊഷുവിനു പകരം വീര്യം കൂടിയ വോഡ്കയിൽ സുഗന്ധദ്രവ്യങ്ങളും മറ്റും ചേർത്തുള്ള ചു–ഹൈ പാനീയവും നിലവിൽ നിർമിക്കുന്നുണ്ട്. ജപ്പാനിൽ കോക്കിന് ഇടിവു സംഭവിക്കുന്നുണ്ടെന്നാണു സൂചന. അത്രയേറെ കമ്പനികളാണ് ജപ്പാന്റെ ശീതളപാനീയ വിപണിയിൽ ഇപ്പോഴുള്ളത്.