Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസരം കടുപ്പം; വീര്യം കുറഞ്ഞ ‘ആൽക്കഹോളിക്’ പാനീയവുമായി കോക്ക കോള

DEUTSCHLAND COCA-COLA

ടോക്കിയോ∙ ശീതളപാനീയ വിപണിയിൽ മത്സരം മുറുകിയതോടെ പുത്തൻ പരീക്ഷണങ്ങളുമായി കോക്ക കോള. ആൽക്കഹോൾ ചേർന്ന ശീതളപാനീയം പുറത്തിറക്കാനാണു കമ്പനി തീരുമാനം. എന്നാൽ ജപ്പാനിലെ വിപണിയിൽ മാത്രമായിരിക്കും നിലവിൽ ഇത് പുറത്തിറക്കുക. അവിടെ നിലവിലുള്ള ‘ആൽക്കഹോളിക്’ ശീതളപാനീയ വിപണി പിടിച്ചെടുക്കുകയാണു ലക്ഷ്യം. ചരിത്രത്തിൽ ഇതാദ്യമായാണ് കോക്ക കോള ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങുന്നത്. ഈ ശ്രേണിയിലുള്ള കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കാനും കമ്പനിക്കു നീക്കമുണ്ട്. എന്നാൽ ഉൽപന്നത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ കോക്ക കോള പുറത്തുവിട്ടിട്ടില്ല.

വീര്യം കൂടിയ മദ്യവുമായി ചേർത്ത് ശീതളപാനീയം തയറാക്കാനല്ല കമ്പനി ശ്രമിക്കുന്നത്. മറിച്ച് ജപ്പാനിൽ പ്രശസ്തമായ ചു–ഹൈ പാനീയ വിപണിയാണു ലക്ഷ്യം. ഷൊഷു എന്നറിയപ്പെടുന്ന വീര്യം കുറഞ്ഞ മദ്യത്തിൽ പലതരം രുചികരങ്ങളായ വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും സോഡയുമെല്ലാം ചേർത്തു തയാറാക്കുന്നതാണു ചു–ഹൈ. ചെറുനാരങ്ങയുടെ ഉൾപ്പെടെ രുചിയിൽ ഇതു ലഭ്യമാണ്. ഷൊഷുവിൽ 45 ശതമാനത്തിൽ താഴെ മാത്രമേ ആൽക്കഹോൾ ഉണ്ടാകുകയുള്ളൂ. ഇത് ചു–ഹൈയിലേക്കെത്തുമ്പോൾ വീര്യം 10 ശതമാനം വരെയായി കുറയും.

ബാർലി, മധുരക്കിഴങ്ങ് തുടങ്ങിയവയിൽ നിന്നാണു ഷൊഷു വാറ്റിയെടുക്കുന്നത്. ഷൊഷുവിനു പകരം വീര്യം കൂടിയ വോഡ്കയിൽ സുഗന്ധദ്രവ്യങ്ങളും മറ്റും ചേർത്തുള്ള ചു–ഹൈ പാനീയവും നിലവില്‍ നിർമിക്കുന്നുണ്ട്. ജപ്പാനിലുള്ളവരുടെ ‘വിശിഷ്ട പാനീയം’ എന്ന നിലയിലും ചു–ഹൈ പ്രശസ്തമാണ്.

എന്നാൽ ജപ്പാനിൽ പ്രതിവർഷം നൂറോളം പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്ന കോക്ക കോള ഇതു വരെ ഈ മേഖലയിൽ കൈവച്ചിരുന്നില്ല. അതിനാൽത്തന്നെ കമ്പനിയുടെ ഏറ്റവും പുതിയ നീക്കം കൗതുകത്തോടെയാണു വിപണി കാത്തിരിക്കുന്നതും. ജപ്പാനിൽ വിൽക്കുന്ന കോക്ക കോള ഉൽപന്നങ്ങളിൽ 25 ശതമാനവും ശീതളപാനീയമാണ്.

എന്നാൽ ഇതിൽ ഇടിവു സംഭവിക്കുന്നുണ്ടെന്നാണു സൂചന. അത്രയേറെ കമ്പനികളാണ് ജപ്പാന്റെ ശീതളപാനീയ വിപണി കീഴടക്കാൻ പുതുപരീക്ഷണങ്ങളുമായി കളം നിറയുന്നത്. ഈ മത്സരയോട്ടത്തിനിടെ പിന്നിലായിപ്പോകാതിരിക്കാനാണു ചു–ഹൈ വിപണിയിലേക്കും പ്രവേശിക്കുന്നതെന്ന് ജപ്പാനിലെ കോക്ക കോള കമ്പനി അധ്യക്ഷൻ ജോർജ് ഗാര്‍ഡുനോ പറഞ്ഞു.