തിരുവനന്തപുരം∙ സംസ്ഥാനത്ത് 200 രൂപയുടെയും 50 രൂപയുടെയും നോട്ടുകളുടെ വിതരണം റിസർവ് ബാങ്ക് ആരംഭിച്ചു. എസ്ബിഐക്കാണ് ആദ്യഘട്ടത്തിൽ നോട്ടുകൾ ലഭിച്ചത്. തലസ്ഥാനത്ത് എസ്ബിഐയുടെ ട്രഷറി, മെയിൻ ശാഖകളിൽ ഉച്ചയ്ക്കുശേഷം വിതരണം ചെയ്ത പുതിയ നോട്ടു കൈപ്പറ്റാൻ കാര്യമായ തിരക്കും അനുഭവപ്പെട്ടു. ഇന്നും നാളെയും ബാങ്ക് അവധി ആയതിനാൽ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ചയേ പുതിയ നോട്ടുകൾ ലഭ്യമാകൂ.
അതേസമയം എടിഎമ്മുകളിൽ ഉടൻ ഈ നോട്ടു നിറയ്ക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു നിർദേശവും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും മാറ്റം വരുത്തിയാൽ മാത്രമേ 200 രൂപ നിറയ്ക്കാൻ കഴിയൂ. നിലവിൽ 100, 500, 2000 നോട്ടുകളാണ് എടിഎമ്മുകളിൽ നിറയ്ക്കുന്നത്.
ചില എടിഎമ്മുകളിൽ 50 രൂപ നോട്ടും നിറയ്ക്കുന്നുണ്ട്. മിക്ക എടിഎമ്മിലും നാലുതരം നോട്ടുകളേ നിറയ്ക്കാൻ കഴിയൂ എന്നതിനാൽ 50 രൂപ നോട്ട് ഒഴിവാക്കി പകരം 200 രൂപ നോട്ട് ഉൾപ്പെടുത്താനാണ് ആലോചന. 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതിനാൽ ഇതും ക്രമേണ എടിഎമ്മിൽ ദുർലഭമാകും.
ചരിത്രത്തിലാദ്യമായാണ് 200 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്. നോട്ടിന്റെ ഒരുവശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പുമുണ്ട്. മധ്യപ്രദേശിലെ പ്രാചീന ബുദ്ധമത സ്മാരകമായ സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണു മറുവശത്ത്. കഴിഞ്ഞ നവംബറിൽ നോട്ട് നിരോധനം നടപ്പാക്കിയതിനെത്തുടർന്ന് ചെറിയ തുകയ്ക്കുള്ള നോട്ടുകൾക്കു ക്ഷാമമുണ്ടെന്ന പരാതിക്ക് ഇതോടെ പരിഹാരമാകുമെന്നും ആർബിഐ കരുതുന്നു.
ഇന്ത്യയിൽ ഇപ്പോൾ പ്രചാരത്തിലുള്ള നോട്ടുകൾ
ഒരു രൂപ, രണ്ടു രൂപ, അഞ്ചു രൂപ, 10, 20, 50, 100, 200, 500, 2000.
നാണയങ്ങൾ
50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ
നിർത്തലാക്കിയ നോട്ടുകൾ
∙ 10,000 (1938, 1954 വർഷങ്ങളിൽ പുറത്തിറക്കി, 1978ൽ നിർത്തലാക്കി)
∙ 5,000 (1949, 1954 വർഷങ്ങളിൽ പുറത്തിറക്കി, 1978 ൽ നിർത്തലാക്കി)
∙ 1,000 (1938, 1954, 2000 വർഷങ്ങളിൽ പുറത്തിറക്കി, 1978, 2016ൽ നിർത്തലാക്കി)
∙ 500 (1987ൽ പുറത്തിറക്കി, 2016 നിരോധിച്ചു, 2016ൽ പുതിയ രൂപത്തിൽ പുറത്തിറക്കി)
രണ്ടര രൂപ നോട്ട്
ഇന്ത്യയിൽ രണ്ടര രൂപ നോട്ട് പ്രചാരത്തിലുണ്ടായിരുന്നു. 1917 ലാണ് നോട്ട് പുറത്തിറക്കിയത്. 1938 ൽ നിരോധിച്ചു.
200 രൂപ നോട്ട്: ലഭ്യത കൂട്ടും
മുംബൈ ∙ 200 രൂപ നോട്ടുകളുടെ ലഭ്യത കൂട്ടുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത ആർബിഐ ഓഫിസുകളിലും ബാങ്കുകളിലുമാണു നോട്ടുകൾ ലഭ്യമാക്കിയത്. ഇത്തരം നോട്ടുകളുടെ അച്ചടി വർധിപ്പിക്കാനും ആർബിഐ നടപടി സ്വീകരിക്കും. നോട്ടിന്റെ അടിസ്ഥാന നിറം മഞ്ഞയാണ്.