Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഖ്യാപനം പാഴ്‌വാക്കായി: അരി വില കൂട്ടി സർക്കാർ

rice

കൊച്ചി ∙ സർക്കാർ ആശുപത്രികളിലേക്കും ജയിലുകളിലേക്കും അങ്കണവാടികളിലേക്കും ഭക്ഷ്യവകുപ്പ് മുഖേന സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന അരിയുടെ വില വർധിപ്പിച്ചു. 35 രൂപയ്ക്കു നൽകിയിരുന്ന ജയ അരി, 34 രൂപയ്ക്കു നൽകിയിരുന്ന കുറുവ അരി എന്നിവയ്ക്ക് ഇനി 37 രൂപ നൽകണം. ഇവ രണ്ടും സബ്സിഡി ഇനങ്ങളിൽപെട്ടവയാണ്. 

സബ്സിഡി ഇനങ്ങൾക്ക് അഞ്ചു വർഷത്തേക്കു വില വർധിപ്പിക്കില്ലെന്നു സർക്കാർ ആവർത്തിക്കുമ്പോഴാണിത്. ഇന്നലെ മുതൽ വിലവർധന പ്രാബല്യത്തിലാക്കിക്കൊണ്ടാണു സപ്ലൈകോ ആസ്ഥാനത്തു നിന്നു റീജനൽ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും നിർദേശം നൽകിയത്. റേഷൻ കാർഡിന്റെ പരിധിക്കു പുറത്തു സപ്ലൈകോ ഔട്‌ലെറ്റുകൾ വഴി നൽകിയിരുന്ന അരിയുടെയും വിലയും 37 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.  ഗ്രീൻപീസിന്റെ വില 35 രൂപയിൽനിന്നു 41 ആയും ഉയർത്തി. പൊതുവിപണിയിൽ അരിവിലയിൽ വലിയ വർധനയ്ക്കു വഴിവയ്ക്കുന്നതാണു സപ്ലൈകോയുടെ നടപടി. 

റേഷൻ കാർഡിന്റെ പരിധിക്കു പുറത്തു സാധനങ്ങൾ വിൽക്കുമ്പോൾ ഈടാക്കേണ്ട വില എത്രയെന്നു നിർദേശിച്ചു ഡിസംബറിലെ വിലവിവരപ്പട്ടിക കഴിഞ്ഞ 30നു റീജനൽ, ഡിപ്പോ മാനേജർമാർക്കു നൽകിയിരുന്നു. ഈ പട്ടിക നിലനിൽക്കുമ്പോഴാണ് അരിക്കും ഗ്രീൻപീസിനും ഇന്നലെ മുതൽ വില വർധിപ്പിച്ചു പുതിയ പട്ടിക നൽകിയത്.  റേഷൻ കാർഡിന്റെ പരിധിക്കു പുറത്തു സാധനങ്ങൾ വിൽക്കുമ്പോഴുള്ള ഫ്രീ സെയിൽ സബ്സിഡി നിരക്ക്, വലിയ അളവിൽ സാധനങ്ങൾ വിൽക്കുമ്പോഴുള്ള ബൾക് സെയിൽ നിരക്ക് എന്നിവയാണ് ഉയർത്തിയത്. 

സർക്കാർ സ്ഥാപനത്തിനു വിൽക്കുകയോ, ആയിരം കിലോഗ്രാമിനു മുകളിൽ വിൽക്കുകയോ, 50 പൊതികളിലധികം വിൽക്കുകയോ ചെയ്യുമ്പോഴാണു ബൾക് സെയിൽ വിഭാഗത്തിൽ ഉൾപ്പെടുക. ജയിലിലെ റേഷൻ സംവിധാനത്തെയും ആശുപത്രി കന്റീനിലെ ഭക്ഷണവിതരണത്തെയും കാര്യമായി ബാധിക്കുന്നതാണു വിലവർധന. ജയ, കുറുവ അരി കിലോഗ്രാമിന് 25 രൂപയ്ക്കാണു സബ്സിഡിയായി സപ്ലൈകോ വിൽക്കുന്നത്. അതേസമയം, വില വർധിപ്പിച്ചതു മാർക്കറ്റിങ് വിഭാഗത്തിന്റെ നിർദേശപ്രകാരമാണെന്നും വിപണിയിലെ അരിവിലക്കയറ്റം ഇതിന് ഒരു കാരണമാണെന്നും സപ്ലൈകോ വിശദീകരിച്ചു.