ന്യൂഡൽഹി ∙ നെല്ലിന്റെ സംഭരണ പാക്കേജ് പുനർനിർണയിക്കണമെന്നും താങ്ങുവില വർധിപ്പിക്കണമെന്നും കേരളം കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമനും കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും ചേർന്നു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനു നിവേദനം നൽകി. സംസ്ഥാനത്തിന്റെ ഭക്ഷ്യദൗർലഭ്യം പരിഗണിച്ച് അരിയുടെ കേന്ദ്രവിഹിതം വർധിപ്പിക്കണമെന്നും പൊതുവിതരണ സംവിധാനത്തിൽ പയർവർഗങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രിമാരുടെ യോഗത്തിൽ ഇവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തു പുറമേ നിന്നു ഫോർമലിൻ കലർന്ന മീൻ വരുന്നതും ഇവർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനത്തു താങ്ങുവില നൽകി അഞ്ചുലക്ഷം മെട്രിക് ടൺ നെല്ലു സംഭരിക്കുന്നുണ്ട്. കേന്ദ്ര നെല്ലുസംഭരണ പദ്ധതിയനുസരിച്ചു നൂറുകിലോ നെല്ലിൽ നിന്നു 68 കിലോ അരി ലഭിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ താങ്ങുവിലയും സംസ്‌കരണ, വിതരണച്ചെലവും നൽകി നെല്ല് സംഭരിക്കാനാകൂ എന്നാണു വ്യവസ്ഥ. എന്നാൽ സമുദ്രനിരപ്പിനു താഴെയുള്ള പാടത്തു കൃഷിചെയ്യുന്ന കുട്ടനാട്, അമ്ലാംശം കൂടുതലുള്ള കരിനിലങ്ങൾ, അന്തരീക്ഷ ഈർപ്പം കൂടുതലുള്ള ഇതര കൃഷിഭൂമികൾ എന്നിവിടങ്ങളിൽ നിന്നു സംഭരിക്കുന്ന നെല്ലു കുത്തി അരിയാക്കുമ്പോൾ 100 കിലോ നെല്ലിൽ നിന്നു പരമാവധി 64 കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂ എന്നു സംസ്ഥാന സർക്കാരിന്റെ വിദഗ്ധസമിതി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സംഭരണ പാക്കേജ് പുനർനിർണയിക്കണമെന്നു കേരളം ആവശ്യപ്പെടുന്നത്.
കൊയ്‌തെടുത്ത നെല്ലു സംഭരിക്കുന്നതിനും നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമുള്ള കടത്തുകൂലി കർഷകർക്ക് അനുവദിക്കുക, കർഷകർക്ക് ഉൽപാദനത്തിന് ആനുപാതികമായ ഉൽപാദന ബോണസ് നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാനത്തെ ഒരു വ്യക്തിക്ക് അഞ്ചുകിലോ അരി ലഭ്യമാക്കണമെന്നതാണു സംസ്ഥാനത്തിന്റെ നിലപാട്. അരി, ഗോതമ്പ്, മണ്ണെണ്ണ, കൂടാതെ പയർ വർഗങ്ങളുടെ അളവും കൂട്ടണം. എന്നാൽ പകരം, വിഹിതം പരിമിതപ്പെടുത്താനുള്ള നീക്കമാണു കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു തിലോത്തമൻ പറഞ്ഞു.