തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലും പാലക്കാട്ടും നെല്ലുസംഭരണത്തിനു തുടക്കമായി. തൃശൂരിൽ അടുത്തയാഴ്ച ആരംഭിക്കും. ആലപ്പുഴയിൽ എടത്വ കൃഷിഭവന്റെ പരിധിയിലെ എരവുകരി പാടത്തുനിന്ന് ഇന്നലെ 750 ക്വിന്റൽ നെല്ലു സംഭരിച്ചു. വെള്ളപ്പൊക്ക സമയത്തു കൊയ്തിട്ട ആനാരി കിഴക്കേ പോച്ച പാടത്തെ നെല്ലിന് ഈർപ്പത്തിന്റെ അളവു കൂടുതലായതിനാൽ സംഭരണം ആരംഭിച്ചിട്ടില്ല. ഇതിൽ ഇന്നു തീരുമാനമാകും.
ആറു മില്ലുകൾ ജില്ലയിൽ സംഭരണത്തിനു തയാറായതായി സീനിയർ പാഡി മാർക്കറ്റിങ് ഓഫിസർ സുരേഷ് കുമാർ അറിയിച്ചു. രാമങ്കരി, തകഴി കൃഷിഭവനുകളുടെ കീഴിലുള്ളവ ഉൾപ്പെടെ കൂടുതൽ പാടശേഖരങ്ങളിൽ ഇന്നു കൊയ്ത്ത് ആരംഭിക്കും. ഇവിടെയും സംഭരണത്തിനു നടപടിയായി എന്ന് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും കർഷകർക്ക് ആശങ്കയുണ്ട്. ഒരു ക്വിന്റൽ നെല്ലു സംഭരിച്ചശേഷം തിരികെ 68 കിലോ അരി നൽകിയിരുന്നത് 64 കിലോ ആയി കുറയ്ക്കണമെന്ന മില്ലുടമകളുടെ ആവശ്യം നടപ്പാകാത്തതിനാൽ കൂടുതൽ മില്ലുടമകൾ സംഭരണത്തിന് എത്തിയിട്ടില്ല.
ആലപ്പുഴയിൽ 12,500 ഹെക്ടർ സ്ഥലത്താണു കൃഷി ചെയ്തിട്ടുള്ളത്. പാലക്കാട് ജില്ലയിൽ സഹകരണ മേഖലയിലുള്ള പാഡികോ മില്ലിന്റെ സഹായത്തോടെ സപ്ലൈകോ നെല്ലുസംഭരണം ആരംഭിച്ച ആദ്യദിവസം മൂന്നു ലോഡ് നെല്ലാണു സംഭരിച്ചത്. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറാക്കി. തൃശൂരിൽ നെല്ലുസംഭരണം അടുത്തയാഴ്ചയാണ്. അത്താണിയിലെ കാർത്തിക സഹകരണ മില്ലുമായുള്ള കരാർ ഈ ആഴ്ച ഒപ്പുവയ്ക്കും.
ജില്ലയിലെ നാലു മില്ലുകളുമായി ധാരണ ഉണ്ടാകുമെന്നാണു പ്രതീക്ഷ. നാളെ മുഖ്യമന്ത്രിയുമായി മിൽ ഉടമകൾ നടത്തുന്ന ചർച്ച വിജയിക്കുകയാണെങ്കിൽ ഉടൻതന്നെ സംഭരണം തുടങ്ങാനും ഇടയുണ്ട്. കോൾ പാടമായതിനാൽ ഡിസംബർ വരെ 200 ലോഡ് നെല്ലു മാത്രമേ തൃശൂരിൽ ശരാശരി സംഭരിക്കാറുള്ളൂ. രണ്ടാം സീസൺ തുടങ്ങുന്ന ഫെബ്രുവരി മുതലാണു സംഭരണം കാര്യമായി നടക്കുക. മഴ അപ്രതീക്ഷിതമായി നീണ്ടു വെള്ളം കയറിയതുമൂലം ഇത്തവണ നെല്ലു കുറവാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും ആദ്യ സീസണിൽ നെല്ലു കുറയാൻ ഇടയുള്ളതിനാൽ സ്വകാര്യ മില്ലുകൾ ഇപ്പോൾ കേരളത്തിൽനിന്ന് ഉയർന്ന വിലയ്ക്കു നെല്ല് എടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കർഷകർക്ക് ഇപ്പോൾ കാര്യമായി സംഭരണത്തെ ആശ്രയിക്കേണ്ട അവസ്ഥയില്ല.