കാസർകോട്∙ ബ്രാൻഡഡ് ആക്കി മറിച്ചുവിൽക്കാൻ സിവിൽ സപ്ലൈസിൽ നിന്നെത്തിച്ച നൂറു ചാക്കിലേറെ റേഷനരി സിബിഐ സംഘം പിടിച്ചെടുത്തു. വിദ്യാനഗറിലെ സ്വകാര്യ അരി ഗോഡൗണിലായിരുന്നു ഇന്നലെ അപ്രതീക്ഷിത പരിശോധന. ജില്ലയിലെ വിവിധ റേഷൻകടകളിലേക്കു നൽകാൻ സപ്ലൈകോയുടെ ഗോഡൗണിലെത്തിച്ച അരിയാണിതെന്നു സൂചനയുണ്ട്. ബ്രാൻഡാക്കി മാറ്റാൻ പായ്ക്ക് ചെയ്യുന്നിടത്തായിരുന്നു പരിശോധന.
ഒരേ മതിൽക്കെട്ടിനകത്താണ് സ്വകാര്യ അരി ഗോഡൗണും സിവിൽ സപ്ലൈസ് ഗോഡൗണും പ്രവർത്തിക്കുന്നത്. ഉച്ചയോടെയാണ് കൊച്ചിയിൽ നിന്നുള്ള സിബിഐ സംഘം പരിശോധനയ്ക്കെത്തിയത്. കോഴിക്കോട് തിക്കോടിയിലെ എഫ്സിഐ ഗോഡൗണിൽ നിന്ന് അരി കടത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണസംഘത്തിന്റെ പരിശോധന. എഫ്സിഐ മുദ്രയോടു കൂടിയതാണ് സ്വകാര്യ ഗോഡൗണിൽ നിന്നു പിടിച്ചെടുത്ത അരിച്ചാക്കുകൾ.
സ്വകാര്യ കമ്പനിയുടെ പേരിൽ പായ്ക്ക് ചെയ്ത 50 കിലോയുടെ 75 ചാക്ക് അരിയും പായ്ക്കിങ്ങിനു വേണ്ടി കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും സിബിഐ പിടിച്ചെടുത്തു. പായ്ക്കിങ് മെഷീനും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തവയിൽ പെടും. സിവിൽ സപ്ലൈസിലെ ഒരു ജീവനക്കാരനെയും സ്വകാര്യ കമ്പനിയുടെ സൂപ്പർവൈസറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കു തട്ടിപ്പിൽ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നു സിബിഐ വ്യക്തമാക്കി.