85 ഡോളർ പിന്നിട്ട് എണ്ണവില

ദോഹ ∙ ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത ഗണ്യമായി ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 85 ഡോളർ കടന്നു. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളർ വരെയാണ് ഉയർന്നത്. ഇറാനിൽ നിന്നുള്ള എണ്ണ ഉൽപാദനം രണ്ടര വർഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്.

എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ ഉൽപാദനത്തിൽ പ്രതിദിനം 90,000 ബാരലിന്റെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഇറാൻ എണ്ണയിലെ കുറവ് ഇതിനു നികത്താനായിട്ടില്ല. ഇറാനെതിരെയുള്ള യുഎസ് ഉപരോധം നവംബർ നാലിനാണു പൂർണമായി പ്രാബല്യത്തിൽ വരിക. അതോടെ, എണ്ണ വില ഇനിയും കൂടാനാണു സാധ്യത.

ഉൽപാദനം വർധിപ്പിക്കാൻ ഒപെകിനു മേൽ യുഎസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണിയിൽ എണ്ണ ലഭ്യതയിൽ കുറവില്ലെന്ന നിലപാടിലാണ് ഒപെകും റഷ്യയും. ഒപെക് രാജ്യങ്ങളിൽ സൗദിക്കും, ഒപെക് ഇതര രാജ്യങ്ങളിൽ റഷ്യയ്ക്കും മാത്രമാണ് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഉൽപാദനം ഉയർത്താൻ കഴിയുക.