ഐസിഐസിഐ ബാങ്ക്: ചന്ദ കൊച്ചാർ രാജിവച്ചു

മുംബൈ ∙ വിഡിയോകോൺ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാർ(56) രാജിവച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്ത് അടുത്ത മാർച്ച് 31 വരെ കാലാവധി ഉണ്ടായിരിക്കെയാണു രാജി.

കഴിഞ്ഞ ജൂണിൽ ചന്ദ കൊച്ചാർ അവധിയിൽ പ്രവേശിച്ചതുമുതൽ താൽക്കാലിക ചുമതല വഹിക്കുന്ന സന്ദീപ് ബക്​ഷിയെ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു. 5 വർഷമാണു കാലാവധി. ഐസിഐസിഐ ബാങ്കിന്റെ ഉപസ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ സ്ഥാനങ്ങളും ചന്ദ രാജി വയ്ക്കുമെന്ന് ബാങ്ക് അറിയിച്ചു. ചന്ദയ്ക്കെതിരായ അന്വേഷണം തുടരും; വിരമിക്കലുമായി ബന്ധപ്പെട്ട ചില ആനുകൂല്യങ്ങൾ നൽകുന്നത് അന്വേഷണത്തിന്റെ റിപ്പോർട്ട് കണക്കിലെടുത്തിട്ടാകും.

ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ എന്ന കമ്പനിയിൽ വിഡിയോകോൺ ഉടമ വേണുഗോപാൽ ധൂത് നിക്ഷേപം നടത്തിയത്, വിഡിയോകോണിന് ബാങ്ക് 3250 കോടി രൂപ വായ്പ നൽകിയതിന്റെ പ്രത്യുപകാരമായാണെന്ന ആരോപണം കഴിഞ്ഞ മാർച്ചിലാണ് ഉയർന്നത്. ബാങ്ക് ആദ്യം അഴിമതി നിഷേധിച്ചെങ്കിലും പിന്നീട് ജസ്റ്റിസ് ബി. എൻ.ശ്രീകൃഷ്ണയുടെ ചുമതലയിൽ അന്വേഷണം പ്രഖ്യാപിച്ചു. സിബിഐ അടക്കമുള്ള സർക്കാർ ഏജൻസികളും അന്വേഷണം ആരംഭിച്ചു. ഇതേത്തുടർന്നാണു ചന്ദ കൊച്ചാറിന് അവധിയിൽ പോകേണ്ടി വന്നത്.