ബാങ്കുകളുടെ കരുതൽ മൂലധനം കുറച്ച് പണമൊഴുക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി ∙ ബാങ്കുകളുടെ കരുതൽ മൂലധനത്തിൽ കുറവു വരുത്തി വികസനാവശ്യങ്ങൾക്കു പണം കണ്ടെത്തുകയെന്ന നിർദേശം റിസർവ് ബാങ്ക് ഭരണസമിതി യോഗത്തിൽ ധനമന്ത്രാലയം മു‌ന്നോട്ടുവയ്ക്കും. പൊതുമേഖലാ ബാങ്കുകൾക്കുമേൽ കേന്ദ്ര ബാങ്ക് അടിച്ചേൽപ്പിച്ച കർക്കശ വായ്പാനയം ഇളവു ചെയ്യണമെന്ന നിലപാടും മന്ത്രാലയത്തിനുണ്ട്. ഭരണസമിതി യോഗം19നാണ്.
റിസർവ് ബാങ്കിന്റെ ധനശേഖരം വെട്ടിക്കുറച്ചു ധനസമാഹരണം നടത്താനുള്ള നീക്കം വൻ വിവാദത്തിനു വഴിവച്ചതിനു പിന്നാലെയാണു പുതിയ നീക്കം. ഭരണസമിതി യോഗത്തിൽ തർക്കപരിഹാരമുണ്ടായില്ലെങ്കിൽ ഗവർണർ ഉർജിത് പട്ടേൽ സ്ഥാനമൊഴിയുമെന്നാണു സൂചന.

ആർബിഐ ശേഖരം

റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്നു പണമെടുക്കുകയല്ല, അനുയോജ്യ‌ കരുതൽ ശേഖരമെന്തെന്നു പുനർനിർണയിക്കുകയാണു ലക്ഷ്യമെന്നു സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ, ഇതിലൂടെ കണ്ണുവയ്ക്കുന്നതും കരുതൽ ശേഖരത്തിൽ തന്നെയെന്നാണ് ആശങ്ക. റിസർവ് ബാങ്കിനു 10 ലക്ഷം കോടിയോളം രൂപ കരുതൽ ശേഖരമുണ്ട്.

ബാങ്കുകളുടെ കരുതൽ മൂലധനം

ഇതിനു പകരം, ബാങ്കുകളുടെ കരുതൽ മൂലധനം കുറയ്ക്കുകയെന്ന മാർഗമാണു സർക്കാർ പരിഗണിക്കുന്നത്. ബാങ്കുകൾ ആസ്തിയുടെ നിശ്ചിത വിഹിതം കരുതലായി സൂക്ഷിക്കണമെന്നാണു വ്യ‌വസ്ഥ. ഇതു കുറയ്ക്കുകവഴി 6 ല‌ക്ഷം കോടി രൂപ വിപണിയിലെത്തിക്കാനാവുമെന്നാണു കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ രാജ്യാന്തര ബാങ്കിങ് രംഗത്തെ ഉദാരവ്യവസ്ഥകൾ ഇവിടെയും പിന്തുടരാവുന്നതാണെന്നാണു വാദം.

കർക്കശ നയം

പൊതുമേഖലാ ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നതിനിടെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കർക്കശ വാ‌യ്പാനിയന്ത്രണം (പ്രോംപ്റ്റ് കറക്ടിവ് ആക്‌ഷൻ– പിസിഎ) ഇളവു ചെയ്യണമെ‌ന്ന‌തു മറ്റൊരു നിർദേശം. കർക്കശനയം കാരണം ബാങ്കുകൾ വായ്പ നൽകാൻ മടി‌ക്കുന്നു, സമ്പദ്‌വ്യവസ്ഥ മുരടിക്കുന്നു.  ധനസ്ഥിതി അപകടത്തിലായ 11 പൊതുമേഖലാ ബാങ്കുകൾക്കാണു നിയന്ത്രണം നില‌വിലുള്ളത്.

റിസർവ് ബാങ്കിനു ചെയ്യാവുന്നത്

പൊതുമേഖലാ ബാങ്ക് ഭരണസമിതികളിൽ നിന്നു സ്വന്തം നോമിനികളെ പിൻവലിക്കുക. നി‌ശ്ചിത പരി‌ധിക്കു മുകളിലുള്ള വാ‌യ്പകളിൽ ‌തീരുമാനമെടുക്കേണ്ടതു ബാങ്ക് ഭരണസമിതികളാണ്. നോമിനികൾ പിന്മാറിയാൽ സർക്കാർ – ആർബിഐ ഏറ്റുമുട്ടൽ ഒഴിവാകും. സർക്കാർ താൽപര്യത്തിന് അനുസൃതമായി ബാങ്കുകൾക്കു തീരുമാനമെടുക്കാം. മുൻപു റിസർവ് ബാങ്ക് ഈ നിർദേശം മുന്നോട്ടു വച്ചെങ്കിലും സർക്കാർ നിരാകരിക്കുകയായിരുന്നു.

12,000 കോടി രൂപയുടെ കടപ്പത്രം

ഇതിനിടെ, 12,000 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. മൂന്നു മുതൽ 15 വരെ വർഷം കൊണ്ടു കാലാവധിയെത്തുന്ന കടപ്പത്രങ്ങൾ വാങ്ങി ധനലഭ്യത വർധിപ്പിക്കുകയാണു ലക്ഷ്യം.

കൂടുതൽ പണം വിപണിയിലെത്തിക്കാൻ കടപ്പത്രം വാങ്ങുകയും വിപണിയിൽ അധികമുള്ള പണം കുറയ്ക്കാൻ കടപ്പത്രം വിൽക്കുകയുമാണു പതിവ്. എന്നാൽ, ഇപ്പോഴത്തെ വികസന മുരടിപ്പു മാറ്റാൻ അതു മതിയാവില്ല.