മുംബൈ∙ ആർബിഐ റിപ്പോ നിരക്കുകളിൽ മാറ്റമില്ല. നിരക്ക് 6.50 ശതമാനമായി തുടരും. ബുധനാഴ്ച ആർബിഐ ആസ്ഥാനത്തു നടന്ന നയ അവലോകന യോഗത്തിലാണ് തീരുമാനം. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ. റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനമായും തുടരും. ബാങ്കുകളിൽ നിന്നു കടമെടുക്കുന്ന പണത്തിന് ആർബിഐ നൽകുന്ന പലിശനിരക്കാണ് റിവേഴ്സ് റിപ്പോ.
ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതും റിപ്പോ നിരക്കിൽ മാറ്റം വരുത്താതിരിക്കാൻ അനുകൂല ഘടകങ്ങളായെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പത്തിന്റെ തോത് കഴിഞ്ഞ 13 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയതും തുണയായി. ഈ വർഷം രണ്ടു തവണ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു.
ആർബിഐയുടെ തീരുമാനം സ്വാഗതാർഹമാണെന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്നാൽ ആർബിഐ തീരുമാനത്തെ തുടർന്നു ഓഹരി സൂചിക ഇടിഞ്ഞു. സെൻസെക്സ് 300 പോയിന്റും നിഫ്റ്റി 10,760 പോയിന്റുമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ കുറഞ്ഞ് ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.75 ലെത്തി.