Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവനവായ്പയിൽ ആശ്വാസം പ്രതീക്ഷിക്കാം; ആർബിഐ പുതിയ മാനദണ്ഡങ്ങളിലേക്ക്

പിങ്കി ബേബി
home-loan-representational-image പ്രതീകാത്മക ചിത്രം

കൊച്ചി∙ ഭവനവായ്പയെടുക്കുന്നവർക്ക് ഇനി ആശ്വസിക്കാം. അടുത്ത ഏപ്രിൽ മുതൽ വായ്പകൾ കൂടുതൽ സുതാര്യമാകുകയാണ്. പലിശയിൽ നേരിയ ആശ്വാസവും പ്രതീക്ഷിക്കാം. ഭവനവായ്പ ഉൾപ്പെടെയുള്ള വിവിധ വായ്പകളുടെ പലിശ നിശ്ചയിക്കുന്നതിൽ റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. ആർബിഐ റിപോ നിരക്ക് (‌വാണിജ്യ ബാങ്കുകൾ ആർബിഐയിൽനിന്നു വായ്പ സ്വീകരിക്കുമ്പോഴുള്ള പലശ നിരക്ക്) അടക്കമുള്ള ബാഹ്യ ഘടകങ്ങൾ കൂടി പരിഗണിച്ചുവേണം, അടുത്ത സാമ്പത്തിക വർഷം മുതൽ വായ്പകളുടെ പലിശ നിശ്ചയിക്കാനെന്ന് ആർബിഐ ബാങ്കുകൾക്കു നിർദേശം നൽകി.

∙പ്രതീക്ഷിക്കാം, ഭവനവായ്പയിൽ ആശ്വാസം

റിസർവ് ബാങ്ക് പലിശ നിരക്കിൽ ഇളവു വരുത്തുന്നതനുസരിച്ചു ബാങ്കുകൾ പലിശ നിരക്കു കുറയ്ക്കുന്നില്ലെന്ന പരാതി രഘുറാം രാജൻ ഉൾപ്പടെയുള്ള ആർബിഐ ഗവർണർമാർ പതിവായി ഉന്നയിച്ചിരുന്നു. പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പലിശ നിശ്ചയിക്കുന്ന സ്ഥിതി വന്നാൽ ഈ ഇളവുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാതിരിക്കാൻ ബാങ്കുകൾക്കാവില്ല. റിപോ നിരക്കും വിപണി ഘടകങ്ങളും പരിഗണിച്ചു മാത്രമേ ഏപ്രിൽ മുതൽ ബാങ്കുകൾക്കു പലിശ നിശ്ചയിക്കാനാകൂ. ആർബിഐ നൽകുന്ന പലിശയിളവു നേരിട്ട് ഉപയോക്താക്കളിലെത്തും. റിസർവ് ബാങ്ക് പലിശ കൂട്ടുമ്പോൾ ഉടൻ വായ്പാ നിരക്കു കൂട്ടുകയും പലിശ കുറയ്ക്കുമ്പോൾ സാവധാനത്തിൽ മാത്രം കുറയ്ക്കുകയും ചെയ്യുന്ന ബാങ്കുകളുടെ പതിവുരീതി ഇനി ഉണ്ടാവാനിടയില്ല.

∙ഇപ്പോൾ അടിസ്ഥാനം എംസിഎൽആർ

മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്‌ ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അടിസ്ഥാനത്തിലാണ് 2016 ഏപ്രിൽ മുതൽ ബാങ്കുകൾ വിവിധ വായ്പകൾ അനുവദിക്കുന്നത്. ഇതിനു പുറമെ ബാങ്കുകളുടെ ബേസ് റേറ്റ് എന്ന അടിസ്ഥാന നിരക്ക്, ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് റേറ്റ്, പ്രൈം ലെൻഡിങ് റേറ്റ് എന്നിവയും നിലവിലുണ്ടായിരുന്നു. ഇതിനു പകരമാണു ബാഹ്യ ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പലിശ നിരക്കു നിശ്ചയിക്കുന്ന രീതി നടപ്പാക്കാനൊരുങ്ങുന്നത്.

∙പുതിയ മാനദണ്ഡങ്ങൾ ഇവ

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപോ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ മാനദണ്ഡം നടപ്പാക്കുക. കൂടാതെ ഫിനാൻഷ്യൽ ബെഞ്ച്മാർക്‌സ് ഇന്ത്യയുടെ (എഫ്ബിഐഎൽ) 91 ദിവസത്തെ കേന്ദ്രസർക്കാർ ട്രഷറി ബിൽ നിരക്ക്, 182 ദിവസത്തെ ട്രഷറി ബിൽ നിരക്ക്, മറ്റു ബെഞ്ച്മാർക്കുകളിലുള്ള നിരക്ക് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിലും അടിസ്ഥാന നിരക്കു നിശ്ചയിക്കാം. ഒരു വിഭാഗത്തിലുള്ള എല്ലാ വായ്പകൾക്കും ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പലിശ നിശ്ചയിക്കാനാകൂ. ഇതു ബാങ്കുകൾക്കു തീരുമാനിക്കാനാകും. പുതിയ സംവിധാനം വായ്പാ പലിശകളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിങ്ങനെയാണ്.

∙മാർഗനിർദേശം ഉടൻ

അടിസ്ഥാന പലിശ നിരക്കു നിശ്ചയിക്കുന്നതിലെ പുതിയ മാനദണ്ഡം സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശം ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പണനയ അവലോകനയോഗത്തിലാണു വായ്പയെടുക്കുന്നവർക്ക് ആശ്വാസകരമായ പുതിയ തീരുമാനം ആർബിഐ പ്രഖ്യാപിച്ചത്. മോണിറ്ററി പോളിസി വിഭാഗത്തിന്റെ പ്രിൻസിപ്പൽ അഡ്‌വൈസറായ ജനക് രാജിന്റെ നേതൃത്വത്തിൽ ബാങ്ക് വായ്പാ നിരക്കുകളെ സംബന്ധിച്ചു വിശദമായ പഠനം ആർബിഐ നടത്തിയിരുന്നു. ഇതിന്റെ കൂടി വെളിച്ചത്തിലാണു പുതിയ തീരുമാനം.