ആർബിഐ യോഗം, തിരഞ്ഞെടുപ്പ് ഫലം: ഇനി നിർണായക ദിനങ്ങൾ

കൊച്ചി ∙ രാജ്യത്തെ സാമ്പത്തിക മേഖലയ്‌ക്ക് അടുത്ത ഏതാനും ദിനങ്ങൾ വളരെ നിർണായകം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ വായ്‌പ നയ സമിതി (എംപിസി), എണ്ണ കയറ്റുമതി രാഷ്‌ട്രങ്ങൾ (ഒപെക്) എന്നിവയുടെ യോഗതീരുമാനങ്ങൾ ഈ ആഴ്‌ച പുറത്തുവരും. അഞ്ചു നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം അടുത്ത ആഴ്‌ച അറിയാം. ആർബിഐ, ഒപെക് തീരുമാനങ്ങൾ സമ്പദ്‌വ്യവസ്‌ഥയ്‌ക്കാകെ നിർണായകമാണെങ്കിൽ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനം വിവിധ വിപണികളിൽ വലിയ ചലനങ്ങളായിരിക്കും സൃഷ്‌ടിക്കുക.

ആർബിഐ യോഗം

വായ്‌പ നയ സമിതിയുടെ മൂന്നു  ദിവസത്തെ യോഗം ആരംഭിച്ചു. തീരുമാനം നാളെ പ്രഖ്യാപിക്കും. ജൂലൈ – സെപ്‌റ്റംബർ കാലയളവിൽ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ച തോതിൽ വളർന്നിട്ടില്ലെന്നു വ്യക്‌തമാക്കുന്ന കണക്കു പുറത്തുവന്നിട്ടുള്ള പശ്‌ചാത്തലത്തിലാണു യോഗം എന്ന പ്രത്യേകതയുണ്ട്. നാണ്യപ്പെരുപ്പ നിരക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തിയിരിക്കുന്നവെന്നതും സമിതിയുടെ തീരുമാനത്തെ സ്വാധീനിക്കാം. വായ്‌പ നിരക്കുകളിൽ മാറ്റം ശുപാർശ ചെയ്യാൻ സമിതി തയാറായേക്കില്ലെന്നാണു സൂചന. എന്നാൽ പണലഭ്യതയിലുണ്ടായിട്ടുള്ള ഇടിവു നേരിടാൻ ആർബിഐ എന്തു നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

ഒപെക് യോഗം

ഓസ്‌ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഒപെക്കിന്റെ രണ്ടു ദിവസത്തെ യോഗം വ്യാഴാഴ്‌ച ആരംഭിക്കുകയാണ്. സംഘടന എണ്ണ ഉൽപാദനം സംബന്ധിച്ച് എന്തു തീരുമാനമെടുക്കുമെന്നറിയാനാണു ലോകം കാത്തിരിക്കുന്നത്. ഉൽപാദനത്തിൽ കുറവു വരുത്താനാണു തീരുമാനമെങ്കിൽ അത് എണ്ണയുടെ വിലയിടിവിന് അവസാനം കുറിച്ചേക്കും. അസംസ്‌കൃത എണ്ണയുടെ വിലയിടിവിനെ തുടർന്നു ഡീസൽ, പെട്രോൾ, പാചക വാതക വിലകളിൽ ആനുപാതികമായി കുറവു വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഒപെക്കിൽനിന്നു പ്രതികൂല തീരുമാനമുണ്ടായാൽ അതു സാധാരണക്കാരെ വരെ ബാധിക്കും. രാജ്യത്തിന്റെ ഇറക്കുമതിച്ചെലവും കറന്റ് അക്കൗണ്ട് കമ്മി, ധനക്കമ്മി എന്നിവയും ഉയരും.

തിരഞ്ഞെടുപ്പു ഫലം

രാജസ്‌ഥാൻ, മധ്യ പ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ്, മിസോറം എന്നീ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം 11നു പ്രഖ്യാപിക്കുകയാണ്. തിരഞ്ഞെടുപ്പു ഫലത്തിൽനിന്നു ലോക്‌സഭയിലേക്കുള്ള വിധിയെഴുത്തു വായിച്ചെടുക്കാനായേക്കും. ഫലം ബിജെപിക്ക് അനുകൂലമാണെങ്കിൽ ഓഹരി, കടപ്പത്ര, കറൻസി വിപണികളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നുറപ്പ്. വിധിയെഴുത്തു ബിജെപിക്ക് അനുകൂലമല്ലെങ്കിൽ വിപണികൾ ദുർബലമാകും.