പെട്രോനെറ്റിൽ ഫ്രഞ്ച് കമ്പനിക്കുള്ള ഓഹരി വിൽക്കും

ന്യൂഡൽഹി ∙ പെട്രോനെറ്റ് എൽഎൻജിയിൽ ഫ്രഞ്ച് കമ്പനിയായ ജിഡിഎഫ് ഇന്റർനാഷനലിനുള്ള ഓഹരി പങ്കാളിത്തം വിറ്റഴിക്കുന്നു. ഫ്രാൻസിലെ ഊർജ ഉൽപാദന രംഗത്തെ വൻകിട കമ്പനിയായ എൻജിഎസ്എയുടെ ഉപ സ്ഥാപനമാണ് ജിഡിഎഫ്. പെട്രോനെറ്റിൽ ജിഡിഎഫിനുള്ള 10% ഓഹരിയാണ് വിൽക്കുന്നത്.

2900 കോടി രൂപ മൂല്യമുണ്ട്. പെട്രോനെറ്റിന്റെ പ്രധാന പ്രമോട്ടർമാരായ ഗെയിൽ ഇന്ത്യ, ഒഎൻജിസി, ഐഒസി, ബിപിസിഎൽ എന്നീ കമ്പനികൾക്കാണ് ജിഡിഎഫ് ഓഹരി കൈമാറുന്നത്.

ഓരോ കമ്പനിക്കും പെട്രോനെറ്റി‍ൽ 12.5% വീതം പങ്കാളിത്തമുണ്ട്. ഇതനുസരിച്ച്, ഓരോ കമ്പനിക്കും 2.5% ഓഹി ജിഡിഎഫിൽനിന്നു ലഭിക്കും. എന്നാൽ ഇത്തരത്തിൽ ഓഹരി വാങ്ങാൻ ഈ കമ്പനികൾ തയാറാകുമോ എന്നു വ്യക്തമല്ല. നിലവിൽ സ്വകാര്യ കമ്പനിയുടെ ഘടനപ്രകാരമാണ് പെട്രോനെറ്റ് പ്രവർത്തിക്കുന്നത്.

പ്രധാന പങ്കാളികളിൽ ഒരു കമ്പനി ജിഡിഎഫ് ഓഹരി വാങ്ങാൻ തയാറായാൽ മൊത്തം പങ്കാളിത്തം 50 ശതമാനത്തിനു മുകളിലെത്തും. ഇതോടെ പൊതുമേഖലാ കമ്പനിയായി പെട്രോനെറ്റ് മാറും. സ്വകാര്യ കമ്പനിയായാണ് പെട്രോനെറ്റ് റജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും പെട്രോളിയം മന്ത്രാലയം സെക്രട്ടറിയാണ് ചെയർമാൻ.

2011 ൽ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പെട്രോനെറ്റിലെ 5.2% ഓഹരി വിൽക്കാൻ തയാറായപ്പോൾ, പ്രധാന പങ്കാളികൾ ഇതു വാങ്ങാൻ താൽപര്യം കാണിച്ചിരുന്നില്ല.

തുടർന്ന് 2014 സെപ്റ്റംബറിൽ 3.9 കോടി ഓഹരികൾ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, സിറ്റി ഗ്രൂപ്പ് എന്നിവയ്ക്ക് 714.5 കോടിക്കു വിൽക്കുകയാണ് ചെയ്തത്.