Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളുടെ കൺമുന്നിൽ ഗാന്ധിജി പ്രഖ്യാപിച്ചു: ‘പോരാടുക’

Quit India Movement ജി.ജി. പരീഖ് മുംബൈയിലെ വീട്ടിൽ.

എനിക്കന്ന് 17 വയസ്സാണ്. ബോംബെ സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥി. 1942 ഓഗസ്റ്റ് ഏഴിനും എട്ടിനും ഗോവാലിയ ടാങ്ക് മൈതാനത്തു നടന്ന എഐസിസി യോഗം കാണാൻ കോൺഗ്രസ് അനുഭാവിയെന്ന നിലയിലാണ് എത്തിയത്. ബ്രിട്ടിഷുകാരോട് ഇന്ത്യ വിടാനും (Quit India), ഇന്ത്യക്കാരോട് ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ (Do or Die) എന്ന ആശയത്തിലൂന്നിയും എട്ടിന പ്രമേയം പാസാക്കി. തുടർന്ന് ഗാന്ധിജി ഗോവാലിയ ടാങ്ക് മൈതാനത്തു നടത്തിയ പ്രഖ്യാപനം സ്വാതന്ത്ര്യസമരത്തിനു പുതിയ ഉർജമായി മാറുകയായിരുന്നു.

പ്രമേയത്തിനും പ്രഖ്യാപനത്തിനും പിന്നാലെ മഹാത്‌മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, വല്ലഭ്ഭായി പട്ടേൽ, മൗലാനാ അബുൽകലാം ആസാദ്, കസ്തൂർബ ഗാന്ധി എന്നിവരെല്ലാം അറസ്റ്റിലായി. ഇതോടെ ആദ്യതിരിച്ചടി നേരിട്ടിരിക്കെ, ഓഗസ്റ്റ് ഒൻപതിന് പൊലീസിന്റെ കണ്ണുവെട്ടിച്ച് അരുണ ആസഫലി കോൺഗ്രസ് പതാക ഉയർത്തി. ബ്രിട്ടിഷ് മേൽക്കോയ്മയ്ക്കു മുകളിൽ പാറിയ ആ പതാക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുകയായിരുന്നു. അന്ന് ഗോവാലിയ ടാങ്ക് മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാനാണ് രാജ്യത്ത് ആദ്യമായി കണ്ണീർവാതകം പ്രയോഗിക്കപ്പെട്ടതെന്നാണ് എന്റെ അറിവ്.

ആളുകൾ ഇളകിയോടി. മുംബൈയിലെ തുണിമില്ലുകൾ ഒരാഴ്ചത്തേക്കു നിശ്ചലമായി. സമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലായി. പലപ്പോഴും പകൽ അറസ്റ്റ് ചെയ്ത് രാത്രി വൈകി വിട്ടയയ്ക്കുകയായിരുന്നു രീതി. സേവ്യേഴ്സ് കോളജിൽ ഇന്റർ സയൻസ് വിദ്യാർഥിയായിരുന്ന ഞാനുൾപ്പെടെയുള്ളവർ സംഘടിച്ച് കോളജ് അടപ്പിച്ചു. അതിനുശേഷം ചർച്ച്ഗേറ്റ് സ്റ്റേഷനിലെത്തി ട്രെയിൻ തടഞ്ഞതിനു പൊലീസ് അറസ്റ്റ് ചെയ്തു. വർളിയിലെ ബിഡിഡി ചാൾ എന്ന താമസമേഖല താൽക്കാലിക ജയിലാക്കി മാറ്റി അവിടെയാണു തടവിൽ പാർപ്പിച്ചത്. പത്തുമാസത്തെ ജയിൽവാസത്തിനു ശേഷം കൂടുതൽ കരുത്തും സമരാവേശവുമായാണു ഞങ്ങൾ പുറത്തിറങ്ങിയത്.

ഇന്നും ക്വറ്റ് ഇന്ത്യയ്ക്കരികിൽ

ക്വിറ്റ് ഇന്ത്യ സമരപ്രഖ്യാപനം നടന്ന ഗോവാലിയ ടാങ്ക് മൈതാനത്തിന് അടുത്താണ് ജി.ജി. പരീഖ് താമസിക്കുന്നത്. മെഡിക്കൽ ഡോക്ടറായ ഇദ്ദേഹം 92-ാം വയസ്സിലും രോഗികളെ പരിചരിക്കാൻ സമയം കണ്ടെത്തുന്നു. ഏറെക്കാലമായി ബോംബെ ഫ്രീഡം ഫൈറ്റേഴ്സ് സഭ പ്രസിഡന്റാണ്. ഭാര്യ മംഗള ജീവിച്ചിരിപ്പില്ല. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലാണു കുടുംബവേര്. 

related stories