Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വിറ്റ് ഇന്ത്യ ചർച്ചയിൽ സുഭാഷ് ചന്ദ്ര ബോസിന്റെ പിന്മുറക്കാരന്റെ പ്രസംഗം; വീണ്ടും പരതന്ത്രരാകരുത്

prof-sugatha-bose

ക്വിറ്റ് ഇന്ത്യ ചർച്ചയിൽ പങ്കെടുത്ത, സുഭാഷ് ചന്ദ്ര ബോസിന്റെ രണ്ടാം തലമുറയിലെ അനന്തരവനും ഹാർവഡ് സർവകലാശാലയിലെ മുൻ പ്രഫസറും ചരിത്രകാരനും ബംഗാളിലെ ജാദവ്പുർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയുമായ പ്രഫ. സുഗത ബോസ് ലോക്സഭയിൽ നടത്തിയ പ്രസംഗം സ്വാതന്ത്ര്യസമരത്തിന്റെ സുവർണകാലത്തേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ടുപോയി. മഹാത്മാ ഗാന്ധിയുടെയും  രാഷ്ട്രശിൽപികളുടെയും സങ്കൽപവും ഇന്നത്തെ യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഓർമിപ്പിച്ചു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ആകുലതകളും പങ്കുവച്ചു. സഭയെ പിടിച്ചുണർത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം: 

മഹാത്മാ ഗാന്ധിയും നേതാജി സുഭാഷ് ചന്ദ്ര ബോസും ജവാഹർ ലാൽ നെഹ്റുവും ഉൾപ്പെട്ട നേതൃനിര സ്വാതന്ത്ര്യത്തിലേക്കുള്ള ധീരയാത്രയിൽ നമ്മെ ഇടറാതെ നയിച്ചു. ഇന്ന്, ഒരു സമുദായത്തിന്റെയും ഒരു ഭാഷയുടെയും ആധിപത്യത്തിനു കീഴിൽ നാം വീണ്ടും പരതന്ത്രരാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട സമയമായിരിക്കുന്നു.

നമ്മുടെ ചരിത്രത്തിലെ സുവർണദിനമാണ് ഓഗസ്റ്റ് ഒൻപത്. 75 വർഷം മുൻപ് ഇതേ ദിനത്തിലാണു ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്നു മഹാത്മാ ഗാന്ധി ആഹ്വാനം ചെയ്തത്. അതു കേട്ട ഇന്ത്യയിലെ സാധാരണക്കാർ മരണത്തെ തൃണവൽഗണിച്ചു ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. സ്വതന്ത്ര ഇന്ത്യയിൽ പിറന്നുവീഴാൻ നമുക്ക് അവസരമൊരുക്കുന്നതിനു ജീവൻ വെടിഞ്ഞ മഹാരക്തസാക്ഷികൾക്കു ‌പ്രണാമം. 

1942 ഏപ്രിലിൽത്തന്നെ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ പ്ര‌മേയം തയാറാക്കിയിരുന്നു. അടിമത്തമെന്ന വൻദുരന്തത്തിൽനിന്നു കരകയറാൻ അക്രമമാർഗം സ്വീകരിക്കാൻപോലും മടിക്കുമായിരുന്നില്ലെന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞത്. ഗാന്ധിജി തയാറാക്കിയ പ്രമേയത്തിന്റെ സൗമ്യഭാഷ്യമാണു ജവാഹർ ലാൽ നെഹ്‌റു അവതരിപ്പിച്ചതും കോൺഗ്രസ് അംഗീകരിച്ചതും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞതുപോലെ 1887ലെ വിപ്ലവത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. വിദ്യാർഥികളുടെയും യുവാക്കളുടെയും തൊഴിലാളികളുടെയും നീക്കമായി തുടങ്ങിയ മുന്നേറ്റം ക്രമേണ രാജ്യമെങ്ങും വ്യാപിച്ചു. റവന്യു ഓഫിസുകൾ, പോസ്റ്റ് ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പ്രതീകങ്ങൾക്കെല്ലാമെതിരെ സാമാന്യ ജനസഞ്ചയം തിരിഞ്ഞു. പലേടത്തും ഭരണസംവിധാനം തകർന്നു.

ഈ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായ ബിഹാറിലും ജാർഖണ്ഡിലും കർഷകരും ആദിവാസികളും അണിനിരന്നു. വനിതകൾ കൂട്ടമായി തെരുവിലിറങ്ങി. സ്വജീവനെക്കാൾ മഹത്തരം ത്രിവർണ പതാകയുടെ അഭിമാനമാണെന്നു കരുതിയ മന്ദാകിനി ഹസ്‌ര താംലുക്കിൽ വെടിയേറ്റുവീണു. സ്വതന്ത്രമാക്കപ്പെട്ട പ്രദേശങ്ങളിൽ സമാന്തര ഭരണകൂടങ്ങൾ അധികാരമേറ്റു. എങ്കിലും 1943 മാർച്ച് മാസത്തോടെ ബ്രിട്ടിഷുകാർ ആധിപത്യം തിരിച്ചുപിടിച്ചു. 

മഹാത്മാ ഗാന്ധിയോടു കൈകോർത്തുനിന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് 1942 ഓഗസ്റ്റ് 17നു ദേശത്തോടുള്ള പ്രഭാഷണത്തിൽ ചോദിച്ചതിങ്ങനെ: ഇന്ത്യ ആരായുന്നു, എവിടെ ഞങ്ങളുടെ സ്വാതന്ത്ര്യം? ഏഴു കടലുകൾക്കപ്പുറം അലയടിക്കുന്ന ആ ചോദ്യത്തിനു വാഷിങ്ടണിൽനിന്നു മറുപടിയില്ല. ഇന്ത്യ വീണ്ടും ചോദിക്കുന്നു, അറ്റ്ലാന്റിക് ചാർട്ടർ എവിടെ? വാഷിങ്ടണും ഡൗണിങ് സ്ട്രീറ്റും  ഒരേസ്വരത്തിൽ പറയുന്നു: അത് ഇന്ത്യയ്ക്കുള്ളതല്ല! 

2017 മുതൽ 2022 വരെയുള്ള അഞ്ചു വർഷം ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം മുതൽ സ്വാതന്ത്ര്യം വരെയുള്ള അഞ്ചു വർഷങ്ങൾക്കു സമാനമായി ‘സങ്കൽപത്തിൽനിന്നു സിദ്ധി’യിലേക്കുള്ള യാത്രയാകണമെന്നു പ്രധാനമന്ത്രി പറയുന്നു. 

എന്നാൽ, സങ്കൽപവും യാഥാർഥ്യവും തമ്മിലുള്ള അന്തരം നാം മറക്കാതിരിക്കുക. സ്വതന്ത്ര ഇന്ത്യയുണ്ടായി. പക്ഷേ, അത് ഐക്യ ഇന്ത്യയായിരുന്നില്ല. ഈ കുറ്റസമ്മതം ജവാഹർ ലാൽ നെഹ്റുവിന്റെ പ്രഖ്യാത സ്വാതന്ത്ര്യ പ്രസംഗത്തിലുണ്ട്. ‘നാം പലപ്പോഴും മഹാത്മാവിന്റെ അനർഹരായ അനുയായികൾ, ആ സന്ദേശമുൾക്കൊള്ളാൻ മടിക്കുന്നവർ’, അദ്ദേഹം പരിതപിച്ചു. 

ഇതേസമയം, മഹാത്മാ ഗാന്ധിയുടെ മൗനം നെഹ്റുവിന്റെ വാഗ്മിത്വത്തെക്കാൾ ഉദാത്തമായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസം കൊൽക്കത്തയിലാണ് അദ്ദേഹം ചെലവഴിച്ചത്. ‘എനിക്കു വാക്കുകൾ നഷ്ടമായിരിക്കുന്നു’വെന്നാണു സന്ദേശമാവശ്യപ്പെട്ട വാർത്താവിതരണ മന്ത്രാലയത്തിന് അദ്ദേഹം മറുപടി നൽകിയത്. 1947 ഓഗസ്റ്റ് 15നു കൊൽക്കത്തയിൽ ഹിന്ദുക്കളും മുസ്‌ലിംകളും ‘ജയ് ഹിന്ദ്’ എന്ന് ഒന്നിച്ചു വിളിച്ചതു മഹാത്മാവിന്റെ ധാർമികശക്തിയുടെ ബലത്തിലാണ്. 

മതമില്ലായ്മ മതത്തിന്റെ മുഖംമൂടിയണിയുന്നതിനെക്കുറിച്ചു മഹാത്മാ ഗാന്ധി ഉൾക്കാഴ്ചയോടെ നമുക്കു മുന്നറിയിപ്പു നൽകി. ഒരു മുസ്‌ലിമിനുപോലും അരക്ഷിതത്വം തോന്നരുതെന്ന് അദ്ദേഹം സ്വതന്ത്ര ഇന്ത്യയെ ഓർമിപ്പിച്ചു. അതിനു പിന്നാലെ, 1948 ജനുവരി 12ന് അദ്ദേഹം സമാധാനത്തിനുവേണ്ടി തന്റെ ജീവിതത്തിലെ അവസാന നിരാഹാരം തുടങ്ങി. വർഗീയതയുടെ വിഷം ഒഴിവാക്കി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ദേശസ്നേഹം മനസ്സിൽ നിറയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സന്ദേശങ്ങളിലൊന്ന്. 

നരേന്ദ്ര മോദി 2022ലെ പുതിയ ഇന്ത്യയെക്കുറിച്ചു പറയുന്നു. ചരിത്രത്തിലെ മഹാനേതാക്കളിൽനിന്നു പ്രചോദനമുൾക്കൊള്ളുന്ന നാമും പുതിയ ഇന്ത്യ സ്വപ്നം കാണുന്നു. ‘കർഷകന്റെയും മത്സ്യത്തൊഴിലാളിയുടെയും ചെരുപ്പുകുത്തിയുടെയും തൂപ്പുകാരന്റെയും കുടിലിൽനിന്നു പുതിയ ഇന്ത്യ പിറക്കട്ടെ’യെന്നാണു സ്വാമി വിവേകാനന്ദൻ പറഞ്ഞത്.

വർഗത്തിന്റെയും ജാതിയുടെയും അതിരുകളെ ഭേദിച്ച സമത്വസന്ദേശമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീയെ അടിച്ചമർത്തുന്നതും ജാതിയുടെ നുകത്തിൽ പാവങ്ങളെ ക്രൂശിക്കുന്നതും ഏറ്റവും വലിയ വിപത്തുകളാണെന്ന് അദ്ദേഹം വിശ്വസിച്ചു. സാർവത്രിക സഹിഷ്ണുതയ്ക്കൊപ്പം എല്ലാ മതങ്ങളും സത്യമാണെന്നും നാം അംഗീകരിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുരാതന ഇന്ത്യയുടെ ദോഷങ്ങളില്ലാത്ത പുതിയ ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വ‌പ്നം.

ഇന്ന്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഴയ കാലത്തെ വിദ്വേഷം പുനർജനിക്കുന്നതു നാം കാണുന്നു. 1890 കളിൽ തലപൊക്കിയ ഗോസംരക്ഷണ പ്ര‌സ്ഥാനങ്ങളും 1920 കളിലെ ശുദ്ധി, സംഘടൻ പ്രസ്ഥാനങ്ങളും വീണ്ടും രംഗത്തെത്തുകയായി. കൃത്യം നൂറുവർഷം മുൻപു  രവീന്ദ്രനാഥ് ടഗോർ പ്രസിദ്ധീകരിച്ച ‘ദേശീയത’യെന്ന ഗ്രന്ഥത്തിനു പ്രവചനസ്വഭാവമുണ്ടായിരുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ വേറിട്ടു ചിന്തിക്കാൻ അനുവദിക്കാതെ സഹജീവിയുടെ ജീവിതം ദുഷ്കരമാക്കുന്ന അയുക്തിക മനസ്സിനെക്കുറിച്ചാണ് അദ്ദേഹം അതിൽ മുന്നറിയിപ്പു നൽകിയത്. അയു‌ക്തിക നിർബ‌ന്ധങ്ങൾക്കു ‌പിന്നിലെ ‌പ്രേരകശക്തികളെ വരുതിയിൽ ‌നിർത്താൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു.

യുക്തിസഹമായ അഭിപ്രായവ്യത്യാസങ്ങൾക്കു നേരെയുണ്ടാകുന്ന ഭീതിദ ആക്രമണങ്ങൾക്കിടയിലും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു ശുഭ‌പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു.  അടുത്ത അഞ്ചു വർഷം മാറ്റത്തിന്റേതായിരിക്കുമെന്നു പ്രധാനമന്ത്രി പറയുന്നു. ഭരണഘടനാപരമായി ഏറ്റവും ഉയർന്ന മൂന്നു പദവികൾ വഹിക്കുന്നത് ഒരേ ആശയത്തിന്റെ വക്താക്കളാകുന്നതുകൊണ്ടാണു മാറ്റത്തിന്റെ കാലമെത്തി എന്ന് അദ്ദേഹം പറയുന്നതെങ്കിൽ നാം ആശങ്കാകുലരാകണം.

വർഗീയത ഉൾപ്പെടെ എല്ലാ വിപത്തുകളും 2022ൽ ഇല്ലാതാകണമെന്ന് അദ്ദേഹം ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ വിദ്വേഷവിഷം പരത്തുന്നവർക്കെതിരെയും മതത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർക്കെതിരെയും അദ്ദേഹം അസന്ദിഗ്ധമായി ശബ്‌ദിക്കട്ടെ.

മഹാത്മാ ഗാന്ധിയും നേതാജി സുഭാഷ് ചന്ദ്ര ബോസും ജവാഹർ ലാൽ നെഹ്റുവും ഉൾപ്പെട്ട നേതൃനിര സ്വാതന്ത്ര്യത്തിലേക്കുള്ള ധീരയാത്രയിൽ നമ്മെ ഇടറാതെ നയിച്ചു. ഇന്ന്, ഒരു സമുദായത്തിന്റെയും ഒരു ഭാഷയുടെയും ആധിപത്യത്തിനു കീഴിൽ നാം വീണ്ടും പരതന്ത്രരാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട സമയമായിരിക്കുന്നു.

കക്ഷിരാഷ്ട്രീയത്തിന്റെ ഗർത്തങ്ങളിലല്ല, ആശയങ്ങളുടെ ഭൂമികയിലാണ് ഇന്ത്യയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമുണ്ടാവേണ്ടത്. അതുകൊണ്ട് അടുത്ത അഞ്ചു വർഷം ആരോഗ്യകരമായ ജനാധിപത്യത്തിനു സമർപ്പിക്കുക.