ക്വിറ്റ് ഇന്ത്യ പ്രമേയം 1942 ഓഗസ്റ്റ് എട്ടിന് ബോംബെ കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റു അവതരിപ്പിച്ചു. ഗോവാലിയ ടാങ്ക് മൈതാനത്തെ സമ്മേളനത്തിൽ ‘പോരാടുക, അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം ഗാന്ധിജി മുഴക്കി.
വൈകാതെ ബ്രിട്ടിഷ് സർക്കാർ നടപടി തുടങ്ങി. അർധരാത്രിയോടെ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും അടക്കമുള്ള കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളെയും പ്രഭാത പ്രാർഥനയ്‌ക്കെഴുന്നേറ്റ ഗാന്ധിജിയേയും അറസ്‌റ്റ് ചെയ്‌തു.
ഓഗസ്‌റ്റ് ഒൻപത് പുലർന്നതോടെ അറസ്റ്റ് വാർത്ത കാട്ടുതീപോലെ പടർന്നു. രാജ്യമെങ്ങും നിയമലംഘനങ്ങളും പ്രകടനവും നടന്നു.ബ്രിട്ടിഷ് സൈന്യം സമരത്തെ ആയുധമുപയോഗിച്ചു നേരിടാൻ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം പൊലീസ് വെടിവയ്‌പുകൾ.
ആയിരത്തോളം പേർ കൊല്ലപ്പെട്ടു. ആറായിരത്തോളം പേരെ ജയിലിൽ അടച്ചു.റെയിൽവേ സ്‌റ്റേഷനുകളും പോസ്‌റ്റ് ഓഫിസുകളും പൊലീസ് സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു.