Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളഭാഷാ സാങ്കേതിക വിദ്യാനയം കൊണ്ടുവരും: മുഖ്യമന്ത്രി

MM-seminar മലയാള മനോരമയും മലയാളം സർവകലാശാലയും ചേർന്നു തിരുവനന്തപുരത്തു നടത്തിയ ഇ മലയാളം ആശയക്കൂട്ടത്തിൽനിന്ന്.

ഡിജിറ്റൽ യുഗത്തിൽ മലയാളത്തെ കൈപിടിച്ചുയർത്താൻ സർക്കാർ മലയാളഭാഷാ സാങ്കേതിക വിദ്യാനയം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാസാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്കു സർക്കാർ രൂപംനൽകും. ഐടി വകുപ്പും മലയാളം സർവകലാശാലയും ചേർന്നായിരിക്കും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. 

മലയാള മനോരമയും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയും ചേർന്നു തിരുവനന്തപുരത്തു സംഘടിപ്പിച്ച ഇ മലയാളം ആശയക്കൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സ്ഥാപനങ്ങൾ രൂപം നൽകുന്ന ഭാഷാസാങ്കേതിക വിദ്യകൾ പൊതുജനങ്ങൾക്കു നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സോഫ്റ്റ്‌വെയറുകൾ ഡിസംബറിനകം ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പ്രസിദ്ധീകരിക്കും. വിദഗ്ധരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാഷാസാങ്കേതിക വിദ്യയുടെ വികാസത്തിനായി ഓൺലൈൻ ജേണൽ തുടങ്ങും. 

ലിപിവിന്യാസത്തിൽ അഭിപ്രായൈക്യമുണ്ടാക്കി യൂണികോഡ് കൺസോർഷ്യത്തിന്റെ അംഗീകാരം തേടും. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രോൽസാഹിപ്പിക്കാൻ നടപടി തുടരും. പാഠപുസ്തകങ്ങൾ യൂണികോഡിൽ അച്ചടിക്കാനുള്ള സംവിധാനം ഒരുക്കും. 

ഭാഷാസാങ്കേതികവിദ്യാ മേഖലയിൽ സർക്കാർ ഏജൻസികൾ നടത്തുന്ന ഇടപെടലുകൾ ഓഡിറ്റിങ്ങിനു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആശയക്കൂട്ടത്തിൽ ഉയർന്ന നിർദേശങ്ങൾ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു മുഖ്യമന്ത്രിക്കു സമർപ്പിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ മോഡറേറ്ററായിരുന്നു. ഐടി സെക്രട്ടറി എം. ശിവശങ്കർ, ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. 

ഡിജിറ്റൽ യുഗത്തിലെ മലയാളം

മലയാളത്തെ സ്നേഹിക്കുന്നവർ ഏറെക്കാലമായി മുന്നോട്ടു വയ്ക്കുന്ന പൊതുകൂട്ടായ്മയ്ക്കാണു മലയാള മനോരമയും മലയാളം സർവകലാശാലയും ചേർന്ന് ഇ മലയാളം ആശയക്കൂട്ടത്തിലൂടെ വേദിയൊരുക്കിയത്. ഡിജിറ്റൽ യുഗത്തിൽ മലയാളത്തിന്റെ ഭാവി തിളക്കമുള്ളതാക്കാനുള്ള നിർദേശങ്ങളാണു ചർച്ചയിൽ പ്രധാനമായും ഉയർന്നത്. 

ഭാഷാസാങ്കേതിക വിദ്യാരംഗത്തു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും കൈകോർത്താൽ മാത്രമേ ഇപ്പോഴത്തെ പോരായ്മകൾ പരിഹരിച്ചു മുന്നേറാൻ കഴിയൂ എന്ന് ആശയക്കൂട്ടം അഭിപ്രായപ്പെട്ടു. ഇതിൽ പങ്കെടുത്ത വിദഗ്ധർ മുന്നോട്ടുവച്ച നിർദേശങ്ങളെല്ലാം സ്വീകരിച്ച മുഖ്യമന്ത്രി അവ പരിശോധിച്ചു നടപ്പാക്കുമെന്ന ഉറപ്പും നൽകി. 

പ്രധാന ശുപാർശകൾ

∙ മലയാള ഭാഷാ സാങ്കേതികവിദ്യാ നയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അധ്യക്ഷനും ഐടി സെക്രട്ടറി കൺവീനറുമായി ഭാഷാ വിദഗ്ധർ, സാങ്കേതികവിദഗ്ധർ, ഭാഷാസ്നേഹികൾ എന്നിവരുടെ സമിതി.

∙ ഭാഷാ ഏകീകരണത്തിലെ കുറവുകൾ പരിഹരിക്കാൻ കൃത്യമായ ഏജൻസിയെ കണ്ടെത്തുക.

∙ ഭാഷാ കംപ്യൂട്ടിങ് പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ ഉറപ്പാക്കുക.

∙ പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ യുണികോഡ് പിന്തുണയുള്ള പേജിനേഷൻ സോഫ്റ്റ്‍വെയർ വിതരണം ചെയ്യാൻ സർക്കാർ സംവിധാനം.

∙ കംപ്യൂട്ടിങ് സൗകര്യങ്ങൾ രൂപപ്പെടുത്താ‍ൻ ഭാഷാ ഇൻകുബേഷൻ സെന്ററുകൾ.

∙ ഡിസൈൻ ഫോണ്ടുകൾ രൂപപ്പെടുത്താനുള്ള ശ്രമം.

∙ വിവിധ ഏജൻസികൾ പദ്ധതികൾ ഏറ്റെടുക്കുന്നതിലെ ആവർത്തനം ഒഴിവാക്കാൻ സംവിധാനം

∙ ഭാഷാ കംപ്യൂട്ടിങ്ങിനായി ഏകീകരിച്ച സഞ്ചിതപദനിധി (കോർപസ്) രൂപപ്പെടുത്തുകയും അവ പൊതുസമൂഹത്തിനു തുറന്നുകൊടുക്കുകയും ചെയ്യുക.

∙ ഫോണ്ടുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങളിൽ പൊതുജനപങ്കാളിത്തം.

∙ വിക്കി ശ്രമങ്ങൾക്കു സർക്കാർതലത്തിൽ പ്രോത്സാഹനം.

∙ സാധാരണക്കാർക്കായി ലളിതമായ മൊബൈൽ ഭാഷാ കംപ്യൂട്ടിങ് സോഫ്റ്റ്‍വെയറുകൾ ഉറപ്പാക്കുക.

∙ ഗസറ്റ്, സർക്കാർ ഉത്തരവുകൾ എന്നിവ പൂർണമായും യുണികോഡിലേക്കു മാറ്റുക.

∙ ലിപിചിത്രീകരണം, ഉപയോഗം എന്നിവ സംബന്ധിച്ച നിയമങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാൻ ശ്രമം.

∙ സന്നദ്ധപ്രവർത്തകർക്കു ഫോണ്ടുകൾ രൂപപ്പെടുത്താൻ സാമ്പത്തിക പിന്തുണ. 

∙ ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ എന്നിവയിൽ നിലവിലുള്ള തർക്കങ്ങളിൽ ഏകീകരണം.

∙ ഭാഷാ ഏകീകരണത്തിനായി മലയാളം സർവകലാശാലയുടെ സേവനം ഉറപ്പാക്കുക.

∙ മലയാളം സ്പെൽ ചെക്കർ സേവനം രൂപപ്പെടുത്താൻ സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം.

∙ സർക്കാർ നിർമിക്കുന്ന വിവരശേഖരം വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കാൻ സംവിധാനം.

ലിപിയിലെ ഏകീകരണം അത്യാവശ്യം

മീറ്ററെന്ന് എഴുതിയാൽ ‘മീററ്റെ’ന്നും ‘മീറ്ററെ’ന്നും വായിക്കുന്ന ഒരു കാലം മലയാള ഭാഷാ കംപ്യൂട്ടിങ്ങിലുണ്ടായിരുന്നു. റ്റ, ന്റ എന്നിവ നിരത്തി എഴുതണോ, അടുക്കി എഴുതണോ എന്ന കാര്യത്തിൽ വർഷങ്ങളായുള്ള തർക്കവും ഇ മലയാളം ആശയക്കൂട്ടത്തിലെ കൗതുകമായി.  

നിരത്തി എഴുതിയ കാലത്ത് ‘റോഡിലെ അറ...റ...കുറ...റ...പണികൾ’ എന്നു വായിച്ചു കളിയാക്കിയിരുന്നവരും അധികമായിരുന്നു. ലിപിയിലെ ഏകീകരണമില്ലായ്മ ഈയിടെയായി ഏറെക്കുറെ പരിഹരിച്ചെങ്കിലും ഇന്നും മലയാളം ഭാഷാ കംപ്യൂട്ടിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണെന്ന് ആശയക്കൂട്ടം അഭിപ്രായപ്പെട്ടു. 

ന്റ, റ്റ എന്നിവ വിവിധ രീതിയിൽ എഴുതുന്നതു നമുക്കു മനസ്സിലാകുമെങ്കിലും കംപ്യൂട്ടറിന് ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. 

യുണികോഡ് ലിപി ഏകീകരിക്കുന്ന യുണികോ‍ഡ് കൺസോർഷ്യം ഇപ്പോഴും ‘ന്റ്’ എഴുതുമ്പോൾ ചില്ലക്ഷരത്തിനൊപ്പം ചന്ദ്രക്കല ഉപയോഗിക്കുന്ന രീതി പിന്തുടരുന്നു. എന്നാൽ ഗൂഗിൾ ഉൾപ്പെടെയുള്ളവ ഇതു പിന്തുടരുന്നില്ല. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് ഉൾപ്പെടെയുള്ള സന്നദ്ധസംഘങ്ങൾ ഇതിൽ ഏകീകരണം വേണമെന്ന് ആവശ്യമുയർത്തുന്നുണ്ട്. 

ചെറുതെന്നു തോന്നുമെങ്കിലും ഇത്തരം കാര്യങ്ങളിലെ മാനനീകരണമാകും ഭാഷാ കംപ്യൂട്ടിങ്ങിലെ പുത്തൻ സാധ്യതകൾ തുറക്കുന്നത്.

മലയാളഭാഷാ കംപ്യൂട്ടിങ്: അക്കാദമികലോകവും സാങ്കേതികസ്ഥാപനങ്ങളും ഒത്തുചേരുന്നു

മലയാളഭാഷാ കംപ്യൂട്ടിങ് കൂടുതൽ കാര്യക്ഷമമാക്കാനായി അക്കാദമികലോകവും സാങ്കേതികസ്ഥാപനങ്ങളും ഒത്തുചേരുന്നു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഗവേഷണ രംഗത്തെ സർക്കാർ സ്ഥാപനമായ ഐസിഫോസും (ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ) പങ്കാളിത്തം ഉറപ്പാക്കാൻ ധാരണയായി. 

മലയാള മനോരമ നടത്തിയ ഇ മലയാളം ആശയക്കൂട്ടത്തിലാണു നിഘണ്ടു നിർമാണത്തിനായി സർവകലാശാല ശേഖരിച്ച ഒരുലക്ഷത്തിലധികം പദങ്ങളുള്ള സഞ്ചിതനിധി (കോർപസ്) ഐസിഫോസുമായി പങ്കുവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഓരോരോ പദങ്ങളും കർമം, ക്രിയ, കർത്താവ് എന്നിങ്ങനെ തരംതിരിച്ച് കംപ്യൂട്ടറിനു മനസ്സിലാക്കാവുന്ന ടാഗ്ഡ് കോർപസ് ആക്കി ഐസിഫോസ് ഇതിനെ മാറ്റും. മലയാളം സ്പെൽ ചെക്ക്, മെഷീൻ പരിഭാഷ എന്നിവയ്ക്ക് ഇതു മുതൽക്കൂട്ടാകുമെന്നാണു സൂചന. 

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ 4,500ലധികം പുസ്തകങ്ങളും സഞ്ചിതപദനിധിയിലേക്കു പങ്കുവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

വിഡിയോ ഗെയിമിലൂടെ മലയാള പഠനം

കെ. ജയകുമാർ, വൈസ് ചാൻസലർ - മലയാളം സർവകലാശാല

പണ്ടത്തേതുപോലെ കുട്ടികളെ മണലിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കണമെന്ന വാശിയില്ല. ഭാഷാ കംപ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ മലയാളം സർവകലാശാലയെ ജനപങ്കാളിത്തത്തോടെ കൂടുതൽ ഗവേഷണസൗഹൃദമാക്കാൻ ശ്രമിക്കും. വിഡിയോ ഗെയിമുകളിലൂടെ മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സർക്കാർ ഏജൻസികളെ തമ്മിൽ ഏകോപിപ്പിക്കാൻ സംവിധാനമുണ്ടാകണം.

ലളിതമായ ടൂളുകൾ വികസിപ്പിക്കണം

എം. ശിവശങ്കർ, സെക്രട്ടറി - ഐടി വകുപ്പ്

സ്മാർട്ഫോണുകളുടെ കാലത്ത് ഹാൻഡ്റൈറ്റിങ്, വോയ്സ് ഇൻപുട്ടുകൾ ഉപയോഗിച്ചു മലയാളം ഉപയോഗം എളുപ്പത്തിലാക്കാൻ കഴിഞ്ഞെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞാൽത്തന്നെ ആദ്യകടമ്പ കഴിഞ്ഞു. ലളിതമായ ടൂളുകൾ വികസിപ്പിക്കുന്നതിലാവണം ശ്രദ്ധ. മലയാളത്തിനു ഭാഷാപരമായി ഒട്ടേറെ പ്രത്യേകതകളുണ്ട്. സ്റ്റാർട്ടപ് പരിതസ്ഥിതി പോലെ ഭാഷാ ഇൻകുബേഷൻ സെന്ററുകളാണു കാലത്തിന്റെ ആവശ്യം.

സംവിധാനങ്ങൾ നിശ്ചലമാകരുത്

ഡോ. ബി. ഇക്ബാൽ, ആസൂത്രണ ബോർഡ് അംഗം

മലയാളം കംപ്യൂട്ടിങ്ങിന്റെ കാര്യത്തിൽ സർക്കാർതല സംവിധാനങ്ങളിൽ നിശ്ചലാവസ്ഥ വന്നിട്ടുണ്ടോയെന്നു പരിശോധിക്കണം. ലിപിയുടെ ഏകീകരണത്തിനാകണം പ്രഥമ പരിഗണന. യുണികോഡ് കൺസോർഷ്യത്തിൽ ഇപ്പോഴും കേരളത്തിന് അംഗത്വമില്ലെന്നാണു മനസ്സിലാക്കുന്നത്. സോഫ്റ്റ്‌വെയറുകൾ കുത്തകകളുടെ കയ്യിലേക്കു പോകരുത്.

കുറവുകൾ പരിഹരിക്കണം

കെ. അൻവർ സാദത്ത്, വൈസ് ചെയർമാൻ - കൈറ്റ്

ഭാഷാ കംപ്യൂട്ടിങ്ങുമായി പല കാലങ്ങളിൽ ആരംഭിച്ച ശ്രമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചു കുറവുകൾ പരിഹരിക്കണം. ശ്രമങ്ങൾ പരാജയമാണെങ്കിൽപോലും അതിൽനിന്നു പഠിക്കാനുണ്ടാകുമല്ലോ. ഇത്തരം ശ്രമങ്ങളുടെ ക്രോഡീകരണം ആര് ഏറ്റെടുക്കുമെന്നതിലും വ്യക്തത വേണം. ലിപിയിലെ വ്യത്യാസം കുട്ടികളുടെ പഠനത്തെ ഇതുവരെ ബാധിച്ചിട്ടില്ല. 

സോഫ്റ്റ്‌വെയറുകൾ: സൗകര്യമൊരുക്കണം

സന്തോഷ് തോട്ടിങ്ങൽ, വിക്കിമീഡിയ

സോഫ്റ്റ്‌വെയർ  നിർമിക്കുന്നതിനെക്കാൾ അതിനുള്ള അടിസ്ഥാനസൗകര്യം നൽകുകയാകണം സർക്കാരിന്റെയും സർവകലാശാലകളുടെയും ദൗത്യം. സന്നദ്ധസംഘങ്ങൾക്കു സാമ്പത്തിക ചുറ്റുപാടുകൾ തടസ്സമാകാറുണ്ട്. എങ്കിലും ഇപ്പോൾ കാണുന്ന 12 ജനപ്രിയ ഫോണ്ടുകളും ഇങ്ങനെ നിർമിച്ചതാണെന്നു മറന്നുകൂടാ.

യുണികോഡ്: പിന്തുണ വേണം

മനോജ് പുതിയവിള, ഇൻഫർമേഷൻ വകുപ്പ്

യുണികോഡിലേക്ക് ഇതുവരെ പൂർണമായും മാറാൻ കഴിഞ്ഞിട്ടില്ലാത്ത പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കു സർക്കാർതലത്തിൽ പിന്തുണ നൽകാൻ കഴിയണം. ഇല്ലെങ്കിൽ 40,000 ലധികം ഡിടിപി സെന്ററുകൾ പ്രതിസന്ധിയിലാകും.

പൊതുജനത്തിന് ലഭ്യമാക്കണം

ഡോ. ആർ.ആർ. രാജീവ്, ഐസിഫോസ്

മലയാളത്തിലെ വാക്കുകളുടെ സഞ്ചിതനിധി (കോർപസ്) രൂപപ്പെടുത്തുന്നതോടൊപ്പം അവ പൊതുജനത്തിനു ലഭ്യമാക്കാൻ കഴിയുന്ന സംവിധാനവും ഉറപ്പാക്കണം. മലയാളം സർവകലാശാലയുടെ സഞ്ചിതപദനിധി ടാഗ് ചെയ്തു വികസിപ്പിക്കാൻ ഐസിഫോസിനു കഴിയുമെന്നാണു പ്രതീക്ഷ.

പ്രാദേശികഭാഷ: ശ്രദ്ധ വേണം

ഡോ. ഗോവിന്ദരു, സി ഡിറ്റ്

ഭാഷാ കംപ്യൂട്ടിങ്ങിൽ ഏതൊക്കെ ഏജൻസികൾക്ക് എന്തൊക്കെ സംഭാവന ചെയ്യാൻ കഴിയുമെന്നു കൃത്യമായ നിശ്ചയമുണ്ടാകണം. മൊബൈൽ ആപ്പുകളുടെ കാലത്തെ പ്രാദേശികഭാഷാ ഉപയോഗത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തണം.

ഏകീകരണം നിർബന്ധം

വി.കെ.ഭദ്രൻ, അസോഷ്യേറ്റ് ഡയറക്ടർ - സി ഡാക്

മലയാളത്തിലെ പദങ്ങളുടെ സഞ്ചിതനിധിയുണ്ടാക്കുമ്പോൾ ഏകീകരണം നിർബന്ധമാക്കണം. ഇല്ലെങ്കിൽ കൂടുതൽ സങ്കീർണമായി മാറും.

യുണികോഡ് അത്യാവശ്യം

ഡോ. ഷിബു ശ്രീധർ, അസിസ്റ്റന്റ് ഡയറക്ടർ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

യുണികോഡിന്റെ ഗുണത്തെക്കുറിച്ചുള്ള ദീർഘമായ ലേഖനം പഴയ ആസ്കി (ASCII) ഫോണ്ടിൽ എഴുതുന്നവരാണ് ഇവിടെയുള്ളത്. ചില സർക്കാർ സൈറ്റുകളിൽ ഡയറക്ടറുടെ പേരു നൽകിയിരിക്കുന്ന ലിപി കണ്ടാൽ നിലവിളിച്ചുപോകും.

അടിത്തറ ശക്തമാക്കണം

സെബിൻ ഏബ്രഹാം ജേക്കബ്, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്

മലയാള ഭാഷാ കംപ്യൂട്ടിങ്ങിന് അതിന്റെ ഘടന പഠിക്കാൻ മോർഫോളജി അനലൈസർ എന്ന സംവിധാനമാണ് അടിസ്ഥാനം. സർക്കാരിന്റെ ശ്രമങ്ങൾ വെറും സോഫ്റ്റ്‌വെയർ നിർമാണത്തിൽ ഒതുങ്ങാതെ സന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തോടെ ഇത്തരം അടിത്തറ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഇനി നയിക്കുക സാങ്കേതികവിദ്യ

പ്രഫ. ശ്രീനാഥ്, മലയാളം സർവകലാശാല

കാലമിത്ര കഴിഞ്ഞിട്ടും പഴയകാല ഭാഷാവിദഗ്ധരുടെ കടുംപിടിത്തം മൂലം ഭാഷാശാസ്ത്രത്തിൽ കാര്യമായ വികാസമുണ്ടായിട്ടില്ല. ഇനി സാങ്കേതികവിദ്യയായിരിക്കും ഭാഷയുടെ രൂപമാറ്റത്തെ നയിക്കുക എന്നുറപ്പ്.