സിപിഐയുടെ അകംപുറം

മലപ്പുറം ഇതുപോലെ ചുവന്നുകണ്ടതു 13 വർഷം മുമ്പാണ്. അന്നു സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനമായിരുന്നുവെങ്കിൽ ഇന്നു സിപിഐയുടേത്. കേരളരാഷ്ട്രീയത്തിന്റെ ശ്രദ്ധ സിപിഎം സംസ്ഥാന സമ്മേളനവേദിയായ തൃശൂരിൽനിന്നു ദിവസങ്ങൾക്കുള്ളിൽ മലപ്പുറത്തേക്കു മാറിയിരിക്കുന്നു. തൃശൂരിലെ വേദിയിൽ കെ.എം. മാണിയെ കൂടെയിരുത്തി ഇടതുമുന്നണിക്ക് അദ്ദേഹത്തിന്റെ പിന്തുണ വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീർത്തുപറഞ്ഞതിന്റെ അലയൊലികൾ ഒടുങ്ങാത്ത അന്തരീക്ഷത്തിലാണ് ഇതാദ്യമായി മലപ്പുറത്തു സിപിഐ സമ്മേളനത്തിനു കൊടിയുയർന്നത്.

കാനം പ്രസംഗിച്ചു വൈകാതെ സിപിഐ ആസ്ഥാനത്തു പ്രവർത്തിക്കുന്ന ഒരു മുതിർന്ന നേതാവിന് ഒരു ഫോൺവിളിയെത്തി. ‘‘നിങ്ങളുടെ സെക്രട്ടറി പറഞ്ഞതിനു ഞാനും കയ്യടിച്ചു സഖാവേ’’. തലസ്ഥാനത്തെ സിപിഎം പ്രവർത്തകനായിരുന്നു ഇങ്ങേത്തലയ്ക്കൽ. സിപിഎമ്മിനകത്തും കയ്യടി നേടുന്നവരിലൊരാളായി കാനം മാറുന്നതാണു പുറത്തെ ചിത്രം. സിപിഐക്ക് അകത്തെയോ? 

ജില്ലകളിലെ കരുനീക്കങ്ങൾ

കൊല്ലം സംസ്ഥാന സമ്മേളനത്തിലേക്കു നീങ്ങുമ്പോൾ അന്നു സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പനു പാർട്ടിയിലാകെയുണ്ടായിരുന്ന സ്നേഹാദരങ്ങൾ അതേ തോതിൽ ഇന്നു കാനത്തിന് അവകാശപ്പെടാമെന്നാണ് ഒരു ആരാധകൻ അവകാശപ്പെട്ടത്. അതായത്, അകത്തും കാനം ശക്തനാണ്.

അപ്പോൾ ജില്ലാസമ്മേളനങ്ങളിൽ ഉയർന്ന പൊട്ടലും ചീറ്റലുമോ? നാലു ജില്ലാസമ്മേളനങ്ങളിൽ മത്സരം നടന്നു. വയനാട്ടിൽ കെ.ഇ. ഇസ്മായിലിനെ അനുകൂലിക്കുന്ന ജില്ലാസെക്രട്ടറിയെ മാറ്റാനായി ഔദ്യോഗികപക്ഷം നടത്തിയ നീക്കത്തിനു മറുഭാഗം മറുപടി നൽകിയതു പകരം ജില്ലാസെക്രട്ടറിയാക്കാൻ അവർ കണ്ടുവച്ചയാളെ  ജില്ലാകൗൺസിലിൽനിന്നുതന്നെ തോൽപിച്ചു പുറത്താക്കിയാണ്. എറണാകുളത്തെ വോട്ടെടുപ്പിൽ ഇസ്മായിലിന്റെ വിശ്വസ്തനായ ജില്ലാസെക്രട്ടറി പി. രാജു കഷ്ടിച്ചാണു ജില്ലാകൗ‍ൺസിലിലേക്കു കടന്നുകൂടിയത്. പാലക്കാട്ടെ വോട്ടെടുപ്പി‍ൽ ഔദ്യോഗികവിഭാഗത്തിന്റെ രണ്ടു വിശ്വസ്തർ തോറ്റു. പത്തനംതിട്ടയിൽ ഇസ്മായിൽ വിഭാഗത്തിന്റെ ജില്ലാസെക്രട്ടറിയെ മാറ്റാനായി മറുവിഭാഗം വോട്ടെടുപ്പു സംഘടിപ്പിച്ചുവെങ്കിലും പരാജയപ്പെട്ടു. ഈ മത്സരങ്ങളെല്ലാം ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ സ്വാഭാവികമായ അവകാശവിനിയോഗം മാത്രമായിട്ടാണു സിപിഐ നേതാക്കൾ വിശേഷിപ്പിക്കുന്നത്. അതിലൊന്നും ഒരു വിഭാഗീയത ആരോപിക്കേണ്ടെന്നും.

നടന്നതെല്ലാം പക്ഷേ, അത്ര നിഷ്കളങ്കമാണെന്നു കെ.ഇ. ഇസ്മായിൽ എന്ന തിരിച്ചടിക്കു വാശിയുള്ള പഴയ പട്ടാളക്കാരനെ അടുത്തറിയാവുന്ന സിപിഐക്കാർ വാദിക്കില്ല. നിർവാഹകസമിതിയും കൗൺസിലും 14 ജില്ലാസമ്മേളനങ്ങളിലെ ഭൂരിപക്ഷസ്വരവും കാനത്തിന് അനുകൂലമായിരിക്കാം. എന്നാൽ, കേരളത്തിലെ പ്രധാന നേതാക്കളിൽ ഏറ്റവും മുതിർന്നയാളായ തനിക്ക് ഈ പാർട്ടിയെ ഒരിക്കൽ നയിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ടാണു കഴിഞ്ഞ കോട്ടയം സമ്മേളനത്തിൽ കാനത്തിനായി വഴിമാറിക്കൊടുക്കണമെന്നു കേന്ദ്രനേതാക്കൾ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചുചോദിച്ചത്: ‘‘എനിക്ക് എന്താണ് അർഹതക്കുറവ്?’ അന്നു മത്സരസന്നദ്ധനാകാൻ ഒരുങ്ങി അവസാനനിമിഷം പിന്മാറേണ്ടിവന്ന ഇസ്മായിൽ ആ മോഹം പൂർണമായും ഉപേക്ഷിച്ചോ?

ജില്ലാസമ്മേളനങ്ങളിലൂടെ വളർന്നുവന്ന ഭിന്നതകൾ ഉപയോഗിക്കാൻ ആ വിഭാഗം ശ്രമിച്ചേക്കുമെന്നുതന്നെയാണു സൂചന. സിപിഐയിൽ അതതു ജില്ലാ പ്രതിനിധി സംഘങ്ങളാണ് അവിടെനിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 89 അംഗ കൗൺസിലിൽ മുപ്പതോളം പേർ മാത്രമാണു സംസ്ഥാന ക്വോട്ട. ജില്ലകളിൽനിന്നു തങ്ങളെ  അനുകൂലിക്കുന്നവർ സംസ്ഥാന കൗൺസിലിലേക്കു കൂടുതലായി വരണമെന്നു കണ്ടുള്ള ഇസ്മായിൽ വിഭാഗത്തിന്റെ പരിശ്രമങ്ങൾ‍ മലപ്പുറത്തു നടക്കും. ആ മോഹം നടക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് സമ്മേളന റിപ്പോർട്ടിൽ ഇസ്മായിലിനെ ലക്ഷ്യമിട്ടുള്ള ഗുരുതരപരാമർശങ്ങൾ.

  

നേതൃനിരയിലെ സമവാക്യങ്ങൾ

അമരത്തേക്കു കാനം വീണ്ടും വരുന്നതു തടയാൻ കഴിയുമെന്ന പ്രതീക്ഷ എതിർചേരിക്കു തീരെയില്ല. പക്ഷേ, അദ്ദേഹത്തിന്റെ പൂർണാധിപത്യം ചെറുക്കാൻ പോന്ന ഒരു സംസ്ഥാന കൗൺസിൽ വന്നാൽ സംസ്ഥാന നിർവാഹകസമിതിയുടെ ഘടനയെയും സ്വാധീനിക്കും. ആ വഴിക്ക് ഒരു ശ്രമത്തിന് ഇസ്മായിൽ പക്ഷം കച്ചമുറുക്കിയാൽ അതിനു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ എല്ലാ ആശീർവാദവും ഉണ്ടായിരിക്കും. ഒരേമനസ്സോടെ ചിന്തിക്കുന്ന ഒരു സിപിഐ നേതൃത്വത്തെയാണ് അവർ കാംക്ഷിക്കുന്നത്, മാണിക്കും എതിരു പറയാത്ത സിപിഐ നേതൃത്വത്തെയാണ് അവർ മോഹിക്കുന്നത്.

നേതൃനിരയിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടിയായ കാനവും പന്ന്യൻ രവീന്ദ്രനും ദേശീയ നിർവാഹകസമിതി അംഗം ബിനോയ് വിശ്വവും ഒറ്റക്കെട്ടാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബുവും സത്യൻമൊകേരിയും ഇവരുടെ പടനായകന്മാരും. ദേശീയനിർവാഹകസമിതി  അംഗമായ ഇസ്മായിലിനുവേണ്ടി കരുക്കൾ നീക്കാൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി സി.എൻ. ചന്ദ്രനുണ്ട്. മന്ത്രിസഭയിൽനിന്നു വി.എസ്. സുനിൽകുമാറും കെ. രാജുവും അദ്ദേഹത്തിനായി നിൽക്കുന്നവർ.

ഒരിക്കൽ ഭാവി സംസ്ഥാന സെക്രട്ടറിസ്ഥാനം വരെ കാംക്ഷിച്ച സി. ദിവാകരനോ? ഇരുഭാഗത്തിനുമൊപ്പമാണെന്നു പറയാൻ കഴിയില്ല. എന്നാൽ, കാനത്തെ ഇളക്കി തന്നെ കൊണ്ടുവരാൻ ഇസ്മായിലിനു കഴിയുമെങ്കിൽ അദ്ദേഹം ഇസ്മായിൽ പക്ഷത്തായിരിക്കും. സിപിഎമ്മിന്റെ വിഭാഗീയത അതിന്റെ എല്ലാ അർഥത്തിലും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയതു 2005 ൽ ഇതേ മലപ്പുറത്തു നടന്ന സംസ്ഥാനസമ്മേളനത്തിൽ വച്ചായിരുന്നു. പിണറായി പക്ഷത്തിന്റെ ആധിപത്യം ഇല്ലാതാക്കാനായി 12 പേരെ വിഎസ് വോട്ടെടുപ്പിനിറക്കിയപ്പോൾ പാർട്ടിയാകെ നടുങ്ങിത്തരിച്ചു. ആ പന്ത്രണ്ടും തോറ്റമ്പി; ശേഷം പിണറായി വിജയൻ പിന്നോട്ടു നോക്കിയിട്ടില്ല.