Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കൊച്ചുകണ്ണുകൾ എന്നെ നോക്കുന്നു

Manju-Warrier

ഞാൻ എത്രയോ തവണ കരഞ്ഞിട്ടുണ്ട്. അതെല്ലാം എനിക്കു മുഖപരിചയമുള്ളവരെ ഓർത്തായിരുന്നു. ഇന്നലെ രാവിലെ പത്രം വായിച്ചപ്പോൾ കരഞ്ഞത് എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു കുട്ടിയെ ഓർത്താണ്. ജമ്മുവിലെ കഠ്‌വ ഗ്രാമത്തിൽ എട്ടോ പത്തോ പേർ ചേർന്നു മാനഭംഗപ്പെടുത്തി തലയ്ക്കു കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തിയ കുട്ടിയെ ഓർത്ത്.

ഒരു ചെറിയ മുറിയിൽ പൂട്ടിയിട്ടു ദിവസങ്ങളോളം മയക്കുമരുന്നുകൊടുത്ത് എട്ടോ പത്തോ പേർ മാറിമാറി ഉപദ്രവിച്ചെന്നു കേൾക്കുമ്പോൾ കാൽച്ചുവട്ടിൽനിന്നു മരവിപ്പ് അരിച്ചു കയറുന്നതുപോലെ തോന്നി. അവസാനം കല്ലുകൊണ്ടു തലയ്ക്കടിച്ചു കലുങ്കിനടിയിലേക്കു കുത്തിത്തിരുകുന്നതിനു മുൻപ് ഒരുതവണകൂടി അവളെ അവരിൽ ആരോ ഉപദ്രവിച്ചു. ഈ വാർത്ത എവിടെവച്ചാണു വായന നിർത്തിയതെന്ന് എനിക്കോർമയില്ല. 

മരണം ഭേദമാണെന്നു തോന്നുന്ന നിമിഷമായിരിക്കും അത്. മയങ്ങിത്തുടങ്ങിയപ്പോഴെ ആ കുട്ടി മരിച്ചു കാണണേ എന്നു പ്രാർഥിച്ചു പോകുന്നു. അറവുമൃഗമായി ജനിച്ചാൽപ്പോലും ഇതിലും മാന്യത കിട്ടും. അവർ ചെയ്യുന്നത് എന്താണെന്നുപോലും അറിയാതെ ആ കുഞ്ഞു മയങ്ങിക്കാണണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. 

പത്രം വായിക്കുമ്പോൾ എന്റെ ചങ്കിൽ എന്തോ വന്നു തടയുന്നതുപോലെ തോന്നി. അവളെ ചവിട്ടിയരച്ചതു പൊലീസുകാർകൂടി ചേർന്നായിരുന്നു. സത്യത്തിൽ കലുങ്കിനടിയിലേക്കു തള്ളിക്കയറ്റിയതു രാജ്യത്തെ എല്ലാ സ്ത്രീകളുടെയും മാനത്തെയാണ്. ചിലർ അങ്ങിനെ ആയിപ്പോയി എന്നു സമാധാനിക്കാൻ കഴിയുന്ന അവസ്ഥയല്ല ഇത്. എങ്ങനെ ഇങ്ങനെ ചിലരുണ്ടായി എന്നാലോചിക്കണം. ആ കുട്ടി നാടോടി കുടുംബത്തിലെ അംഗമായതിനാൽ അവർ കൂട്ടത്തോടെ നാടുവിട്ടു പോകാൻ വേണ്ടിയാണത്രേ ഇതു ചെയ്തത്. എന്റെ ഗ്രാമമായ പുള്ള് എനിക്കു പ്രിയപ്പെട്ടതാണ്. അതെന്റെ നാടാണ്. എന്നാൽ നാടോടികൾക്ക് ഈ നാടു മുഴുവൻ പ്രിയപ്പട്ടതാണ്. അവർ അലയുന്ന ഓരോ സ്ഥലവും അവരുടെ നാടാണ്. അവരോടു പോകാൻ പറയാൻ ഒരു ഗ്രാമത്തെ മാത്രം സ്നേഹിക്കുന്നവർക്ക് എന്തധികാരം. 

നിർഭയ പോലെ കുറെ ബഹളമുണ്ടാക്കി ഇതെല്ലാം അവസാനിക്കും. മതവും രാഷട്രീയുമെല്ലാം പറഞ്ഞ് ഇവരെല്ലാം വീണ്ടും വേട്ടയ്ക്കിറങ്ങും. വീടുകൾക്കുള്ളിലും കലുങ്കുകൾക്കടിയിലും പതുങ്ങിയിരിക്കുന്ന എത്രയോ കൊച്ചുമുഖങ്ങൾ മനസ്സിലേക്ക് ഓടിവരുന്നു. ബോധം മറയുന്നതിനു മുൻപു ആ എട്ടുവയസ്സുകാരി ദൈവത്തെ വിളിച്ചു കരഞ്ഞു കാണും. അമ്പലത്തിൽനിന്നു വലിച്ചു പുറത്തേക്കു കൊണ്ടുവരുമ്പോൾ ആ കുട്ടി ആ ദൈവത്തെയും വിളിച്ചു കാണില്ലേ. ഇതു ചെയ്തവരെ മൃഗങ്ങൾ എന്നു വിളിക്കാനാകില്ല. കാരണം, മൃഗങ്ങൾ  ഒരിക്കലും പറക്കമുറ്റാത്ത കുരുന്നുകളെ ചവിട്ടി അരയ്ക്കില്ല. ഇതു വിചിത്രമായ എന്തോ ജീവികളാണ്. മനുഷ്യരൂപമായെന്നു മാത്രം. അതുപോലും നമുക്ക് അപമാനമാണ്. 

ഈ ജീവികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിനെ ചിലർ എതിർത്തുവെന്നും വാർത്തകളിലുണ്ട്. സത്യത്തിൽ അവരും ഇതിൽ പ്രതികളാണ്. അതിലെ നിയമം എനിക്കറിയില്ല. പക്ഷേ, നിയമത്തിനും അപ്പുറം മനസ്സാക്ഷിയുടെ നിയമമുണ്ട്. ഇതു ചെയ്തവരുടെ രാഷ്ട്രീയവും മതവും പറഞ്ഞു തർക്കിച്ചു സമയം കളയരുത്. നമ്മുടെ ഇടയിലും മനസ്സിലെങ്കിലും ഇത്തരമൊരു ജീവിയെ ഒളിപ്പിച്ച ചിലരുണ്ടെന്നു നാം തിരിച്ചറിയണം. അതിന്റെ നിഴൽ പലപ്പോഴും നാം കണ്ടതുമാണ്.

സ്കൂളിലും വഴിയിലും വാഹനത്തിലുമെല്ലാം നമുക്ക് ഓരോ കുട്ടിയെയും ചേർത്തുപിടിക്കാൻ കഴിയണം. സുരക്ഷിതയാണെന്ന സന്തോഷത്തോടെ അവർ നമ്മുടെ മുഖത്തേക്കു നോക്കുന്നതു നമുക്കു കാണാനാകണം. വഴിയിൽ കാണുന്ന ഓരോ കുട്ടിയോടും പുറകെ നടക്കുന്നവർ പറയണം; ‘നടക്കുക, നിഴലായ് ഞാനുണ്ടെന്ന്.’ കണ്ണടയ്ക്കുമ്പോൾ കലുങ്കിനടിയിൽനിന്നു രണ്ടു കൊച്ചു കണ്ണുകൾ എന്നെ നോക്കുന്നതായി തോന്നുന്നു.