Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർണായകം, 4 ലഘുലേഖകൾ; ഒന്നിൽ മതപരാമർശം; മൂന്നെണ്ണത്തിൽ വ്യക്തിഹത്യ

KM Shaji

കെ. എം. ഷാജിക്കെതിരായ തിരഞ്ഞെടുപ്പു കേസിൽ നിർണായകമായതു പ്രചാരണത്തിനുപയോഗിച്ച നാലു ലഘുലേഖകൾ. ഒരെണ്ണം മതത്തിന്റെ പേരിൽ വോട്ടു തേടാനും മറ്റു മൂന്നെണ്ണം സ്വഭാവഹത്യ നടത്താനും ലക്ഷ്യമിട്ടുള്ളതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം കോടതി തിരഞ്ഞെടുപ്പു ക്രമക്കേട് കണ്ടെത്തി. മുസ്‌ലിമിനു വോട്ട് ചെയ്യണമെന്നും അമുസ്‌ലിമിനു ചെയ്യരുതെന്നും സൂചിപ്പിച്ച്, ഷാജിക്കു വേണ്ടി വോട്ടഭ്യർഥന നടത്തുന്നതായിരുന്നു ലഘുലേഖകളിലൊന്ന്. എതിർസ്ഥാനാർഥി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്നതാണു മറ്റു മൂന്നെണ്ണം.

യുഡിഎഫ് പ്രവർത്തകർ ലഘുലേഖ നൽകിയതായി, ഇസ്‌ലാംമത വിശ്വാസികളായ സാക്ഷികൾ മൊഴി നൽകി. പിന്നീട് എൽഡിഎഫ് പ്രവർത്തകർ വന്നപ്പോൾ ‘നിങ്ങൾക്ക് എങ്ങനെ വോട്ടു ചെയ്യാനാകും’ എന്നു തങ്ങൾ ചോദിച്ചതായും അവർ പറഞ്ഞു. സംഭവങ്ങൾ തെറ്റാണെന്ന മൊഴിയാണ്, ഷാജിക്കു വേണ്ടി ഹാജരായ സാക്ഷികൾ നൽകിയത്. ഇത്രയേറെ അവാസ്തവമായ കാര്യങ്ങൾ പറയുന്നതിൽ നിന്നു സാക്ഷികളുടെ രാഷ്ട്രീയ കൂറും വിധേയത്വവും വ്യക്തമാണ്.

ലഘുലേഖ പ്രചരിപ്പിക്കുന്നതിനെതിരെ നികേഷ്കുമാർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുഡിഎഫ് അംഗമായ വളപട്ടണം പഞ്ചായത്ത് പ്രസി‍ഡന്റിന്റെ വീട്ടിൽ നിന്നും യുഡിഎഫ് പ്രവർത്തകരുടെ കയ്യിൽ നിന്നും ലഘുലേഖ കണ്ടെടുത്തു. ദിവസങ്ങളോളം ഈ ലഘുലേഖ പ്രചരിച്ചു.  2016 മേയ് 12നു മാതൃകാപെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ലഘുലേഖ വിതരണം നടന്നു. ആസൂത്രിതമായി ഇതിനു പദ്ധതി തയ്യാറാക്കിയെന്നു വ്യക്തം. നേരിട്ടു തെളിവില്ലെങ്കിലും സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ സമ്മതത്തോടെയാണിതെന്ന് അനുമാനിക്കാം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും തെളിവുകൾ ലഭിച്ചതായി കോടതി വ്യക്തമാക്കി.

ലഘുലേഖയിൽ തീയതിയോ അച്ചടിച്ച പ്രസിന്റെ വിവരമോ ഇല്ലെന്നു ഷാജിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ലഘുലേഖയുടെ വിതരണത്തെക്കുറിച്ചാണു ഹർജിക്കാരനു പരാതിയെന്നു കോടതി ചൂണ്ടിക്കാട്ടി. യുഡിഎഫ് പ്രവർത്തകരിൽ നിന്നു പിടിച്ചെടുത്തതിനാൽ സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ അനുമതിയുണ്ടെന്ന് അനുമാനിക്കാമെന്നു കോടതി പറഞ്ഞു. പ്രവർത്തകരുടെ പേരിൽ വിതരണം ചെയ്തതിനെക്കുറിച്ച് തനിക്കറിവില്ലെന്ന ഷാജിയുടെ വാദവും അംഗീകരിച്ചില്ല. പ്രവർത്തകർക്ക് അംഗീകാരം നൽകുന്നതു സ്ഥാനാർഥിയും ഏജന്റും ആണ്. തെളിവുകൾ മൊത്തത്തിൽ വിലയിരുത്തിയാൽ ലഘുലേഖ വിതരണം ചെയ്തത് യുഡിഎഫ് പ്രവർത്തകരാണെന്നു കാണാം. നികേഷിനു വോട്ട് ചെയ്യാതിരിക്കാനുള്ള മാനസികാവസ്ഥ ലഘുലേഖകൾ വോട്ടർമാരിലുണ്ടാക്കിയെന്നും കോടതി വിലയിരുത്തി.

ലഘുലേഖയിൽ എന്ത്?

‘സത്യവിശ്വാസിയായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജി വിജയിക്കാൻ എല്ലാ വിശ്വാസികളും അല്ലാഹുവിനോട് പ്രാർഥിക്കണം’ എന്നതുൾപ്പെടെയുള്ള വാചകങ്ങളാണ് വിവാദ ലഘുലേഖയിൽ ഉണ്ടായിരുന്നത്. ഷാജിയുടെ ചിത്രവും മുസ്‌ലിംലീഗിന്റെ ഏണി ചിഹ്നവുമുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പേരിലാണെങ്കിലും അച്ചടിച്ച പ്രസ്സിന്റെ പേരുൾപ്പെടെയുള്ള വിവരങ്ങളില്ല.

കണ്ടെത്തിയത് എവിടെ?

കോൺഗ്രസ് പ്രവർത്തകയും വളപട്ടണം പഞ്ചായത്ത് പ്രസിഡന്റുമായ മനോരമയുടെ വീട്ടിൽ പ്രചാരണത്തിനെത്തിയ എൽഡിഎഫ് പ്രവർത്തകരാണു വീടിന്റെ തിണ്ണയിൽ ലഘുലേഖ കണ്ടതായി എൽഡിഎഫ് നേതാക്കളെ അറിയിച്ചത്. പിന്നാലെ പൊലീസുമെത്തി.  വീട്ടിൽനിന്നു കൂടുതൽ ലഘുലേഖകൾ ലഭിച്ചതായും പിന്നീട് മയ്യിലിൽ ചില യുഡിഎഫ് പ്രവർത്തകരുടെ കയ്യിൽ അതിന്റെ പകർപ്പുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

കേസ് എപ്പോൾ?

ഫലപ്രഖ്യാപനത്തിനു ശേഷമാണു പരാജയപ്പെട്ട എൽഡ‍ിഎഫ് സ്ഥാനാർഥി എം.വി. നികേഷ്കുമാർ ഈ ലഘുലേഖയുടെ പേരിൽ കോടതിയെ സമീപിക്കുന്നത്. ലഘുലേഖ വ്യാജമാണെന്നും, അതു കോൺഗ്രസ് പ്രവർത്തകയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തതായി വരുത്തിയതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് യുഡിഎഫിന്റെ വാദം.  20% മാത്രം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ ബാക്കി 80 ശതമാനത്തെ എതിരാക്കുന്ന ലഘുലേഖ ഇറക്കുമോയെന്നാണു ചോദ്യം. ലഘുലേഖ പിടിച്ചെടുത്തു കേസാക്കിയ എസ്ഐക്ക് എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ സൗകര്യപ്രദമായ സ്ഥലംമാറ്റം നൽകിയെന്നും യുഡിഎഫ് ആരോപിക്കുന്നു.