റോമില്‍ ടൈബര്‍ നദീതീരത്തുള്ള ഹോളി സ്പിരിറ്റ് ആശുപത്രിക്കു സമീപം ബസ് സ്റ്റോപ്പിനോടു ചേര്‍ന്ന് ശയനരൂപത്തില്‍ ഒരു പ്രതിമയുണ്ട്. ഭവനമില്ലാത്ത ഒരു സാധുമനുഷ്യന്‍ കൊടുംതണുപ്പില്‍ തെരുവോരത്ത് ചെറിയൊരു കമ്പിളി മാത്രം പുതച്ച് വിറച്ചുകിടക്കുന്നതാണ് ആ പൂര്‍ണ്ണകായ പ്രതിമ. ശ്രദ്ധിച്ചുനോക്കുമ്പോഴാണ് ഒരു കാര്യം നാം തിരിച്ചറിയുന്നത്. പുതപ്പിന്റെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ആ കരങ്ങളിലും ഇരു പാദങ്ങളിലും ക്രൂശിതന്റെ ആണിപ്പാടുകള്‍!
ലോകമെമ്പാടും പട്ടിണിയും രോഗവും വിശപ്പും ദാരിദ്ര്യവുമായി നൊമ്പരപ്പെട്ടു കഴിയുന്ന മനുഷ്യനില്‍ ക്രിസ്തു ഉണ്ട്. രോഗിയിലും ദരിദ്രനിലും അവഗണിക്കപ്പെട്ടവനിലും ജീവിക്കുന്ന ഈശ്വരനെയാണ് നാം തിരിച്ചറിയേണ്ടത്.
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ എച്ച്ഐവി എയിഡ്സ് പോളിസിയുടെ ആമുഖവാക്യം വിശുദ്ധ മദര്‍ തെരേസയുടേതാണ്. അഗതികളുടെ അമ്മ പറഞ്ഞു: ‘എച്ച്ഐവി ബാധിതനായി എന്റെ മുന്നിലെത്തുന്ന മനുഷ്യന്‍ എനിക്ക് യേശുവാണ്. അയാളോട് എനിക്കെങ്ങനെ ‘അരുത്’ എന്ന് പറയാനാകും!’
ദരിദ്രര്‍ക്കായുള്ള ആഗോളദിനമാണ് 2018 നവംബര്‍ 18, ഞായറാഴ്ച. ബംഗ്ലദേശിലെത്തി രോഹിൻഗ്യ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പോലും സംസാരിക്കയും ഹൃദയത്തിലെന്നും കനിവും കാരുണ്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പയാണ് ഇപ്രകാരം ഒരു ദിനാചരണം പ്രഖ്യാപിച്ചത്. വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം പുരോഗതിയും വളര്‍ച്ചയും അവകാശപ്പെടുമ്പോഴും ഭാരതത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍, ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്.
വിശപ്പിന്റെ ലോകം
വിശപ്പു സഹിച്ചും തടയാമായിരുന്നിട്ടും രോഗിയായി മാറിയും മരിക്കുന്നവരുള്ള ഒരു ലോകത്തിലാണ് നാം. എച്ചിലായി വലിച്ചെറിയുന്ന ഓരോ ഉരുളച്ചോറും അധികമായി സംഭരിച്ചിരിക്കുന്ന അരിയും ഭക്ഷണവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം 81.5 കോടി പട്ടിണിക്കാര്‍ ലോകത്തിലുണ്ട്. അതില്‍ 52 കോടി ഏഷ്യയിലും 24.3 കോടി ആഫ്രിക്കയിലുമാണ്.
ഓരോ ദിനവും 22,000 കുട്ടികള്‍ ഭക്ഷണമില്ലാതെ മരിക്കുന്നുവെന്നാണ് കണക്ക്. വളര്‍ച്ച മുരടിച്ച അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ ലോകത്തില്‍ 15.5 കോടിയുണ്ട്. ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടുപ്രകാരം പട്ടിണി സൂചികയില്‍ 119 രാഷ്ട്രങ്ങളില്‍ ഇന്ത്യ 103-ാം സ്ഥാനത്താണ്. ഭാരതത്തിലെ ജനസംഖ്യയുടെ 22% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ഭാരതസര്‍ക്കാരിന്റെ തന്നെ കണക്ക് ഉദ്ധരിച്ച് റിപ്പോര്‍ട്ട് വിവരിക്കുന്നു. 15.2% ഭാരത പൗരന്മാര്‍ പോഷകാഹാരക്കുറവില്‍ കഴിയുന്നു. 5 വയസ്സിനു താഴെയുള്ള 38.7% കുഞ്ഞുങ്ങളും ഗൗരവതരമായി ഭാരക്കുറവ് അനുഭവിക്കുന്ന നിലയിലാണ്. അതില്‍ 4.8% കുഞ്ഞുങ്ങള്‍ 5 വയസ്സ് എത്തും മുമ്പ് മരണപ്പെടുന്നു. വിശപ്പകറ്റാന്‍ അല്പം ആഹാരം മോഷ്ടിച്ചെന്ന കുറ്റത്താല്‍ ഇരുകരങ്ങളും കെട്ടി, മര്‍ദ്ദിച്ചവശനാക്കി മരണത്തിലേക്കെറിഞ്ഞ മധുവിന്റെ ചിത്രം മലയാളിയുടെ മനഃസാക്ഷിയുടെ മുന്‍പില്‍ മറക്കാനാവാത്ത ഒന്നാണ്.
2018 ഫെബ്രുവരി 26ലെ സ്വരാജ്യ സ്റ്റാഫ് റിപ്പോര്‍ട്ടുപ്രകാരം അട്ടപ്പാടി പ്രദേശത്തുമാത്രം 672 കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുകൊണ്ട് ക്ലേശിക്കുന്നവരാണ്. ഫോബ്സ് 2018 റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ 137 ശതകോടീശ്വരന്മാര്‍ ജീവിക്കുന്ന ഇന്ത്യയിലാണ് ഈ വൈരുധ്യം നിലനില്‍ക്കുന്നത്. സുപ്രീം കോടതി ജഡ്ജിയായ ഡല്‍വീര്‍ ബണ്ടാരി 2011 ഏപ്രില്‍ 21 ന് പറഞ്ഞത് ശ്രദ്ധിക്കണം: ‘ധാന്യപ്പുരകള്‍ നിറഞ്ഞുകവിയുകയും, എന്നാല്‍ ദരിദ്രര്‍ വർധിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനം? രണ്ടുവിധത്തിലുള്ള ഒരു ഇന്ത്യ നമുക്ക് അംഗീകരിക്കാനാവില്ല!’
2013ല്‍ ഭക്ഷ്യസുരക്ഷാ ബില്ല് കേന്ദ്രസർക്കാർ പാസ്സാക്കിയിരുന്നു. അതുപ്രകാരം 75% ഗ്രാമത്തിലെ ജനങ്ങള്‍ക്കും 50% പട്ടണത്തിലെ പാവങ്ങള്‍ക്കും 5 കിലോ ധാന്യം, അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍ ഒരു രൂപയ്ക്കും രണ്ടുരൂപയ്ക്കും മൂന്നുരൂപയ്ക്കും യഥാക്രമം ലഭിക്കുമായിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരെ സഹായിക്കുന്ന പദ്ധതിയായിരുന്നു അത്. പക്ഷേ, തുടര്‍ന്നുവന്ന ഭരണാധികാരികള്‍ക്ക് അത് പ്രാവര്‍ത്തികമാക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത ഇല്ലാതെപോയി. അതിനാല്‍ കൂടിയാണ് നാലുവര്‍ഷം കൊണ്ട് പട്ടിണിസൂചികയില്‍ ഭാരതം 55ല്‍ നിന്ന് 103ലേക്ക് താണുപോയത്. മൂവായിരം കോടി ചെലവിട്ട് ഐക്യത്തിന്റെ പ്രതീകമായി പ്രതിമ തീര്‍ക്കുന്നതിനു മുമ്പ്, ഭക്ഷിക്കാനില്ലാത്തവരോട് ഐക്യദാർഢ്യമുള്ള രാജ്യം കെട്ടിപ്പടുക്കാനാണ് വ്യഗ്രതപ്പെടേണ്ടത്.
പ്രവൃത്തികളില്‍ പ്രതിഫലിക്കുന്ന കാരുണ്യം
ദരിദ്രര്‍ക്കായുള്ള ലോകദിനം ഫ്രാന്‍സിസ് പാപ്പാ 2017 നവംബര്‍ 19ന്, ആരംഭിച്ചു. കാരുണ്യവര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. വാക്കുകൊണ്ടു മാത്രമല്ല, പ്രവൃത്തികൊണ്ടും സ്‌നേഹിക്കാന്‍ (1 യോഹ 3:18) ഓര്‍മ്മിപ്പിക്കുകയാണ് പാപ്പാ. സന്ദേശത്തില്‍, ആകുലതയോടെ പാപ്പാ പറഞ്ഞതിതാണ്: ‘ദാരിദ്ര്യത്തെ അതിന്റെ യഥാര്‍ത്ഥ അവസ്ഥയില്‍ കാണാന്‍ ഇന്നത്തെ ലോകത്തിന് കഴിയുന്നില്ല. എന്നാല്‍ നാനാരൂപങ്ങളില്‍ അത് നമ്മോടൊത്തുണ്ട്. സഹനം, പാര്‍ശ്വവല്‍ക്കരണം, അടിച്ചമര്‍ത്തല്‍, അക്രമം, പീഢനം, തടവ്, യുദ്ധം, സ്വാതന്ത്ര്യനിഷേധം, അജ്ഞത, നിരക്ഷരത, തൊഴിലില്ലായ്മ, മനുഷ്യക്കടത്ത്, അടിമത്തം, പ്രവാസം ഇങ്ങനെ വിവിധ രൂപങ്ങളില്‍ അത് നമ്മുടെ പരിസരത്തുണ്ട്. ഹീനതാല്‍പ്പര്യങ്ങളാല്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുഖമാണ് ദാരിദ്ര്യത്തിനുള്ളത്.’
ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്നെഴുതുന്നു: ‘ദരിദ്രരുമായി ശരിയായ സമ്പര്‍ക്കവും പങ്കുവയ്ക്കലും ഒരു ജീവിതചര്യയായി മാറണം. ഈശ്വരനെ യഥാര്‍ത്ഥത്തില്‍ കണ്ടുമുട്ടണമെങ്കില്‍ ദരിദ്രരുടെ പീഢയനുഭവിക്കുന്ന ശരീരങ്ങള്‍ സ്പര്‍ശിക്കണം. ഏറ്റവും ദുര്‍ബലരായ ഈ സഹോദരീ സഹോദരന്മാരുടെ മുഖത്തും ദേഹത്തും നാം കാണേണ്ടത് ആരാധിക്കുന്ന ദൈവത്തിന്റെ കാരുണ്യമുഖം കൂടിയാകണം. ദരിദ്രരോട് സമീപസ്ഥരാകാനും അവരുടെ ഒറ്റപ്പെടലിന് അറുതി വരുത്തുന്ന സ്‌നേഹത്തിന്റെ ഊഷ്മളത അവരെ അനുഭവിപ്പിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.’
പതിവുള്ള പല ആചരണങ്ങളെയും പോലെ സെമിനാര്‍ നടത്തിയും ഏറെ സംസാരിച്ചും പ്രസ്താവനകളിറക്കിയും കടന്നുപോകാതെ പ്രായോഗിക നടപടിക്രമങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പ്രതിഫലിപ്പിക്കേണ്ട ഒന്നാണ് ദരിദ്രര്‍ക്കായുള്ള ലോകദിനം എന്ന് പാപ്പാ വ്യക്തമാക്കിയിരുന്നു. സഹായത്തിനും സാന്ത്വനത്തിനുമായി കൈനീട്ടുന്ന സാധുവിനു നേരെ ദൃഷ്ടി തിരിക്കാനും ദരിദ്രര്‍ക്കായി സാഹോദര്യത്തിന്റെയും സമഭാവനയുടെയും വ്യക്തമായ അടയാളങ്ങള്‍ തുറന്ന മനസ്സോടെ, മതത്തിന്റെയും വിശ്വാസത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറത്തായി, തുടങ്ങാനുള്ള ആഹ്വാനമായിരുന്നു ആ സന്ദേശം.
നിലവിളി ശ്രവിക്കുന്ന ദൈവം
ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തിൽ ഫ്രാന്‍സീസ് പാപ്പയുടെ ഈ വര്‍ഷത്തെ സന്ദേശത്തിന്റെ ശീര്‍ഷകവാക്യം സങ്കീര്‍ത്തനം 34:6 ആണ്: “ഈ പാവപ്പെട്ടവന്‍ നിലവിളിച്ചു. കര്‍ത്താവ് ശ്രവിച്ചു. എല്ലാ കഷ്ടതകളില്‍ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു”. ഈ വാക്യത്തിലെ മൂന്ന് ക്രിയാപദങ്ങള്‍ പാപ്പാ വിശകലനം ചെയ്യുന്നു. ആദ്യത്തേത്, ‘പാവപ്പെട്ടവന്‍ നിലവിളിച്ചു’ എന്നതാണ്. ഒറ്റവാക്കില്‍ ഒതുക്കാനുള്ള യാഥാര്‍ത്ഥ്യമല്ല ദാരിദ്ര്യം. സ്വര്‍ഗ്ഗസന്നിധി വരെ എത്തുന്ന വിലാപമാണത്. മനുഷ്യന്റെ സഹനവും ഒറ്റപ്പെടുത്തലും നിരാശയും പ്രതീക്ഷയുമൊക്കെ അതിലുണ്ട്. ദരിദ്രന്റെ രോദനം ശ്രവിക്കാന്‍ സത്യത്തില്‍ എനിക്ക്, സാധിക്കുന്നുണ്ടോ എന്ന് ആത്മപരിശോധനയാണ് ഈ അവസരം ഓര്‍മ്മിപ്പിക്കുന്നത്.
‘കര്‍ത്താവ് ശ്രവിച്ചു’ എന്നതാണ് രണ്ടാമത്തെ പ്രയോഗം. മനുഷ്യന്റെ വിലാപം ശ്രവിക്കുന്ന ദൈവമാണ് നമ്മുടെത്. വാര്‍ദ്ധക്യത്തിലെത്തിയ എബ്രഹാം തന്റെ ഭാര്യ സാറാ വന്ധ്യയാണെന്നറിഞ്ഞിട്ടും ദൈവസന്നിധിയില്‍ ഒരു കുഞ്ഞിനായി കരയുമ്പോള്‍ ദൈവം അത് നിവര്‍ത്തിച്ചുകൊടുക്കുന്നു (ഉല്‍പത്തി 15:1-6). കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പിനിടയില്‍ മോശ കണ്ടുമുട്ടിയ ദൈവം ദരിദ്രരുടെ നിലവിളി കേള്‍ക്കുകയും അവരുടെ വിമോചനത്തിനായി പദ്ധതി ഒരുക്കുകയും ചെയ്യുന്ന ദൈവമാണ്. ‘എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു.... അവരുടെ രോദനം ഞാന്‍ കേള്‍ക്കുന്നു.... അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നുണ്ട്. ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത് അവരെ മോചിപ്പിക്കാനും.... തേനും പാലും ഒഴുകുന്ന ഒരു ദേശത്തേക്ക് അവരെ നയിക്കാനുമാകുന്ന’ (പുറപ്പാട് 3:7-8). ഇസ്രായേല്‍ ജനം മരുഭൂമിയില്‍ വിശന്നുവലഞ്ഞപ്പോള്‍ മന്നയും കാടപക്ഷിയും കൊടുത്തു (പുറ 16). ദാഹിച്ച് അലഞ്ഞപ്പോള്‍ കുടിക്കാന്‍ പാറയില്‍ നിന്ന് ജലവും (പുറപ്പാട് 17) ദൈവം നല്‍കുന്നു.
മനുഷ്യരുടെ മനസ്സിന്റെയും ശരീരത്തിന്റെയും മുറിപ്പാടുകള്‍ സൗഖ്യപ്പെടുത്തി നീതി നടത്തിക്കൊടുത്ത് മഹത്വത്തിലും മാന്യതയിലും ജീവിക്കാന്‍ ദരിദ്രര്‍ക്ക് സാഹചര്യമൊരുക്കിക്കൊടുക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. ദരിദ്രര്‍ക്കായുള്ള ആഗോളദിനം ദരിദ്രരുടെ വിലാപം കേള്‍ക്കപ്പെടുന്ന വിധത്തില്‍ സഭയും സമൂഹവും സ്‌നേഹപൂര്‍ണ്ണമായ ശ്രദ്ധ കൊടുക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന അവസരമാണ്.
മൂന്നാമത്തെ ക്രിയാപദം ‘രക്ഷിച്ചു’ എന്നതാണ്. വിമോചകനായി ഇറങ്ങിവരുന്ന ദൈവമാണ് ചരിത്രത്തില്‍ നാം കാണുന്നത്. ഈ വിമോചനദൗത്യം പൂര്‍ത്തിയാകുന്നത് മനുഷ്യനിലൂടെയും. ഫ്രാന്‍സീസ് പാപ്പായുടെ സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ എഴുതുന്നു: ‘ദരിദ്രരെ വിമോചിപ്പിക്കാനും അവരെ സമൂഹത്തില്‍ പൂര്‍ണ്ണ അംഗത്വമുള്ളവരാക്കാനും ദൈവത്തിന്റെ ഉപകരണമായിരിക്കാനും ഓരോ വിശ്വാസിയും ഓരോ സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നു’.
നിരാലംബരായ ദരിദ്രര്‍ക്ക് എളുപ്പം താദാത്മ്യം തോന്നുന്ന മനുഷ്യനാണ് മര്‍ക്കോസ് സുവിശേഷകന്‍ വിവരിക്കുന്ന വഴിയരികിലെ അന്ധനായ യാചകന്‍ ബര്‍ത്തിമേവൂസ് (മര്‍ക്കോസ് 10:46-52). ക്രിസ്തു അതിലൂടെ കടന്നുപോകുന്നുവെന്നറിഞ്ഞപ്പോള്‍ അയാള്‍ നിലവിളിച്ചപേക്ഷിക്കുന്നു: ‘ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!’ പലരും അയാളെ നിശ്ശബ്ദനാക്കാന്‍ പരിശ്രമിക്കുന്നു. അപ്പോഴും അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ യാചിക്കുന്നു. അന്ധനായ ആ മനുഷ്യനുലഭിച്ച സൗഭാഗ്യം ‘ധൈര്യമായിരിക്കുക, എഴുന്നേല്‍ക്കുക, യേശു നിന്നെ വിളിക്കുന്നു’ എന്നു പറഞ്ഞ് ശാക്തീകരിക്കുന്ന വാക്കുകളായിരുന്നു. അതുപോലുള്ള സാന്ത്വനത്തിനും ശാക്തീകരണത്തിനുമായി കാതോര്‍ക്കുന്ന, കാത്തിരിക്കുന്ന നിരവധി നിരാലംബരുണ്ട് നമുക്കുചുറ്റും. എന്നാല്‍, അവരെ വഴക്കുപറഞ്ഞ്, നിശ്ശബ്ദരാക്കുന്ന പ്രവണതയാണ് ഇന്നുള്ളത് എന്നത് സങ്കടകരമാണ്, പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
പങ്കുവയ്പിന്റെ ജീവിതശൈലി
ദരിദ്രരുമായി സ്വത്തും സൗഭാഗ്യവും പങ്കുവയ്ക്കാന്‍ മടികാണിക്കുന്ന ധനികയുവാവിനെ നോക്കിയാണ് യേശു പറഞ്ഞത്: ‘ധനികന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതാണ്’. പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ജോര്‍ജ് സ്വാരസ് പ്രഭു വിവരിക്കുന്നു: ‘ധനം മനുഷ്യനെ ദൈവം ഇല്ലാതാക്കി മാറ്റുന്നു. മാത്രമല്ല, ധനം മനുഷ്യനെ ഹൃദയമില്ലാത്തവനാക്കിത്തീര്‍ക്കുകയും ചെയ്യുന്നു’.
54.77 കോടി വിലയുള്ള ആഭരണവുമണിഞ്ഞ്, 2016ലെ ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യന്‍ ബോളിവുഡ് നടി പങ്കെടുത്തതും, 2.5 മില്യന്‍ ഡോളര്‍ ചെലവുചെയ്ത് വിവാഹം നടത്തുന്നതും, 1.21 കോടി ലേലത്തില്‍ പോയ സ്യൂട്ടുമണിഞ്ഞ് ഇന്ത്യയുടെ ഭരണാധികാരി വിദേശ രാഷ്ട്രത്തലവനെ സ്വീകരിക്കാനെത്തുന്നതും, ദശകോടികള്‍ ചെലവിട്ട് ആരാധനാലയങ്ങള്‍ ഒരുക്കുന്നതുമൊക്കെ ഇന്നും നിലകൊള്ളുന്ന വൈരുധ്യങ്ങളുടെ അടയാളമാണ്. ‘അര്‍ദ്ധ നഗ്നനായ ഫക്കീര്‍’ എന്നു വിളിക്കപ്പെട്ടിരുന്ന മഹാത്മാവാണ് നമ്മുടെ നാടിനെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചു നടത്തിയത് എന്നതും അഭിമാനത്തോടെ നമുക്ക് ഓര്‍ക്കാം.
ഫ്രാന്‍സിസ് പാപ്പാ പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ വത്തിക്കാനിലെ പേപ്പല്‍ ചാരിറ്റീസിന്റെ മേധാവിയായി പോളണ്ടില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡിനെ നിയമിച്ചു. അദ്ദേഹത്തോട് പറഞ്ഞത് ഇപ്രകാരമാണ്: ‘സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അര്‍ജന്റീനയില്‍ ചെയ്തപോലെ എനിക്കിറങ്ങി പോകാനാവില്ല. റോമിലെ പാവങ്ങളുടെയടുത്ത് എനിക്കുപകരം താങ്കള്‍ പോകണം. അതിന് ഈ മേശയും ഓഫീസും വിഘാതമാകുന്നുവെങ്കില്‍ ഇത് വിറ്റുകളഞ്ഞേക്കുക!’
ഒരിക്കല്‍ വടക്കേ ഇറ്റലിയില്‍ നിന്നും റോമിലെത്തിയ മര്‍ഗേര എന്ന സാധു സ്ത്രീയുടെ പഴ്‌സ് നഷ്ടപ്പെട്ടു. 73 യൂറോ ആകെ അതിലുണ്ടായിരുന്നുവെന്ന് പാപ്പാ അന്വേഷിച്ചറിഞ്ഞു. പകരം 270 യൂറോ ഒരു കവറിലാക്കി പാപ്പാ അവരെ ഏല്‍പ്പിച്ചു. റോമിലെ പാവപ്പെട്ടവര്‍ക്ക് കുളിക്കാന്‍ പൊതു സൗകര്യങ്ങളില്ലെന്ന് പാപ്പാ മനസ്സിലാക്കി. വത്തിക്കാനില്‍ തന്നെ അതിന് സൗകര്യമൊരുക്കാന്‍ ഏര്‍പ്പാടാക്കി. കപ്പല്‍മാര്‍ഗ്ഗം ഇറ്റലിയിലെ ലാംപദോസയിലെത്തിയ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പാപ്പാ ചെന്നു. നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരോട് സമ്പര്‍ക്കം പുലര്‍ത്താനാവുന്നില്ല എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സങ്കടം. ഇന്റര്‍നാഷണല്‍ ഫോണ്‍ കാര്‍ഡുകള്‍ വാങ്ങി പാപ്പാ അവര്‍ക്കു കൊടുത്തു.
ദാരിദ്ര്യമനുഭവിക്കുന്നവരുടെ നൊമ്പരവും നിലവിളിയും ശ്രവിക്കപ്പെടാതെ പോകരുത്. ആഹാരമെന്നത് അവകാശമായി കാണണം. ആരുടെയും ഔദാര്യമല്ല. അതിനായി അധ്വാനിക്കേണ്ട ആവശ്യകതയും ഉത്തരവാദിത്തവുമുണ്ടുതാനും. അതിനുള്ള സാഹചര്യം ലഭ്യമാക്കപ്പെടണം. അന്ത്യോദയ - അവസാനത്തെ വ്യക്തിയുടെയും ഉദയവും ഉണര്‍വ്വുമാണ് ലക്ഷ്യം കാണേണ്ടത്.
സ്വാതന്ത്ര്യത്തിന്റെയും സമഭാവനയുടെയും ആ സൗഭാഗ്യത്തിലേക്ക് നമ്മുടെ നാടുണരാന്‍ പ്രതിജ്ഞാബദ്ധരാകാം. ദരിദ്രന്റെ വിലാപം ശ്രവിക്കുന്ന, കണ്ണീരൊപ്പുന്ന, കാരുണ്യത്തിന്റെയും പങ്കുവയ്പിന്റെതുമാകട്ടെ നമ്മുടെ ജീവിതശൈലി.