തൃശൂർ∙ ചരിത്രത്തെ മറക്കുകയും വികലമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ വളർച്ചയ്ക്കു ഗുണകരമാവില്ലെന്നു മാർ ടോണി നീലങ്കാവിൽ. കത്തോലിക്ക കോൺഗ്രസ് ശതാബ്ദിയോടനുബന്ധിച്ചുള്ള സമുദായ സംഗമത്തിന്റെ ഭാഗമായി രൂപതകളിൽനിന്നുള്ള ഛായാചിത്ര പ്രയാണങ്ങൾക്കു സ്വീകരണം നൽകുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിലടക്കം ചരിത്രം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും അതുവഴി ഭിന്നിപ്പിക്കാനുമാണു ശ്രമം നടക്കുന്നത്. ചരിത്രത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണു നാടിനു നന്മചെയ്ത സംഘടനാ ഭാരവാഹികളുടെ ഛായാചിത്രങ്ങൾക്കു സ്വീകരണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ, ഇരിങ്ങാലക്കുട, കോട്ടയം, കോതമംഗലം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽനിന്നെത്തിയ ഛായാചിത്ര പ്രയാണങ്ങളാണു സംഗമിച്ചത്.
വികാരി ജനറൽ മോൺ. ജോർജ് കോമ്പാറ, ഫാ. ജോസ് ചാലയ്ക്കൽ, ഫാ. വർഗീസ് കുത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നു ഘോഷയാത്രയോടെ നഗരംചുറ്റി ശക്തൻ സ്റ്റാൻഡിനു സമീപമുള്ള സമ്മേളന നഗരിയിൽ വേദിക്കു മുന്നിൽ ചിത്രങ്ങൾ സ്ഥാപിച്ചു. ബിജു പറയനിലം പതാക ഉയർത്തി. തുടർന്നു ഗ്ലോബൽ കമ്മിറ്റി ചേർന്നു.
ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ.പാപ്പച്ചൻ, ബിജു കുണ്ടുകുളം, ജോർജ് കോയിക്കൽ, ഡേവിസ് എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു. ഇന്നു 3.30ന് ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽനിന്നു റാലിയും തുടർന്നു പൊതുസമ്മേളനവും നടക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസംഗിക്കും.