Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തോലിക്കാ കോൺഗ്രസിനു ജന്മശതാബ്ദി

Mar-Louis മാർ ളൂയിസ് പഴയപറമ്പിൽ, ജോൺ നിധീരി

കേരള ചരിത്രവും സമുദായ ചരിത്രവും സാക്ഷി. കത്തോലിക്കാ കോൺഗ്രസിനു നൂറാം പിറന്നാൾ. മലയാളി മെമ്മോറിയലും വിമോചന സമരവും ഉൾപ്പെടെ കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയ സമൂഹിക പ്രക്ഷോഭങ്ങളിൽ മുന്നണിപ്പോരാളികളായിരുന്ന സമുദായ സംഘടന – അഖില കേരള കത്തോലിക്കാ കോൺഗ്രസ് – സംഭവബഹുലമായ നൂറു വർഷങ്ങൾ പിന്നിടുന്നു. 

ചരിത്രം 

1918ൽ ആയിരുന്നു കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യരൂപത്തിന്റെ പിറവി. ‘കേരളീയ കത്തോലിക്കാ മഹാജനസഭ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. അതിനും വർഷങ്ങൾക്കു മുൻപ്, 1905ൽ കോട്ടയം ജില്ലയിലെ മാന്നാനത്തു നടന്ന ‘നാൽപതു മണി ആരാധനാ’വേളയിലാണ് കത്തോലിക്കരുടെ സമുദായ സംഘടന എന്ന ആശയത്തിനു മുളപൊട്ടിയത്. നിധീരിക്കൽ മാണിക്കത്തനാരും മാന്നാനത്തെ കർമലീത്താ വൈദിക പ്രമുഖരുമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതിന്റെ തുടർച്ചയായി 1907ൽ ആലപ്പുഴയിൽ വടക്കുംഭാഗ സുറിയാനി കത്തോലിക്കരുടെ ‘സാമൂഹിക സമ്മേളനം’ സംഘടിപ്പിക്കപ്പെട്ടു. 

അതിരമ്പുഴയിൽ നടന്ന 11–ാമതു സമ്മേളനം കത്തോലിക്കർക്കായി സമുദായ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1918 ഏപ്രിൽ 30ന് ചങ്ങനാശേരിയിൽ ചേർന്ന 12-ാമത് സാമൂഹിക സമ്മേളനം ‘കത്തോലിക്കാ മഹാജനസഭ’യ്ക്കു രൂപംനൽകി. മാർ ളൂയിസ് പഴയപറമ്പിലായിരുന്നു ആദ്യ പ്രസിഡന്റ്. 1929 ലെ അതിരമ്പുഴ സമ്മേളനത്തിൽ ആദ്യത്തെ അൽമായ പ്രസിഡന്റായി ജോൺ നിധീരി സ്ഥാനമേറ്റു. 1931ൽ അഖില കേരള കത്തോലിക്കാ കോൺഗ്രസ് (എകെസിസി) എന്ന ഇപ്പോഴത്തെ പേരിലേക്കും സംഘടന മാറി.   

ഇടപെടലുകൾ 

പേരു മാറിയതിനൊപ്പം, സാമൂഹിക പ്രശ്നങ്ങളിൽ സംഘടന ഇടപെടണമെന്ന നിലപാടും ശക്തമായി. ഇതോടെ, മലയാളി മെമ്മോറിയൽ, ഉത്തരവാദ ഭരണ പ്രക്ഷോഭം, പൗരസമത്വ പ്രക്ഷോഭം തുടങ്ങിയ മുന്നേറ്റങ്ങളിൽ എകെസിസി നിർണായക ശക്തിയായി. ഗവൺമെന്റിലും നിയമസഭയിലും പ്രാതിനിധ്യം നേടുക, റവന്യു, ദേവസ്വം വകുപ്പുകൾ വിഭജിക്കുക, പള്ളിയും സെമിത്തേരികളും സ്ഥാപിക്കുന്നതിനു വിഘാതമായ നിയമങ്ങൾ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾക്കായും കത്തോലിക്കാ കോൺഗ്രസ് രംഗത്തിറങ്ങി.

ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ സ്വകാര്യ വിദ്യാലയങ്ങളെ ദേശസാൽക്കരിക്കാൻ നടത്തിയ നീക്കത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തോട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും കൈകോർത്തു. 1957ൽ ഇഎംഎസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിനു മുഖ്യ പങ്കുവഹിച്ചതും കത്തോലിക്കാ കോൺഗ്രസ് ആയിരുന്നു. 

നിലപാടുകൾ

കത്തോലിക്കാ കോൺഗ്രസ് ഇന്നു സിറോ മലബാർ സഭാംഗങ്ങളുടെ സമുദായ സംഘടനയാണ്. ദേശീയതയിലും സാമൂഹിക പ്രതിബദ്ധതയിലും സങ്കുചിത നീക്കുപോക്കുകൾക്കു വഴങ്ങില്ലെന്നായിരുന്നു, ഒരു നൂറ്റാണ്ടു മുൻപ് കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യരൂപം ജന്മമെടുക്കുമ്പോൾ സ്ഥാപക നേതാക്കളുടെ പ്രതിജ്ഞ. സജീവ രാഷ്ട്രീയത്തിൽനിന്നു കൃത്യമായ അകലം പാലിക്കാനും സംഘടനയ്ക്കു സാധിച്ചു. 100 വർഷം എന്ന വലിയ കാലയളവ് അനായാസം പൂർത്തിയാക്കാൻ കത്തോലിക്കാ കോൺഗ്രസിനു സാധിച്ചതിനു പിന്നിലെ രഹസ്യവും ഇവതന്നെ.