Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സഭയെയും സഭാപിതാക്കന്മാരെയും മോശക്കാരാക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ചിലരുടെ ശ്രമം’

കൊച്ചി∙ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടേ പേരിൽ കത്തോലിക്കാ സഭയുടെ മേലുള്ള ചില മാധ്യമങ്ങളുടെ അന്യായമായ കടന്നുകയറ്റം ഇനിയും നിസ്സഹായരായി നോക്കി നിൽക്കില്ലെന്നു കേരള കത്തോലിക്കാ അൽമായ നേതൃസമ്മേളനം. കേരളത്തിലെ ക്രൈസ്തവ സഭയെയും സഭാപിതാക്കന്മാരെയും സ്വഭാവഹത്യ നടത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു ചിലർ നടത്തുന്ന ശ്രമത്തെ അപലപിക്കുന്നതായും സമ്മേളനം വ്യക്തമാക്കി.

‘ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചും വസ്തുക്കളുടെയോ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചും സഭയെയും സഭാധികാരികളെയും അപഹാസ്യരാക്കുന്നവർ സഭാവിരോധികളാണ്. അത്തരം ആരോപണങ്ങൾക്കു പ്രചാരണം നൽകുന്നതു മാധ്യമസ്വാതന്ത്ര്യത്തെ ദുരുപയോഗിക്കലാണ്. സെൻസേഷനുണ്ടാക്കാനും റേറ്റിങ് കൂട്ടാനും മാധ്യമങ്ങൾ അസത്യങ്ങൾക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും പ്രചരണം നൽകുന്നത് അനീതിയും നിയമവിരുദ്ധവുമാണ്. ചിലരുടെ അഭിപ്രായങ്ങൾ കത്തോലിക്കാസഭയിലെ പൊതുസമൂഹത്തിന്റെ അഭിപ്രായവും നിലപാടുമായി അവതരിപ്പിക്കുന്നതു മാധ്യമധർമത്തിന്റെ ലംഘനമാണ്.

സഭാനേതൃത്വവുമായി പല കാരണങ്ങളാൽ ഇടഞ്ഞു നില്ക്കുന്നവരെ സഭയുടെ പ്രതിനിധികളെന്ന നിലയിൽ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതു മാധ്യമധർമമല്ല. കുറ്റം ചെയ്തവർക്കു കോടതി ശിക്ഷ നൽകട്ടെ. അന്വേഷകന്റെയും ന്യായാധിപന്റെയും റോൾ ഏറ്റെടുക്കാൻ മാധ്യമങ്ങൾക്ക് അവകാശമോ അധികാരമോ ഇല്ല. കത്തോലിക്കാ സഭയെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ചില മാധ്യമങ്ങൾ വളഞ്ഞിട്ടാക്രമിക്കുന്നത് എന്തുകൊണ്ടാണെന്നു സമുദായാംഗങ്ങളും പൊതുസമൂഹവും ചിന്തിക്കുകയും ഉചിതമായി പ്രതികരിക്കുകയും ചെയ്യണം.’ സമ്മേളനം ആവശ്യപ്പെട്ടു.

നേതൃസമ്മേളനത്തിൽ കെസിഎഫ് പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, വർഗീസ് കോയിക്കര, കെസിസി സെക്രട്ടറി ജോജി ചിറയിൽ, ഏകെസിസി പ്രസിഡന്റ് ബിജു പറയനിലം, ലത്തീൻ സഭാ വക്താവ് ഷാജി ജോർജ്, ഡോ. മേരി റെജീന, ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, ബെന്നി ആന്റണി, എംസിഎ ഭാരവാഹികളായ സണ്ണി ജോർജ്, ചെറിയാൻ ചെന്നീർക്കര എന്നിവർ പ്രസംഗിച്ചു.