Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി രാഷ്ട്രീയത്തിൽ ഇടപെടും: കത്തോലിക്കാ കോൺഗ്രസ്

Catholic-congress കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രതിനിധി സമ്മേളനം തൃശൂരിൽ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ∙ സംഘടനയ്ക്കു രാഷ്ട്രീയമില്ലെങ്കിലും സമുദായത്തിന്റെയും കർഷകരുടെയും പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടണമെന്നു കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ തീരുമാനം. കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാത്ത സർക്കാരുകൾക്കെതിരെ തിരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കാനും തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു.  

ശതാബ്ദി സംഗമത്തോടനുബന്ധിച്ചാണ് പ്രതിനിധി സമ്മേളനം ചേർന്നത്.  പ്രത്യക്ഷ രാഷ്ട്രീയമില്ലെങ്കിലും കത്തോലിക്കാ സമുദായത്തിനു സമ്മർദ്ദ ശക്തിയാകാൻ  കഴിയണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സഭ നേരിടുന്ന പ്രശ്നങ്ങൾ സിനഡ് ചർച്ച ചെയ്തു തീരുമാനമെടുക്കും. അതനുസരിച്ചുവേണം കത്തോലിക്കാ കോൺഗ്രസ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

കർഷകർക്കു നേരെയുള്ള വന്യജീവികളുടെ ആക്രമണം സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുന്നു. വർഷം തോറും ഒട്ടേറെപ്പേർ മരിക്കുന്നു. കോടികളുടെ കൃഷിനാശം ഉണ്ടാകുന്നു. എന്നിട്ടും കർഷകരെ അവഗണിക്കുകയാണ്. യഥാർഥ കർഷക പ്രതിനിധികളെ നിയമനിർമാണ വേദികളിലെത്തിക്കാൻ കത്തോലിക്കാ കോൺഗ്രസ് മുൻകയ്യെടുക്കും. വർഗീയ ശക്തികൾ ഉയർത്തുന്ന ഏകമത ദേശീയവാദം രാജ്യത്തെ നശിപ്പിക്കുമെന്നു യോഗം വിലയിരുത്തി.

വിദ്യാഭ്യാസമേഖലയിൽ ദീർഘവീക്ഷണമില്ല, ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു തുടങ്ങിയ പരാമർശങ്ങളും പ്രതിനിധികളിൽ നിന്നുണ്ടായി. 

ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. 

ടി.സി മാത്യു, മോഹൻ തോമസ്, ഡോ.ജോസ്കുട്ടി ഒഴുകയിൽ,  കെ.എം.ഫ്രാൻസീസ്, പി.ടി.ചാക്കോ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 ബിജു കുണ്ടുകുളം, ഡോ.മേരി റജീന, മോഹൻ ഐസക്, ജോർജ്ജ് കോയിക്കൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.