Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ പാർട്ടികൾക്ക് ജാതിതന്നെ തുറുപ്പ്; ജാതിസമവാക്യം മറക്കാതെ കോൺഗ്രസും ബിജെപിയും

VASUNDARA-SACHIN വസുന്ധര രാജെ, സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ സ്ഥാനാർഥികപ്പട്ടിക പൂർത്തിയായപ്പോൾ ജാതിസമവാക്യങ്ങളിലൂന്നി ബിജെപിയും കോൺഗ്രസും. പരമ്പരാഗതമായി തങ്ങളെ പിന്തുണച്ച സമുദായങ്ങളിൽത്തന്നെയാണ് ഇരുകൂട്ടരും വിശ്വാസമർപ്പിച്ചിരിക്കുന്നത്. ബിജെപി തങ്ങളുടെ പഴയ പടക്കുതിരകളിൽ വിശ്വാസമർപ്പിച്ചപ്പോൾ, കോൺഗ്രസ് ഇത്തവണ സ്ത്രീകൾക്കും യുവജനങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. 

അഞ്ചു സീറ്റ് സഖ്യകക്ഷികൾക്കു വിട്ടുനൽകി കോൺഗ്രസ് 195 സീറ്റിൽ മൽസരിക്കുമ്പോൾ, ബിജെപി 200 സീറ്റിലും മൽസരിക്കുന്നു. 2013ൽ 24 വനിതകളെ മൽസരിപ്പിച്ച കോൺഗ്രസ് ഇത്തവണ 27 പേർക്കു സീറ്റ് നൽകി. എന്നാൽ, ബിജെപിയുടെ വനിതാ പ്രാതിനിധ്യം 26ൽനിന്ന് 21 ആയി കുറഞ്ഞു. 

ബിജെപിയുമായി രസത്തിലല്ലാത്ത രജപുത്ര വിഭാഗത്തെ കൂടെക്കൂട്ടാൻ കോൺഗ്രസ് ശ്രമിച്ചേക്കുമെന്നു കരുതിയിരുന്നെങ്കിലും കഴിഞ്ഞപ്രാവശ്യം നൽകിയ 15 സീറ്റുകൾ മാത്രമാണു നൽകിയിരിക്കുന്നത്. എന്നാൽ, ബിജെപി തങ്ങളുടെ പ്രധാന വോട്ട്ബാങ്കായ സമുദായത്തെ കൈവിട്ടതുമില്ല. പക്ഷേ, സീറ്റുകളുടെ എണ്ണം 29ൽനിന്ന് 25 ആയി കുറഞ്ഞിട്ടുണ്ട്. 

എൺപതിലേറെ സീറ്റുകളിൽ നിർണായക സ്വാധീനമായ ജാട്ട് സമുദായത്തിനാണ് ഇരുപാർട്ടികളും ഏറ്റവും കൂടുതൽ സീറ്റ് നീക്കിവച്ചിരിക്കുന്നത്. ബിജെപി 32, കോൺഗ്രസ് 33. ബിജെപി കഴിഞ്ഞ തവണത്തെക്കാൾ 2 സീറ്റ് അധികം നൽകിയപ്പോൾ, കോൺഗ്രസിൽ 2013നെക്കാൾ 7 സീറ്റ് കുറഞ്ഞു. മുൻപു കോൺഗ്രസിന്റെ വോട്ട്ബാങ്കായിരുന്ന ജാട്ട് സമുദായത്തിന്റെ മാറിവരുന്ന കൂറും ഈ സീറ്റ് വിഭജനത്തിൽ വ്യക്തമാണ്. ധോൽപുരിലെ ജാട്ട് രാജകുടുംബത്തിലെ മരുമകളാണ് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നതും ഈ മാറ്റത്തിനു ഹേതുവാണ്. 

പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് ഗുജ്ജർ സമുദായത്തിൽനിന്നായിട്ടും കോൺഗ്രസ് പട്ടികയിൽ ഇവർക്കുള്ള സീറ്റ് വിഹിതം ഒന്നു കുറഞ്ഞ് 12 ആയി. കഴിഞ്ഞതവണ 10 സീറ്റ് നൽകിയ ബിജെപിയും ഇത്തവണ ഒന്നു കുറച്ചു. അതേസമയം, ഇവരുടെ എതിർപാളയത്തിൽ നിൽക്കുന്ന മീണ സമുദായത്തിന്റെ സീറ്റ് ബിജെപി 10ൽനിന്നു 14 ആയി ഉയർത്തി. 

മുസ്‌ലിം സ്ഥാനാർഥികൾ ഇരുപട്ടികയിലും കുറഞ്ഞു. കോൺഗ്രസിൽ കഴിഞ്ഞതവണ 17 എങ്കിൽ ഇത്തവണ 15. ബിജെപിയിലാകട്ടെ, എണ്ണം നാലിൽനിന്ന് ഒന്നായി. ഏക സ്ഥാനാർഥി യൂനുസ് ഖാൻ മൽസരിക്കുന്നതാകട്ടെ, ടോങ്കിൽ സച്ചിൻ പൈലറ്റിനെതിരെയാണ്. വസുന്ധര രാജെ പാർട്ടി കേന്ദ്രനേതൃത്വവുമായും ആർഎസ്എസുമായും അവസാന നിമിഷംവരെ നീണ്ട വിലപേശലുകൾക്കൊടുവിൽ നേടിയെടുത്ത വ്യക്തിപരമായ വിജയം. 

ഗുജറാത്ത്, യുപി മാതൃക പിന്തുടർന്നു രാജസ്ഥാനിലും മുസ്‌ലിം സ്ഥാനാർഥികൾ വേണ്ടെന്നായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും തീരുമാനം. എന്നാൽ, മന്ത്രിസഭയിൽ തന്റെ വലംകൈ ആയിരുന്ന യൂനുസ് ഖാനുവേണ്ടി മുഖ്യമന്ത്രി ഉറച്ചുനിന്നു. 

ദീദ്‍വാനയിൽനിന്നുള്ള എംഎൽഎയായ യൂനുസ് ഖാനു മണ്ഡലം മാറി ടോങ്കിൽ മൽസരിക്കാൻ താൽപര്യമില്ലായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു. 21 ബ്രാഹ്മണർ കോൺഗ്രസിൽ മൽസരിക്കുമ്പോൾ ബിജെപി പക്ഷത്തുള്ളത് 17 പേർ. സംസ്ഥാനത്തെ 35 സീറ്റുകൾ പട്ടികജാതിക്കും 28 സീറ്റുകൾ പട്ടികവർഗത്തിനും സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. 

അഹൂജയ്ക്കെതിരെ കേസ്

പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നു സ്വതന്ത്രനായി മൽസരിക്കുന്ന ബിജെപി മുൻ എംഎൽഎ ജ്‍ഞാൻ ദേവ് അഹൂജ തിരഞ്ഞെടുപ്പുചട്ടങ്ങൾ ലംഘിച്ചതായി കേസ്. ജയ്പുരിലെ സാംഗനീറിൽനിന്നു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി അനുയായികൾക്കു പണം വിതരണം ചെയ്തതായാണു കേസ്. 

വിവാദപ്രസ്താവനകളുടെ തോഴനും തീവ്രഹിന്ദുത്വ നിലപാടുകാരനുമായ നേതാവ് പക്ഷേ, ഇതു കെട്ടിച്ചമച്ച കേസാണെന്നാണു പറയുന്നത്. രണ്ടു പാവപ്പെട്ട ചെണ്ടകൊട്ടുകാർക്കു 200 രൂപ വീതം നൽകിയതിനാണ് തന്റെ പേരിൽ കേസെടുത്തിരിക്കുന്നത് എന്നാണു വാദം.