Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ കോട്ട കാക്കാൻ വെടിനിർത്തൽ; യുപി ആവർത്തിക്കുമോ ബിജെപി?

amit-shah-rajasthan ബിജെപി അധ്യക്ഷൻ അമിത് ഷാ രാജസ്ഥാനിലെ കോട്പുത്‌ലിയിലെ പ്രചാരണ യോഗത്തിൽ.

കയ്യുംകെട്ടി നോക്കിനിന്നാലും, ഭരണ‌വിരുദ്ധതരംഗത്തിൽ പാട്ടുംപാടി ജയിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്ത് രാജസ്ഥാനിൽ യുപി ആവർത്തിക്കുമോ ? അസംഭവ്യം എന്നു തിരഞ്ഞെടുപ്പു സർവേകൾ പറഞ്ഞെങ്കിലും അത്തരമൊരു നേട്ടത്തിനുള്ള ശ്രമത്തിലാണു ബിജെപി. ആർഎസ്എസുമായുള്ള ഭിന്നതകൾ പറഞ്ഞുതീർത്തതും അവർ തിരഞ്ഞെടുപ്പിൽ പൂർണതോതിൽ സജീവമാകാൻ തീരുമാനിച്ചതുമാണ് ഈ ദിശയിലുള്ള ചർച്ചകൾക്കു വഴിതുറക്കുന്നത്. പടലപിണക്കങ്ങൾ മാറ്റിവച്ചു സംസ്ഥാനത്ത് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മേൽക്കോയ്മ അംഗീകരിച്ചു പ്രവർത്തിക്കാനുള്ള പാർട്ടിതീരുമാനവും പ്രധാനം. 2019ൽ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്താൻ രാജസ്ഥാൻ നിർണായകമാണെന്ന തിരിച്ചറിവ് കേന്ദ്ര നേതൃത്വത്തെയും ഇത്തരമൊരു വെടിനിർത്തലിനു പ്രേരിപ്പിച്ചു. ‌

Vasundhara Raje

കഴിഞ്ഞദിവസമാണു ബിജെപിയിലെയും ആർഎസ്എസിലെയും മുതിർന്ന സംസ്ഥാന നേതാക്കൾ ചർച്ച നടത്തി, പ്രശ്നങ്ങൾ തൽക്കാലം മാറ്റിവച്ച് വിജയത്തിനായി കൃത്യമായ പദ്ധതിയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചത്. നേരത്തേ, ഉപതിരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് വിട്ടുനിന്നതോടെ പാർട്ടി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുകയെന്ന അപ്രഖ്യാപിത ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ ആർഎസ്എസ് നീക്കങ്ങൾ. സംസ്ഥാനത്തു പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്നതായ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുമായി പലവട്ടം ചർച്ച നടത്തി. തുടർന്ന്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സംസ്ഥാനം സന്ദർശിച്ചപ്പോൾ പാർട്ടിയെ അധികാരത്തിലേറ്റാൻ പ്രവർത്തിക്കണമെന്ന് അണികൾക്കു കർശന നിർദേശം നൽകുകയും ചെയ്തു. 

Yogi Adiyanath യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അയോധ്യയും ആദിത്യനാഥും

രാജസ്ഥാനിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലാണെന്നതിനാൽ പ്രചാരണം കൂടുതൽ തീവ്രവും വികാരപരവുമാക്കാനുള്ള ശ്രമത്തിലാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെക്കാൾ കൂടുതൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നതു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ന്യൂനപക്ഷങ്ങൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പ്രചാരണം തിളച്ചുമറിയാൻ ഈ തന്ത്രം സഹായിക്കുന്നുണ്ട്. രാമഭക്തർ ബിജെപിക്കു വോട്ട് ചെയ്യാൻ ആദിത്യനാഥ് ആഹ്വാനം ചെയ്യുന്നു; മുസ്‌ലിം സ്ഥാനാർഥികൾക്കെതിരെ കടുത്ത പദപ്രയോഗങ്ങളുടെ അകമ്പടിയുമുണ്ട്. അയോധ്യയിലെ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ടു ചർച്ച സജീവമാക്കി ധ്രുവീകരണം ശക്തമാക്കാമെന്നും കണക്കുകൂട്ടുന്നു. കോൺഗ്രസ് എംപിമാർ ജഡ്ജിമാർക്കെതിരെ ഇംപീച്മെന്റ് ഭീഷണി മുഴക്കിയതിനാലാണു രാമക്ഷേത്ര നിർമാണം വൈകുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗംവരെ ഇതു മനസ്സിൽക്കണ്ടാണ്. 

ബിജെപിക്കുവേണ്ടി മോദിയും അമിത് ഷായും ആദിത്യനാഥുമൊക്കെ പ്രചാരണത്തിനിറങ്ങുമ്പോൾ കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധി മാത്രമാണുള്ളത്. ഇതിനു പുറമെ, മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാപക പ്രചാരണവും പണക്കൊഴുപ്പും ബിജെപിക്കു തുണയാകുന്നുണ്ട്. 

Sachin Pilot സച്ചിൻ പൈലറ്റ്

കോൺഗ്രസിന് ന്യൂനപക്ഷ വെല്ലുവിളി

കോൺഗ്രസ് ന്യൂനപക്ഷ സീറ്റുകളിൽ സവിശേഷമായ വെല്ലുവിളി നേരിടുകയാണ്. മുസ്‌ലിം വോട്ടുകൾ നിർണായകമായ 16 മണ്ഡലങ്ങളുണ്ട്. പതിനഞ്ചിലും കോൺഗ്രസ് മുസ്‌ലിം സ്ഥാനാർഥികളെ മൽസരിപ്പിക്കുന്നു. എന്നാൽ, ഇവിടെയൊക്കെ വേറെയും മുസ്‌ലിംകൾ മൽസരിക്കുന്നതു സ്വന്തം വോട്ട് ചോർത്തുമെന്നാണു കോൺഗ്രസിന്റെ ആശങ്ക. കോൺഗ്രസ് മുസ്‌ലിം സ്ഥാനാർഥിയെ തേടാതെ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിനെ നിയോഗിച്ച ടോങ്കിലാകട്ടെ, മന്ത്രി യൂനുസ് ഖാനെ എതിർസ്ഥാനാർഥിയാക്കുകയും ചെയ്തു ബിജെപി; സംസ്ഥാനത്തു പാർട്ടിയുടെ ഏക മുസ്‌ലിം സ്ഥാനാർഥി. 

16 മണ്ഡലങ്ങളിലായി മൽസരിക്കുന്ന 382 പേരിൽ 125 പേരും മുസ്‌ലിംകൾ ആണെന്നതു കോൺഗ്രസിനു തലവേദനയാണ്. റിബലുകളായും സ്വതന്ത്രരായും മൽസരിക്കുന്ന ഇത്തരം സ്ഥാനാർഥികൾ കാരണമാണ് കഴിഞ്ഞതവണ പല മണ്ഡലങ്ങളും നഷ്ടമായത്. ഇവരെല്ലാം ചേർന്ന് കുറഞ്ഞതു പതിനായിരത്തോളം വോട്ടുകൾ നേടിയ മണ്ഡലങ്ങളിൽ 2000– 4000 വോട്ടുകൾക്കു കോൺഗ്രസ് സ്ഥാനാർഥികൾ തോറ്റിരുന്നു. ഇക്കുറി പിന്മാറാനുള്ള സമയം കഴിഞ്ഞെങ്കിലും ഈ സ്ഥാനാർഥികളെ പറഞ്ഞു സമാധാനിപ്പിച്ചു നിശ്ശബ്ദരെങ്കിലുമാക്കാനുള്ള ശ്രമത്തിലാണു കോൺഗ്രസ്. 

അപ്പുറത്ത് അളിയൻ പോര്, ഇപ്പുറത്ത് ദമ്പതികളുടേതും

മുൻ പിസിസി പ്രസിഡന്റ് ബി.ഡി.കല്ല കോൺഗ്രസിനുവേണ്ടിയും അളിയൻ ഗോപാൽ ജോഷി ബിജെപിക്കുവേണ്ടിയും മൂന്നാം തവണയും മൽസരിക്കുന്നതിലൂടെയാണു ബിക്കാനേർ വെസ്റ്റ് മണ്ഡലം ശ്രദ്ധേയമെങ്കിൽ, ഭാര്യയും ഭർത്താവും നേരിട്ട് ഏറ്റുമുട്ടുന്നതിലൂടെയാണ് ബിക്കാനേർ ഈസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

വിവാഹം കഴിഞ്ഞു 37 വർഷമായി. ഇപ്പോഴും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു. എങ്കിലും ഇത്തവണ തിരഞ്ഞെടുപ്പിൽ ഒരേ സീറ്റിൽനിന്നു സ്വതന്ത്രരായി പരസ്പരം മൽസരിക്കാനാണു സ്വരൂപ് ചന്ദ് ഗെലോട്ടിന്റെയും ഭാര്യ മഞ്ജുലത ഗെലോട്ടിന്റെയും തീരുമാനം. ഇരുവരെയും അടുത്തറിയുന്നവരിൽ ആശ്ചര്യം ജനിപ്പിച്ച തീരുമാനം. 

എന്നാൽ, ഇവർക്കു വ്യക്തമായ കാരണങ്ങളുണ്ട്. ഭർത്താവ് തിരഞ്ഞെടുപ്പിലെ പതിവു സ്വതന്ത്രൻ. അന്നൊക്കെ വീട്ടിൽ  കുട്ടികളുണ്ടായിരുന്നു മഞ്ജുലതയ്ക്കു കൂട്ടിന്. കുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചതിനാൽ ഇപ്പോൾ ഭർത്താവു തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി വളരെ വൈകി എത്തുന്നതുവരെ തീർത്തും ഒറ്റയ്ക്കാകും. അതൊഴിവാക്കാൻ മഞ്ജുലതയും മൽസരിക്കുന്നു. പ്രചാരണവും ഒന്നിച്ച്.  

ashok-gehlot അശോക് ഗെലോട്ട്

കർഷകരിൽ കണ്ണുവച്ച് കോൺഗ്രസ് 

കാർഷിക കടാശ്വാസവും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസവും യുവാക്കൾക്കു തൊഴിലും ഉറപ്പുനൽകി രാജസ്ഥാനിൽ കോൺഗ്രസ് പ്രകടന പത്രിക. അധികാരത്തിലേറിയാൽ 10 ദിവസത്തിനകം  കാർഷിക കടം എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പാക്കുമെന്നു പത്രിക പുറത്തിറക്കിക്കൊണ്ടു പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർ പറഞ്ഞു. 

‘കൃഷി ഉപകരണങ്ങളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കും. യുവജനങ്ങൾക്കു തൊഴിലും തൊഴിൽരഹിതരായവർക്കു 3500 രൂപ വേതനവും നൽകും. പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായി സൗജന്യമാക്കും’ – സച്ചിൻ പൈലറ്റ് പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപുതന്നെ, കോൺഗ്രസ് തൊഴിൽരഹിത വേതനം നൽകുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചു ബിജെപി പ്രതിമാസം 5000 രൂപ തൊഴിൽരഹിത വേതനമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

ആ വാക്ക്  മിണ്ടിയാൽ...

നിയമവിധേയമല്ലാത്ത ഏതു പ്രവൃത്തിയെയും സൂചിപ്പിക്കാൻ രാജസ്ഥാനികൾ ഉപയോഗിക്കുന്ന ‘ഗോരഖ് ധന്ത’ എന്ന പദപ്രയോഗം നിരോധിക്കുമെന്നും ശിക്ഷാർഹമാക്കുമെന്നും ബിജെപി പ്രകടനപത്രിക.  വേശ്യാവൃത്തി മുതൽ അധോലോക പ്രവർത്തനങ്ങൾവരെ എന്തിനെക്കുറിച്ചും പരാമർശിക്കുന്ന പ്രയോഗമാണിത്. 

മുഗളരുടെ കാലത്ത് അഴിയാക്കുരുക്ക് എന്ന അർഥത്തിൽ ഉപയോഗിച്ചിരുന്ന ഉർദു വാക്കാണ് പിന്നീട് എല്ലാ മോശം പ്രവൃത്തിയെയും സൂചിപ്പിക്കുന്നതായി പരിണമിച്ചത്. ഇതിന്റെ ആദ്യ പകുതിയായ ഗോരഖ് ആണ് ബിജെപിയെ നിരോധനത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. ഗുരു ഗോരഖ് നാഥിന്റെ അനുയായികളെ മുറിപ്പെടുത്തുന്നതാണു പ്രയോഗമെന്ന് പാർട്ടി വിശദീകരിക്കുന്നു.  

krishna-poonia-2 കൃഷ്ണ പൂനിയ

സ്വർണം തേടി കൃഷ്ണ പൂനിയ

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വെങ്കലമെ‍ഡൽ ഇത്തവണ സ്വർണമാക്കാനുറച്ചു കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സുവർണനായിക കൃഷ്ണ പൂനിയ വീണ്ടും രംഗത്ത്. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിപ്പോയ ചുരു ജില്ലയിലെ സാധുൽപുരിൽനിന്നുതന്നെയാണ് കോൺഗ്രസ് ടിക്കറ്റിൽ പൂനിയ മൽസരിക്കുന്നത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഎസ്പിക്കും ബിജെപിക്കും പിന്നിൽ മൂന്നാമതായിരുന്നു പൂനിയയുടെ സ്ഥാനം. ഇത്തവണയും ത്രികോണ മൽസരമാണ്. നിലവിലെ എംഎൽഎ മനോജ് കുമാർ ന്യാൻഗലി ബിഎസ്പിക്കു വേണ്ടി വീണ്ടും മൽസരിക്കുന്നു. മുൻ എംപി റാംസിങ് കസ്വാൻ ആണു ബിജെപി സ്ഥാനാർഥി. ഹരിയാനക്കാരിയായ ഡിസ്കസ് താരം ചുരുവിൽ വീരേന്ദർ സിങ് പൂനിയയെ വിവാഹം കഴിച്ചതോടെയാണു മണ്ഡലത്തിന്റെ മരുമകളായത്. 

2010ൽ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയതോടെ, കോമൺവെൽത്ത് ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഭർത്താവിന്റെ നാട്ടുകാർ ഇത്തവണ കൈവിടില്ലെന്ന പ്രതീക്ഷയോടെയാണു പോരാട്ടം.