വായനക്കാരെ മയക്കുന്ന കറപ്പാണ് അമിതാവ് ഘോഷിന്റെ എഴുത്ത്. ആഘോഷമായ എഴുത്ത്. കഥപറച്ചിൽ അൽപം സങ്കീർണമായിരിക്കും; പക്ഷേ, ആ വായന തരുന്ന സുഖം ഒന്നു വേറെ. കറുപ്പിന്റെ ചരിത്രകഥകൾ 3 നോവലുകളിലായി കുറിച്ചിട്ട എഴുത്തുകാരന്റെ ആഖ്യാനശൈലി വായനക്കാരെ അത്രമേൽ മത്തുപിടിപ്പിച്ചു കളയും.
ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ പലതവണ ഇടംനേടി അവസാന നിമിഷം പുറത്തായിട്ടുള്ള ഘോഷ് ഇപ്പോഴിതാ സാഹിത്യത്തിന്റെ ‘ജ്ഞാനപീഠം’ തന്നെ സ്വന്തമാക്കിയിരിക്കുന്നു.
1956 ജൂലൈ 11നു കൊൽക്കത്തയിലാണു ജനനമെങ്കിലും ഇന്ത്യയിലും ബംഗ്ലദേശിലും ശ്രീലങ്കയിലും ഇറാനിലുമായി ചിതറിക്കിടക്കുന്ന ജീവിത കാലഘട്ടങ്ങളാണു ഘോഷിന്റേത്. നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഡൽഹി സർവകലാശാലയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഘോഷ് ആ കാലഘട്ടത്തിൽ പത്രപ്രവർത്തനവും കൂടെക്കൂട്ടി. തുടർന്ന്, സോഷൽ ആന്ത്രപ്പോളജിയിൽ പിഎച്ച്ഡി എടുത്തത് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന്.
1986 ലാണ് ആദ്യ നോവൽ പുറത്തിറങ്ങിയത്– ദ് സർക്കിൾ ഓഫ് റീസൺ. 2 വർഷം കഴിഞ്ഞ് അടുത്ത നോവൽ ദ് ഷാഡോ ലൈൻസ്. ഈ 2 ഇംഗ്ലിഷ് നോവലുകൾക്കും വിദേശഭാഷകളിൽ പരിഭാഷകളിറങ്ങിയതോടെ ലോകപ്രശസ്ത എഴുത്തുകാരിലൊരാളായി അമിതാവ് ഘോഷ്.
കൊളോണിയൽ ചരിത്രവും വ്യക്തികളുടെ സങ്കീർണ ജീവിതവും മനോഹരമായി കൂട്ടിക്കലർത്തിയ ഘോഷ് അടുത്ത നോവലിനായി കൈവച്ചത് ശാസ്ത്രസാഹിത്യത്തിലായിരുന്നു. 1995 ൽ പ്രസിദ്ധീകരിച്ച ‘ദ് കൽക്കട്ട ക്രോമസോം’. എ നോവൽ ഓഫ് ഫീവേഴ്സ്, ഡിലിറിയം ആൻഡ് ഡിസ്കവറി എന്ന ഉപശീർഷകമുള്ള നോവൽ മലേറിയ പരത്തുന്ന പരാദ അണുവിന്റെ ബദൽ ചരിത്രമാണു പറഞ്ഞത്.
ഡൽഹി സർവകലാശാലയിലും കയ്റോയിലെ അമേരിക്കൻ സർവകലാശാലയിലും കൊളംബിയ സർവകലാശാലയിലും ഹാർവഡ് സർവകലാശാലയിലും പഠിപ്പിച്ച ശേഷം ഘോഷ് 2004 ൽ അധ്യാപനത്തോടു വിടപറഞ്ഞു. മുഴുവൻ സമയവും എഴുത്തു മാത്രം. ഇന്ത്യയിൽ വന്നുപോയി യുഎസിൽ താമസം.
വർഷങ്ങൾ നീളുന്ന ഗവേഷണങ്ങൾ, ചിന്തകൾ പകർത്തിയ കുറിപ്പുകൾ. ഘോഷിന്റെ എല്ലാ രചനകളും പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. പുതുനാടുകൾ തേടിയുള്ള യാത്രയുടെയും അലച്ചിലുകളുടെയും സാംസ്കാരിക സമസ്യകളും ചരിത്രനിമിഷങ്ങളും പേറുന്ന കഥാപാത്രങ്ങളായി.
ഓക്സ്ഫഡിലെ പഠനകാലത്തിനു ശേഷം തിരുവനന്തപുരത്ത് സിഡിഎസിൽ ഗവേഷണത്തിനായി ഒരു വർഷത്തോളം ഘോഷ് കേരളത്തിൽ കഴിഞ്ഞിട്ടുണ്ട്. ഒ.വി. വിജയന്റെ രചനകളോട് എക്കാലവും അടുപ്പം സൂക്ഷിക്കുന്നു. ആക്കുളത്തു ലാറി ബേക്കർ നിർമിച്ച സിഡിഎസിന്റെ മനോഹരമായ കെട്ടിടവും പുൽത്തകിടികളും എന്നും ഓർകളിൽ സൂക്ഷിക്കുന്നു. ഈ ജ്ഞാനപീഠം എഴുത്തിന്റെ കപ്പലോട്ടങ്ങൾക്കു സമർപ്പിക്കാം.