Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന്

Amitav-Ghosh-novelist അമിതാവ് ഘോഷ്

ന്യൂഡൽഹി∙ ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. കൊൽക്കത്ത സ്വദേശിയായ അമിതാവിനെ 2007–ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 'ദ് ഷാഡോ ലൈന്‍സ്' (1988) സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 'ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്', ' സീ ഓഫ് പോപ്പീസ് ', 'സര്‍ക്കിള്‍ ഓഫ് റീസണ്‍', 'ദ് കല്‍ക്കട്ടാ ക്രോമോസോം'(1995), 'ദ് ഹഗ്രി ടൈഡ്'  'ദ് ഗ്ലാസ് പാലസ്',  'ഫ്‌ളഡ് ഓഫ് ഫയര്‍' തുടങ്ങിയവയാണു പ്രധാന കൃതികള്‍.

1956ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാഭ് ഘോഷ് ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനു ശേഷം പത്രപ്രവര്‍ത്തകനായി. പോസ്റ്റ് കൊളോണിയലിസത്തിന്റെ വക്താക്കളില്‍ പ്രമുഖസ്ഥാനമുള്ള എഴുത്തുകാരനാണ് അമിതാഭ് ഘോഷ്. അദ്ദേഹത്തിന്റെ കൃതികള്‍ ഒട്ടേറെ യൂറോപ്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

'സീ ഓഫ് പോപ്പീസ്'

ജീവനുള്ള മനുഷ്യരുടെ കഥകളാണു ചരിത്രമെന്നു തെളിയിക്കുന്നതായിരുന്നു അമിതാവ് ഗോഷിന്റെ വിവാദനോവലായ 'സീ ഓഫ് പോപ്പീസ്'. ഇന്ത്യന്‍ ഇംഗ്ലീഷ് ശാഖയിലെ ഏറ്റവും കരുത്തുറ്റ എഴുത്തുകാരിലൊരാളായ ഗോഷ് പ്രമേയമാക്കിയിരിക്കുന്നത് ഇന്ത്യയുടെ ചരിത്രവും അവിടെ ആരോരുമറിയാതെ ജീവിച്ചു മരിച്ച കുറെ മനുഷ്യരുടെ കഥകളുമാണ്.

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ കറപ്പു കൃഷിയാണു സീ ഓഫ് പോപ്പീസിന്റെ മുഖ്യ പ്രമേയം. കറപ്പ് കൃഷിചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ഇന്ത്യന്‍ കര്‍ഷകരില്‍ തുടങ്ങി അതു വാങ്ങാനെത്തുന്ന കച്ചവടക്കാരിലൂടെയും ഇന്ത്യന്‍ രാജാക്കന്മാരിലൂടെയുമെല്ലാം കഥ വികസിച്ചു. ചരിത്ര പ്രാധാന്യമുള്ള വലിയൊരു പ്രമേയത്തെ ഗോഷ് ഇഴപിരിച്ചെടുത്തതു ശക്തരായ കഥാപാത്രങ്ങളുടെ സാന്നിധ്യത്തിലൂടെയാണ്. കൊല്‍ക്കത്തയില്‍നിന്നു മൊറീഷ്യസിലേക്കു പോകുന്ന ഇബിസ് എന്ന ചരക്കുകപ്പലും അതിലെ അടിമകളായ തൊഴിലാളികളുമായിരുന്നു കഥയുടെ കേന്ദ്രം.

2015-ല്‍ ഫോര്‍ട്ട്‌കൊച്ചിയിലെത്തിയപ്പോള്‍ അമിതാവ് പങ്കുവച്ച വിശേഷങ്ങള്‍

കൊച്ചി ∙ ഫോര്‍ട്ട്‌കൊച്ചിയിലെ പുരാവൃത്തങ്ങളുറങ്ങുന്ന ഡേവിഡ് ഹാളില്‍ വച്ചു കണ്ടുമുട്ടുമ്പോള്‍ പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ്് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ മുഖം നിറയെ ചരിത്ര കൗതുകം. ഡച്ചു ഗവര്‍ണറുടെ വാസസ്ഥലവും 'ഹോര്‍ത്തൂസ് മലബാറിക്കസി'ന്റെ രചനയില്‍ പങ്കു വഹിച്ച മന്ദിരവുമാണ് ഡേവിഡ് ഹാളെന്ന് അദ്ദേഹം അറിഞ്ഞുവച്ചിരുന്നു. ഓരോ കോണും ഉറ്റുനോക്കി. മേല്‍ക്കൂരയില്‍ ഓടുകള്‍ക്കിടയില്‍ പാകിയ ചില്ലോടുകളിലൂടെ വെളിച്ചം താഴേക്കൂര്‍ന്നിറങ്ങുന്നത് നല്ല കാഴ്ചയെന്ന പോലെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു. പുതിയ നോവല്‍ 'ഫ്‌ളഡ് ഓഫ് ഫയര്‍' കേരളത്തില്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായാണ് അദ്ദേഹം നഗരത്തിലെത്തിയത്.

∙ കാലത്തിനെയും ചരിത്രത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ താങ്കളിലെ എഴുത്തുകാരനിലുണ്ട് ? ആ ചരിത്രനിരീക്ഷണമല്ലേ താങ്കളുടെ കൃതികള്‍ വിജയിപ്പിക്കുന്നത്?

ചരിത്രത്തെ അജന്‍ഡകള്‍ വച്ചു സമീപിക്കുന്ന ഒരാളല്ല ഞാന്‍. പക്ഷേ, ചരിത്രവും അതിന്റെ സമസ്യകളും ഞാനിഷ്ടപ്പെടുന്നു. നമ്മള്‍ അറിഞ്ഞതോ വായിച്ചതോ കണ്ടുമുട്ടിയതോ അല്ല യഥാര്‍ഥ ചരിത്രം. നോക്കൂ, നമുക്ക് നല്ല ചരിത്രകാരന്മാരുണ്ട്. എന്നാല്‍ നല്ല ചരിത്രമൂഹൂര്‍ത്തങ്ങള്‍ ഒരിടത്തും അടയാളപ്പെടുത്തി കാണുന്നില്ല. ചരിത്രത്തിലുടെ കടന്നു പോകുന്ന നോവലിന് അതു സാധിക്കും. രചനകളെ ചരിത്രത്തിന്റെ വീക്ഷണത്തിലും അല്ലാതെയും ഒരെഴുത്തുകാരനു സമീപിക്കാം. ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഓരോ ജീവിതവും യാഥാര്‍ഥ്യത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന അന്വേഷണവും അതിനുള്ള ഉത്തരവുമാണ് എന്റെ രചനകള്‍.

∙ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് താങ്കളുടെ ഓരോ കൃതിയും പുറത്തുവരുന്നത്. ഏറെ ശ്രമകരമായ ഒരു ദൗത്യം ഇതിനു പിന്നിലുണ്ട്. ഇത് എഴുത്തിനെ എങ്ങനെ സഹായിക്കുന്നു?

എഴുതാനായി മികച്ച രീതിയിലുള്ള ഗവേഷണം തന്നെയുണ്ട്. എഴുത്താണ് ഗവേണത്തിലേക്കു നയിക്കുന്നത്. ഫ്‌ളഡ് ഓഫ് ഫയര്‍ എന്ന നോവല്‍ കറുപ്പു യുദ്ധങ്ങളുടെ പശ്ചാത്തലമാണ് പ്രമേയമാക്കുന്നത്. ആഴത്തിലുള്ള അന്വേഷണം വേണ്ടിവന്നു. യുദ്ധത്തെ നമ്മള്‍ എങ്ങനെയാണ് സങ്കല്‍പ്പിക്കുന്നത്? അതു വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. അറുപതിനായിരം പേര്‍ വരെ മരിച്ചുവീണ ദിവസങ്ങളുണ്ട്. ഇത്രയും പേര്‍ മരിക്കുന്നതിനെ ലളിതമായി കാണാനാവില്ല. ഇത്തരം ചിന്തകളും ആലോചനകളും പകര്‍ത്തിവയ്ക്കുക എന്നത് ലളിതമായ കാര്യമല്ല. പക്ഷേ, എഴുത്ത് എന്നെ ആനന്ദിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ വീണ്ടുമെഴുതുന്നതും.

∙ ഫ്‌ളഡ് ഓഫ് ഫയര്‍ താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ പുസ്തമാണെന്നാണ് വിലയിരുത്തല്‍?

അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ പുസ്തകത്തിനു നല്ല സ്വീകാര്യതയാണുള്ളത്. പുറംനാടുകളിലെ യാഥാസ്ഥിതികരായ വിമര്‍ശകര്‍ പോലും എന്റെ വീക്ഷണങ്ങളെ ശരിവയ്ക്കുന്നു.

∙ കറുപ്പിനെ (ഓപിയം) ഈ പുസ്തകവുമായി ബന്ധപ്പെടുത്തിയപ്പോള്‍ എന്തൊക്കെയാണ് പുതുതായി കണ്ടെത്താനായത്?

പുതുതായി കണ്ടെത്തി എന്നല്ല, ഉണ്ടായിരുന്നതിനെ പുതിയ കാലത്തില്‍ അവതരിപ്പിക്കുകയാണ്. ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബ്രിട്ടീഷുകാര്‍ കറുപ്പുകൃഷി നടത്തിയത്. ഇവിടെ നിന്നാണു ചൈനയിലേക്കു കൊണ്ടുപോകുന്നതും. ബംഗാളുകാരനായ ഹവീല്‍ദാര്‍ കേസരി സിങ് ആണ് ഈ നോവലിലെ പ്രധാന കഥാപാത്രം. കേസരിസിങ്ങിനെ ചരിത്രത്തിലൂടെ യഥേഷ്ടം യാത്ര ചെയ്യാന്‍ ഞാന്‍ അനുവദിച്ചു.

∙ എല്ലാ എഴുത്തുകാരോടും സാധാരണക്കാരായ വായനക്കാര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യം, എങ്ങനെയാണ് താങ്കളുടെ രചനാരീതി? താങ്കളുടെ എഴുത്തുമുറി എങ്ങനെയാണ്?

(ചിരി) റൈറ്റിങ് പാഡുകളാണ് എന്റെ ആദ്യത്തെ ടൂള്‍. അതില്‍ പെന്‍സില്‍ കൊണ്ടെഴുതുന്ന ശീലം ഉപേക്ഷിച്ചിട്ടില്ല. അതു പിന്നീട് കംപ്യൂട്ടറിലേക്കു പകര്‍ത്തും. പകല്‍നേരമാണ് എഴുതുക. രാത്രി എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കും. നോട്ടുകള്‍ തയാറാക്കിവയ്ക്കും. എഴുത്തുമുറിയുടെ കാര്യം..? ആദ്യമാദ്യം അതൊരു ബാറ്റില്‍ഫീല്‍ഡിനു സമാനമായിരിക്കും. കട്ടിലിലും മേശയിലുമൊക്കെ കടലാസുകളും പുസ്തകങ്ങളും നോട്ട്ബുക്കുകളുമൊക്കെ ചിതറിക്കിടക്കും. എഴുതി മുന്നേറുന്നതോടെ അതൊക്കെ വൃത്തിയോടെ പൂര്‍വാവസ്ഥ പ്രാപിക്കും.

∙ എന്നെങ്കിലും റൈറ്റേഴ്‌സ് ബ്ലോക്കിനെ നേരിടേണ്ടി വന്നിട്ടുണ്ടോ?

ഉണ്ടോ..? നാലു വര്‍ഷം കൂടുമ്പോള്‍ എന്റെയൊരു കൃതി പുറത്തുവരുന്നുണ്ട്.

∙ എഴുത്തുകാരുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലമാണല്ലോ? പെരുമാള്‍ മുരുകന്‍ എഴുത്തവസാനിപ്പിച്ചതിനെപ്പറ്റി എങ്ങനെ പ്രതികരിക്കുന്നു ?

എന്റെ പുസ്തകം ചെന്നൈയില്‍ റിലീസ് ചെയ്തപ്പോള്‍ മുരുകന്‍ വന്നിരുന്നു. ഭരണകൂടങ്ങളല്ല അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്നത്. മതമൗലിക വാദികളും കോര്‍പറേറ്റുകളുമാണ് എഴുത്തുകാരന്റെ മാത്രമല്ല പൗരന്മാരുടെയും സ്വാതന്ത്ര്യം തടയുന്നത്.

∙ കേരളം താങ്കളെ എഴുത്തിലേക്കു നയിച്ച ഇടമാണെന്ന് മുന്‍പു പറഞ്ഞിട്ടുണ്ട്..?

തീര്‍ച്ചയായും. എന്റെ ആദ്യനോവലിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാകുന്നത് തിരുവനന്തപുരത്താണ്. ഡോ. കെ.എന്‍. രാജിനു കീഴില്‍ സിഡിഎസിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. ലാറി ബേക്കര്‍ നിര്‍മിച്ച മനോഹരമായ കെട്ടിടവും ലോണുമൊക്കെ എന്റെ ആദ്യനോവലുമായി ബന്ധപ്പെട്ട സജീവമായ ഓര്‍മകളാണ്. കൊച്ചിയും ഇഷ്ടമാണ്. ചരിത്രം ഉറങ്ങുന്നയിടം. ഡേവിഡ് ഹാളില്‍ നില്‍ക്കുമ്പോള്‍ പരമ്പരാഗത വൈദ്യനായ ഇട്ടി അച്യുതനെപ്പറ്റി ഞാന്‍ ഓര്‍ക്കുകയാണ്.