Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോവലിസ്റ്റ് അമിതാവ് ഘോഷിന് ജ്ഞാനപീഠം

Amitav-Ghosh-novelist

ന്യൂഡൽഹി∙ ഇംഗ്ലിഷിൽ എഴുതുന്ന വിഖ്യാത എഴുത്തുകാരൻ അമിതാവ് ഘോഷിന് ഈ വർഷത്തെ ജ്ഞാനപീഠം പുരസ്കാരം. കൽക്കട്ട ക്രോമസോം, ഷാഡോ ലൈൻസ്, സീ ഓഫ് പോപ്പീസ് തുടങ്ങിയ രചനകളിലൂടെ രാജ്യാന്തര പ്രശസ്തനാണ്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും ഉൾപ്പെട്ടതാണു പുരസ്കാരം.

നോവലിൽ പുതുവഴികൾ വെട്ടിയ ഘോഷ് ചരിത്ര സന്ദർഭങ്ങളും ആധുനിക കാലഘട്ടവും കൂടിക്കലരുന്ന പ്രമേയങ്ങളിലൂടെ അസാധാരണമാംവിധം ആഴവും ഉൾക്കാമ്പുമുള്ള നോവലുകളെഴുതിയ മികച്ച സാഹിത്യകാരനാണെന്നു പ്രതിഭ റേ അധ്യക്ഷയായുള്ള ജ്ഞാനപീഠം പുരസ്കാര നിർണയ സമിതി വിലയിരുത്തി. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണനും സമിതിയിലുണ്ട്.

കൊൽക്കത്തയിൽ ജനിച്ച അമിതാവ് ഘോഷിന് (62) പത്മശ്രീ ബഹുമതി ലഭിച്ചിട്ടുണ്ട്. ഭാര്യ ഡെബൊറ ബേക്കറുമൊത്ത് ന്യൂയോർക്കിലാണു താമസം. ദ് ഗ്ലാസ് പാലസ് (2004), ദ് ഹംഗ്രി ടൈഡ് (2004) എന്നീ രചനകൾക്കു ശേഷം ചരിത്രപ്രസിദ്ധമായ കറുപ്പു യുദ്ധം പശ്ചാത്തലമാക്കിയുള്ള സീ ഓഫ് പോപ്പീസ് (2009), റിവർ ഓഫ് സ്മോക്ക് (2011), ഫ്ലഡ് ഓഫ് ഫയർ (2015) എന്നീ നോവലുകൾ പുറത്തുവന്നു.

യാത്രാവിവരണവും ആത്മകഥയും സ്മരണകളും എല്ലാം കൂടിക്കലർന്നു കിടക്കുന്ന ഇൻ ആൻ ആന്റിക് ലാൻഡ് (1992), ഡാൻസിങ് ഇൻ കംബോഡിയ, അറ്റ് ലാർജ് ഇൻ ബർമ (1998), ദി ഇമാം ആൻഡ് ദി ഇന്ത്യൻ (2002) തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ രചനകൾ. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പുസ്തകം ‘ദ് ഗ്രേറ്റ് ഡിറേഞ്ച്മെന്റ്; ക്ലൈമറ്റ് ചേഞ്ച് ആൻഡ് ദ് അൺതിങ്കബിൾ’ (2016).