ന്യൂഡൽഹി∙ അൻപത്തിമൂന്നാമതു ജ്ഞാനപീഠ പുരസ്കാരം ഹിന്ദി നോവലിസ്റ്റും കഥാകാരിയുമായ കൃഷ്ണ സോബ്തിക്ക് (92). സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും ഉൾപ്പെട്ട പുരസ്കാരം. സിന്ദഗിനാമ (1979) ആണ് ആദ്യ നോവൽ. 1980 ൽ ഈ നോവലിനു സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ദാർ സേ ബിച്ചൂഡി, മിത്രോ മാർജ്ജനി, യേ ലഡ്കി, ജൈനി മെഹർ ബാൻ സിങ്, ദിൽ ഓ ദാനിഷ് തുടങ്ങിയവയാണു മറ്റു നോവലുകൾ.
സ്ത്രീ–പുരുഷ ബന്ധം, മാനുഷിക മൂല്യങ്ങളുടെ അധഃപതനം, വിഭജനം, ഇന്ത്യൻ സാമൂഹിക അവസ്ഥകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം പ്രധാന വിഷയമാക്കിയായിരുന്നു കൃഷ്ണയുടെ കൃതികൾ. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. 2010ൽ പത്മഭൂഷൻ നൽകി രാജ്യം ആദരിക്കാൻ തയാറായെങ്കിലും അവർ വിസമ്മതിച്ചു.
ഇപ്പോൾ പാക്കിസ്ഥാനിൽപെടുന്ന ഗുജറാത്ത് സിറ്റിയിലാണു കൃഷ്ണാ സോബ്തി ജനിച്ചത്. ഡൽഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറിൽ ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടർന്നു തിരികെ ഇന്ത്യയിലെത്തി. എഴുത്തുകാരൻ ശിവ്നാഥാണു ഭർത്താവ്.