ഹൈദരാബാദ് ∙ റിയോ ഒളിംപിക്സിൽ ബാഡ്മിന്റനിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനതാരമായ പി.വി.സിന്ധുവിനെ ‘വോളിബോൾ താര’മാക്കിയ തെലങ്കാന ഉപമുഖ്യമന്ത്രിയുടെയും എംഎൽഎയുടെയും വിഡിയോ വൈറലാകുന്നു. വെള്ളിയാഴ്ച ദക്ഷിണമേഖലാ പൊലീസ് സേന സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ കൂട്ടയോട്ട മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സിന്ധുവിന്റെ സാന്നിധ്യത്തിലാണ് ഉപമുഖ്യമന്ത്രി മഹ്മൂദ് അലിക്കും നിയമസഭാംഗം മുംതാജ് ഖാനും അമളി പിണഞ്ഞത്.
പ്രസംഗത്തിനിടെ സിന്ധുവിനെക്കുറിച്ചു പറയാൻ വാക്കുകൾ കിട്ടാതെ കുഴങ്ങിയ മുംതാജ് ഖാന് ദേശീയ വോളിബോൾ താരമാണു സിന്ധു എന്നു മഹ്മൂദ് അലി പറഞ്ഞുകൊടുത്തു. സിന്ധു ആരെന്ന് ഒരു ഊഹവുമില്ലാതിരുന്ന ഖാൻ ആകട്ടെ ഇത് ഏറ്റുപറയുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ഇരുവരെയും തിരുത്താൻ തയാറായതുമില്ല.
ഇതെല്ലാം കേട്ടു സിന്ധു പകച്ചുനിൽക്കുമ്പോൾ ഖാനും മറ്റുള്ളവരും സ്ത്രീസുരക്ഷയെപ്പറ്റി അതിഗംഭീര പ്രസംഗം നടത്തുകയായിരുന്നു. എന്തായാലും ഈ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നത്തോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒളിംപിക്സ് മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം രാജ്യാന്തരവേദിയിൽ കാത്തുസൂക്ഷിച്ച സിന്ധുവിനു തെലങ്കാന സർക്കാർ അഞ്ചുകോടി രൂപ സമ്മാനമായി നൽകി ആദരിച്ചിരുന്നു.