ചെന്നൈ ∙ രാംകോ ഗ്രൂപ്പ് ചെയർമാൻ പി.ആർ. രാമസുബ്രഹ്മണ്യരാജ (പിആർആർ– 80) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. സംസ്കാരം ജന്മനാടായ രാജപാളയത്ത് ഇന്നു 11ന്.
ക്ഷിണേന്ത്യയിലെ രണ്ടാമത്തെയും രാജ്യത്തെ അഞ്ചാമത്തെയും വലിയ സിമന്റ് കമ്പനിയായ രാംകോയ്ക്കു പുറമെ രാംകോ ഇൻഡസ്ട്രീസ്, രാജപാളയം മിൽസ്, രാംകോ സിസ്റ്റംസ് തുടങ്ങി എട്ടു സ്ഥാപനങ്ങളുടെ ചെയർമാനും മറ്റു 12 സ്ഥാപനങ്ങളുടെ ഡയറക്ടറുമാണു രാമസുബ്രഹ്മണ്യ രാജ.
രാംകോ ഗ്രൂപ്പിന് അടിത്തറ പാകിയ പി.എ.സി. രാമസ്വാമി രാജയാണു പിതാവ്. മദ്രാസ് ലയോള കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടിയ പിആർആർ, ചെന്നൈയിലെ ബ്രിട്ടീഷ് ടെക്സ്റ്റൈൽ മില്ലിൽ അപ്രന്റീസ് ആയാണു ജോലി തുടങ്ങിയത്.
സാധാരണ തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തു പഠിച്ച ശേഷമാണു പിതാവ് അദ്ദേഹത്തെ കമ്പനിയിലെ മുഖ്യചുമതലകൾ ഏൽപിച്ചു തുടങ്ങിയത്. 1961ലാണു മദ്രാസ് സിമന്റ് ലിമിറ്റഡ് (ഇപ്പോഴത്തെ രാംകോ സിമന്റ്സ്) ആരംഭിച്ചത്. അതേവർഷം പിതാവ് മരിച്ചതോടെ പിആർആർ 27–ാം വയസ്സിൽ രാംകോ ഗ്രൂപ്പ് കമ്പനികളുടെ സാരഥ്യമേറ്റെടുത്തു.
സിമന്റ് ഉൽപാദനത്തിൽ വെറ്റ് പ്രോസസിങ്ങിനു പകരം ഡ്രൈ പ്രോസസ് സാങ്കേതികവിദ്യയും ഫ്ലൈ ആഷിൽനിന്നു സിമന്റ് ഉൽപാദിപ്പിക്കുന്ന സാങ്കേതികവിദ്യയും അവതരിപ്പിച്ചതു രാമസുബ്രഹ്മണ്യ രാജയാണ്. ഉൽപാദനം ഇരട്ടിയായതിനു പുറമെ ഇന്ധനച്ചെലവും മലിനീകരണവും കുറഞ്ഞു.
സിമന്റിനു പുറമെ, നൂൽ, ടെക്സ്റ്റൈൽസ്, റൂഫിങ് ഷീറ്റ്, ഇഷ്ടിക, സോഫ്‍റ്റ്‍വെയർ, സ്റ്റേഷനറി ആൻഡ് ഓഫിസ് സപ്ലൈസ്, പ്രിന്റിങ്, കാറ്റിൽനിന്നു വൈദ്യുതി തുടങ്ങിയ മേഖലകളിൽ രാംകോ ഗ്രൂപ്പ് ഇന്നു ശ്രദ്ധേയസാന്നിധ്യമാണ്.
കൃത്രിമ നാരുകൾ ഉപയോഗിച്ച് നോൺ– ആസ്ബസ്റ്റോസ് ഷീറ്റുകൾ ആദ്യമായി വിപണിയിലിറക്കി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും രാംകോ ഫാക്ടറികളുണ്ട്.
സാമൂഹികസേവനത്തിലും മുൻപന്തിയിലായിരുന്നു പിആർആർ. അദ്ദേഹം നേതൃത്വം നൽകുന്ന ട്രസ്റ്റുകൾക്കു കീഴിൽ എൻജിനീയറിങ് കോളജ്, പോളിടെക്നിക്കുകൾ, ഐടിഐകൾ, സ്കൂളുകൾ, വേദപാഠശാലകൾ, ആദിവാസി ഹോസ്റ്റൽ, ആശുപത്രികൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും പ്രവർത്തിക്കുന്നു.
ഭാര്യ: ആർ. സുദർശനം. മക്കൾ: പി.ആർ. െവങ്കട്ട രാമരാജ (രാംകോ സിസ്റ്റംസ് മേധാവി), നളിന രാമലക്ഷ്മി (എംഡി, രാമരാജു സർജിക്കൽ കോട്ടൺ മിൽസ്), ശാരദാ ദീപ.