ന്യൂഡൽഹി∙ ഇന്ത്യയിൽ മുസ്‌ലിംകൾ അരക്ഷിതരാണെന്ന സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുടെ പരാമർശം വിവാദമായി. രാജ്യസഭ ഉപരാഷ്‌ട്രപതിക്കു വിടചൊല്ലിയ വേളയിൽ വാക്കിലും പ്രവൃത്തിയിലും നീരസം വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നര മണിക്കൂർ മുൻപേ സഭ വിട്ടു. എന്നാൽ, പ്രതിപക്ഷ വിമർശനമില്ലെങ്കിൽ ജനാധിപത്യം സ്വേച്ഛാധിപത്യമായി മാറാമെന്ന് ആദ്യ ഉപരാഷ്‌ട്രപതി ഡോ.എസ്.രാധാകൃഷ്‌ണന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ഹാമിദ് അൻസാരിയുടെ മറുപടിപ്രസംഗം.
രാജ്യത്തു മുസ്‌ലിംകൾ അരക്ഷിതരാണെന്നും പൗരന്മാരുടെ ദേശീയബോധം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ലെന്നും കഴിഞ്ഞ ദിവസം രാജ്യസഭാ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് അൻസാരി പറഞ്ഞത്. പുതിയ ഉപരാഷ്‌ട്രപതിയായി സ്‌ഥാനമേൽക്കുന്ന എം. വെങ്കയ്യ നായിഡുവും സംഘ്‌പരിവാർ സംഘടനകളും അൻസാരിക്കെതിരെ രംഗത്തുവന്നു.
രാവിലെ 11നാണു രാജ്യസഭയിൽ അൻസാരിക്കു യാത്രയയപ്പു നൽകിയത്. ആദ്യം പ്രസംഗിക്കേണ്ടിയിരുന്ന പ്രധാനമന്ത്രി അല്‌പം വൈകി മാത്രമാണു സഭയിൽ എത്തിയത്. അതുകൊണ്ടുതന്നെ, ഉപരാഷ്‌ട്രപതിയുടെ മറുപടി പ്രസംഗത്തിനുമുൻപു മാത്രം പ്രസംഗിക്കേണ്ടിയിരുന്ന സഭാനേതാവ് അരുൺ ജയ്‌റ്റ്‌ലി ആദ്യം പ്രസംഗിച്ചു. രണ്ടാമതു പ്രസംഗിച്ച പ്രധാനമന്ത്രി, അൻസാരിയെക്കുറിച്ചു നല്ല വാക്കുകൾ പറഞ്ഞു. ഒപ്പം, ഇങ്ങനെയും: ‘അങ്ങയുടെ മനസിൽ ചില സംഘർഷങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഇനി അത്തരമൊരു വിഷമസാഹചര്യം വേണ്ട. അങ്ങേക്കു സ്വാതന്ത്ര്യമുണ്ടാവും, അങ്ങയുടെ പ്രത്യയശാസ്‌ത്രമനുസരിച്ച് പ്രവർത്തിക്കാനും ചിന്തിക്കാനും സംസാരിക്കാനും സാധിക്കും.’ യാത്രയയപ്പ് ഒരുമണി വരെ നീണ്ടെങ്കിലും അൻസാരിയുടെ പ്രസംഗം കേൾക്കാതെ 11.30നു പ്രധാനമന്ത്രി സഭയിൽനിന്നു പോയി.
പ്രതിപക്ഷത്തിനു സർക്കാരിന്റെ നയങ്ങളെ സ്വതന്ത്രമായി വിമർശിക്കാവുന്ന സാഹചര്യം അനുപേക്ഷണീയമാണെന്നു മറുപടി പ്രസംഗത്തിൽ ഹാമിദ് അൻസാരി പറഞ്ഞു: ‘ജനാധിപത്യത്തെ വേറിട്ടുനിർത്തുന്നതു ന്യൂനപക്ഷങ്ങൾക്കു നൽകുന്ന സംരക്ഷണമാണ്.’–അൻസാരി പറഞ്ഞു.
ഹാമിദ് അൻസാരിയുടെ പരാമർശം തള്ളി ബിജെപിയും വിഎച്ച്പിയും
ന്യൂഡൽഹി∙ ഇന്ത്യയിൽ മുസ്‌ലിംകൾ അരക്ഷിതരാണെന്ന ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ പരാമർശത്തെ നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിപ്പറഞ്ഞു.
ബിജെപിയും വിഎച്ച്പിയും ഹാമിദ് അൻസാരിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
ന്യൂനപക്ഷങ്ങൾ സുരക്ഷിതർ: വെങ്കയ്യ നായിഡു
ഇന്ത്യയിൽ മുസ്‌ലിംകൾ അരക്ഷിതരാണെന്നതു രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾ ഇന്ത്യയിലാണ് ഏറ്റവും സുരക്ഷിതർ. ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള ജനങ്ങളും ഇന്ത്യയിലാണ്.
രാജ്യത്തു ന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനമില്ലെന്നു ചരിത്രം തെളിയിച്ചതാണ്. ഇന്ത്യ മതനിരപേക്ഷമായതു രാഷ്ട്രീയ നേതാക്കളെക്കൊണ്ടല്ല, ജനങ്ങളും സംസ്കാരവും കാരണമാണ്.
രാഷ്ട്രീയാഭയം തേടുന്നു: കൈലാഷ് വിജയവർഗിയ
(ബിജെപി ദേശീയ ജനറൽ സെക്രട്ടറി)
ഉപരാഷ്ട്രപതി ഹാമിദ് അൻസാരി വിരമിച്ചതിനുശേഷമുള്ള രാഷ്ട്രീയാഭയം തേടുകയാണ്. പരാമർശത്തെ അപലപിക്കുന്നു. ഉപരാഷ്ട്രപതിയുടെ അന്തസ്സിനു ചേരുന്നതല്ല ഇത്തരം പരാമർശങ്ങൾ.
രാജ്യത്തെ വിഭജിക്കുന്ന സന്ദേശം: സുരേന്ദ്ര ജെയിൻ
(വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി)
വിരമിക്കുന്ന ദിവസം അൻസാരി രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള സന്ദേശം നൽകിയതു ലജ്ജാകരമാണ്. രാജ്യത്തോടു മാപ്പുപറയണം. മുഹമ്മദലി ജിന്നയുടെ പുതിയ അവതാരമായി രാജ്യത്തെ മുസ്‌ലിംകളുടെ നേതൃത്വം ഏറ്റെടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണ വിവരങ്ങൾ പരസ്യമാക്കിയതു സത്യപ്രതിജ്ഞാ ലംഘനവുമാണ്.