ന്യൂഡൽഹി ∙ ഇന്ത്യ - പാക്ക് വിഭജനത്തിൽ പാക്കിസ്ഥാനൊപ്പം ഇന്ത്യയ്ക്കും തുല്യപങ്കാളിത്തമുണ്ടെന്നു പ്രസ്താവന നടത്തിയ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി മാപ്പു പറയണമെന്ന് ബിജെപി. പത്തു വർഷം ഉപരാഷ്ട്രപതിയായിരുന്നിട്ടും, മുസ്‌ലിം എന്ന നിലയിൽ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നെന്നു പറഞ്ഞ ആളാണ് അൻസാരിയെന്നും ബിജെപി വക്താവ് സാമ്പിത് പത്ര പറഞ്ഞു.
1947 ലെ വിഭജനത്തിൽ ഇന്ത്യക്കും തുല്യ പങ്കാളിത്തമുണ്ടെന്ന് ശനിയാഴ്ചയാണ് അൻസാരി പ്രസ്താവന നടത്തിയത്. ‘വിഭജനത്തിൽ നമുക്കും തുല്യപങ്കാണെന്ന് സമ്മതിക്കാൻ നാം തയാറല്ല. അതിർത്തിക്കപ്പുറത്തുള്ളവരോ ബ്രിട്ടിഷുകാരോ ആണ് അതിനുത്തരവാദികൾ എന്നു വിശ്വസിക്കാനാണ് ആളുകൾക്കിഷ്ടം. ഇന്ത്യക്കും ഇന്ത്യക്കാർക്കും അതിൽ പങ്കുണ്ടെന്നു സമ്മതിക്കാൻ ആരും തയാറല്ല’ - അൻസാരി പറഞ്ഞു.
ബിജെപി മുൻപും അൻസാരിക്കെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. 2015 ലെ രാജ്യാന്തര യോഗാദിനാചരണത്തിൽ അൻസാരിയുടെ അസാന്നിധ്യത്തെ ബിജെപി നേതാവ് രാം മാധവ് ചോദ്യം ചെയ്തിരുന്നു. 2017 ൽ രാജ്യസഭയിൽ അൻസാരിക്കു നൽകിയ യാത്രയയപ്പിൽ, അദ്ദേഹത്തെ ചിന്താരീതികളെ രൂപപ്പെടുത്തിയത് മുസ്‌ലിം രാജ്യങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥനായി ചെലവിട്ട കാലഘട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.