ന്യൂഡൽഹി∙ ഇന്ത്യ വിഭജിക്കപ്പെട്ടതിനു കാരണക്കാർ പാക്കിസ്ഥാനും ബ്രിട്ടനും മാത്രമല്ലെന്നും ഇന്ത്യയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ഇന്ത്യയെ ഒരുമിച്ചു നിർത്തുന്നതിന് വിഭജനം അനിവാര്യമായിരുന്നുവെന്ന് സർദാർ പട്ടേൽ പറഞ്ഞിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു 4 നാൾ മുൻപ് 1947 ഓഗസ്റ്റ് 11ന് സർദാർ പട്ടേൽ നടത്തിയ പ്രസംഗമാണ് അൻസാരി ചൂണ്ടിക്കാട്ടിയത്. ഏറെ വിചിന്തനത്തിനു ശേഷമാണ് താൻ ഈ കടുത്ത തീരുമാനം എടുക്കുന്നതെന്നും വിഭജനത്തോടു ശക്തമായ എതിർപ്പുള്ളപ്പോഴും ഇന്ത്യയെ തുടർന്ന് ഒന്നിപ്പിച്ചു നിർത്താൻ വിഭജനം അനിവാര്യമെന്നു ബോധ്യമായതായും പട്ടേൽ പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയമാറ്റങ്ങളുണ്ടായതോടെ വിഭജനത്തിന് ആരെയെങ്കിലും പഴിക്കേണ്ടത് ആവശ്യമായി വന്നു. പഴി മുഴുവൻ മുസ്‍ലിംകളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്തു– അൻസാരി പറഞ്ഞു.
അൻസാരിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.