അബു സലേമിന്റെ കാമുകിയായിരുന്ന നടി മോണിക്ക ബേദി(42)യെ ലിസ്‌ബനിൽ സലേമിനൊപ്പമാണ് ഇന്റർപോൾ അറസ്റ്റ് ചെയ്തത്. വ്യാജ പാസ്‌പോർട്ട് കേസിൽ രണ്ടു വർഷത്തിലേറെ തടവുശിക്ഷ അനുഭവിച്ച മോണിക്ക ഇപ്പോൾ ടിവി – പഞ്ചാബി സിനിമാ രംഗത്തു സജീവമാണ്. വ്യാജ പാസ്‌പോർട്ട് കേസിൽ ആന്ധ്രപ്രദേശിലെ സെഷൻസ് കോടതി മോണിക്കയെ അഞ്ചു വർഷം തടവിനാണു ശിക്ഷിച്ചതെങ്കിലും ഹൈക്കോടതി ശിക്ഷ മൂന്നു വർഷമായി ചുരുക്കുകയായിരുന്നു.
പഞ്ചാബിൽ ജനിച്ച മോണിക്ക ബേദി മാതാപിതാക്കൾക്കൊപ്പം നോർവേയിലേക്കു കുടിയേറിയെങ്കിലും ഇരുപതാം വയസ്സിൽ ഇന്ത്യയിൽ തിരിച്ചെത്തി തൊണ്ണൂറുകളിൽ ഹിന്ദി സിനിമാരംഗത്തു സജീവമായി. ദുബായിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 1998ൽ അബു സലേം മോണിക്കയെ ഫോണിൽ വിളിച്ചു. ദുബായിലുള്ള ഇരുവരുടെയും കൂടിക്കാഴ്ച പ്രേമബന്ധത്തിനു തുടക്കമായി.