മുംബൈ∙ ചലച്ചിത്രതാരം സഞ്ജയ് ദത്തിന്റെ ജീവിതം ആധാരമാക്കി നിർമിച്ച ഹിന്ദി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അധോലോക നായകൻ അബു സലേമിന്റെ വക്കീൽ നോട്ടിസ്. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ സിനിമയിലൂടെ പ്രചരിപ്പിച്ചതിനാണ് അബു സലേം വക്കീൽ നോട്ടീസ് അയച്ചത്. ഈ സീനുകൾ ചിത്രത്തിൽനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ 29നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ ഹിരാനി, നിർമാതാവ് വിധു വിനോദ് ചോപ്ര, ചിത്രത്തിന്റെ നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കമ്പനികൾ എന്നിവർക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം താനുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നീക്കിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തിയതിനു കേസ് ഫയൽ ചെയ്യുമെന്നും നോട്ടിസിലുണ്ട്.
1993 കാലഘട്ടത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷം രൂക്ഷമായതിനെ തുടർന്ന് താൻ ആയുധങ്ങൾ കൈവശം വച്ചിരുന്നതായി പൊലീസിന് നൽകിയ മൊഴിയിൽ സഞ്ജയ് ദത്തായി വേഷമിടുന്ന രൺബീർ കപൂർ വ്യക്തമാക്കുന്നുണ്ട്. അബു സലേമിൽനിന്നാണു താൻ ആയുധങ്ങൾ സ്വന്തമാക്കിയതെന്നാണു മൊഴി.
എന്നാൽ, തന്റെ കക്ഷി സഞ്ജയ് ദത്തിനെ കാണുകയോ ആയുധങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തെറ്റിദ്ധാരണ പരത്തുന്ന ഈ സീൻ സിനിമയിൽനിന്ന് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് അബു സലേം.