ന്യൂഡൽഹി ∙ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അബു സലേമിന് ഏഴുവർഷം തടവ്. സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് സ്വദേശി അശോക് ഗുപ്തയെ ഭീഷണിപ്പെടുത്തി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട കേസിലാണു ശിക്ഷ. അബു സലേം കുറ്റക്കാരനാണെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി തരുൺ ഷെഖാവത്ത് കഴിഞ്ഞ 26നു വിധിച്ചിരുന്നു. 10,000 രൂപ പിഴയും നൽകണം. മറ്റു പ്രതികളായ ചഞ്ചൽ മേത്ത, മജീദ് ഖാൻ, പവൻകുമാർ മിത്തൽ, മുഹമ്മദ് അഷ്റഫ് എന്നിവരെ തെളിവില്ലാത്തതിനാൽ വിട്ടയച്ചിരുന്നു. 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവിലാണ് അബു സലേം.
ബോളിവുഡ് നിർമാതാക്കളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് അബു സലേം. ഗുൽഷൻകുമാർ വധം, നടി മനീഷ കൊയ്‌രാളയുടെ സെക്രട്ടറി അജിത് ദേവാനിയുടെ കൊലപാതകം തുടങ്ങി അറുപതിലധികം കേസുകളിൽ പ്രതിയായ അബു സലേമിനെ 2002ൽ പോർച്ചുഗലിൽ നിന്നാണു പിടികൂടിയത്.